ലിജോ ജോസ് പെല്ലിശ്ശേരിയും മമ്മൂട്ടിയും ഒന്നിക്കുന്നു; ‘നൻപകൽ നേരത്ത് മയക്കം’ ചിത്രീകരണം ആരംഭിച്ചു

ലിജോ ജോസ് പെല്ലിശ്ശേരിയും മമ്മൂട്ടിയും ഒന്നിക്കുന്ന ‘നൻപകൽ നേരത്ത് മയക്കം’ എന്ന സിനിമയുടെ ചിത്രീകരണം വേളാങ്കണ്ണിയിൽ ആരംഭിച്ചു. ദേശീയ പുരസ്കാരങ്ങൾ അടക്കം നേടിയ ലിജോ ചിത്രം ജല്ലിക്കട്ടിൻ്റെ സഹ തിരക്കഥാകൃത്തും ലിജോയുടെ തന്നെ ചുരുളിയുടെ തിരക്കഥാകൃത്തുമായ എസ് ഹരീഷാണ് ഈ സിനിമയ്ക്കും തിരക്കഥയൊരുക്കുന്നത്. ലിജോയുടേതാണ് കഥ. മമ്മൂട്ടിയുടെ പുതിയ നിർമാണക്കമ്പനിയായ മമ്മൂട്ടി കമ്പനിയും ലിജോ ജോസിൻ്റെ ആമേൻ മുവി മൊണാസ്ട്രിയും ചേർന്നാണ് സിനിമ നിർമ്മിക്കുക. (mammootty lijo jose pellissery)
പേരൻപ്, കർണൻ തുടങ്ങിയ ചിത്രങ്ങളുടെ ക്യാമറ കൈകാര്യം ചെയ്ത തേനി ഈശ്വറാണ് ചിത്രത്തിൻ്റെ ഛായാഗ്രാഹകൻ. തമിഴ്നാട് ആണ് സിനിമയുടെ പശ്ചാത്തലം. സിനിമയിൽ തമിഴ്, മലയാളം സംഭാഷണങ്ങൾ ഉണ്ടാവും.
ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം ചുരുളി ഓടിടി റിലീസിന് ഒരുങ്ങുന്നുവെന്ന് സൂചനയുണ്ട്. ചിത്രം ആമസോൺ പ്രൈമിലൂടെ പ്രേക്ഷകരിലേക്ക് എത്തുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ലിജോ ജോസ് പെല്ലിശ്ശേരിസ് മൂവി മൊണാസ്ട്രിയും ചെമ്പോസ്കിയും ഒപസ് പെന്റയും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.
ഒരു കാടാണ് ചിത്രത്തിന്റെ പശ്ചാത്തലം.19 ദിവസം കൊണ്ട് ചിത്രീകരണം പൂർത്തിയാക്കിയ ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് എസ് ഹരീഷാണ്. ജോജു, ചെമ്പൻ വിനോദ്, വിനയ് ഫോർട്ട് തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാനതാരങ്ങൾ.
ഇരുപത്തിയഞ്ചാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ (ഐ.എഫ്.എഫ്.കെ) പ്രേക്ഷകപ്രീതി നേടിയ ചിത്രമായി ചുരുളി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
Story Highlights : mammootty lijo jose pellissery movie