Advertisement

‘കീടം’ സിനിമയുടെ ലൊക്കേഷനിലേക്ക് യൂത്ത് കോൺഗ്രസ് പ്രതിഷേധം

November 8, 2021
Google News 2 minutes Read
youth congress protest movie

സിനിമാ ലൊക്കേഷനിലേക്ക് വീണ്ടും യൂത്ത് കോൺഗ്രസിൻ്റെ പ്രതിഷേധം. എറണാകുളം പുത്തൻകുരിശിൽ ചിത്രീകരിക്കുന്ന ശ്രീനിവാസൻ നായകനായ ‘കീടം’ എന്ന സിനിമയുടെ സെറ്റിലേക്കാണ് യൂത്ത് കോൺഗ്രസ് പ്രതിഷേധ മാർച്ച് നടത്തിയത്. കോൺഗ്രസിൻ്റെ ജനകീയ പോരാട്ടങ്ങൾക്കെതിരെ നടക്കുന്ന എല്ലാ നടപടികളെയും എതിർക്കും എന്ന മുദ്രാവാക്യത്തോടെയായിരുന്നു പ്രതിഷേധം. ഇതോടെ ഷൂട്ടിംഗ് തടസ്സപ്പെട്ടു. (youth congress protest movie)

ഇന്നലെ, ഷാജി കൈലാസ് ചിത്രത്തിൻ്റെ സെറ്റിലേക്കും പ്രതിഷേധവുമായി കോൺഗ്രസ് പ്രവർത്തകർ എത്തിയിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിൽ ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ പ്രതിപക്ഷ നേതാവിനു കത്തയച്ചിരുന്നു. ഒരു വ്യക്തിയോടുള്ള വൈരാഗ്യം ഒരു കലാരൂപത്തോട് തീർക്കരുത്. അതിനാൽ, ഇത്തരം പ്രതിഷേധ മാർച്ചുകളെ തടയാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് അദ്ദേഹം കത്തിലൂടെ ആവശ്യപ്പെട്ടിരുന്നു. സിനിമ പ്രവര്‍ത്തകന്‍ ഒറ്റപ്പെടരുതെന്ന് കരുതിയാണ് വിഷയത്തില്‍ ഇടപെട്ടത്. കോണ്‍ഗ്രസിന്റെ ജില്ലാ നേതൃത്വം ജോജു ജോര്‍ജുമായി നടത്തിയ ഒത്തുതീര്‍പ്പ് ചര്‍ച്ച അട്ടിമറിച്ചത് താനല്ലെന്നും ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന്‍ കത്തില്‍ പരാമര്‍ശിച്ചു.

Read Also : നടൻ ജോജു ജോർജിന്റെ കാർ തകർത്ത കേസ്; ടോണി ചമ്മിണി ഉൾപ്പടെയുള്ളവർ കീഴടങ്ങി

അതേസമയം, നടൻ ജോജു ജോർജിന്റെ കാർ തകർത്ത കേസിലെ പ്രതികളായ കോൺഗ്രസ് പ്രവർത്തകർ കീഴടങ്ങി. കേസ് റജിസ്റ്റർ ചെയ്തിരിക്കുന്ന മരട് പൊലീസ് സ്റ്റേഷനിലേക്ക് പ്രകടനമായി എത്തിയാണ് കൊച്ചി മുൻമേയർ ടോണി ചമ്മിണി ഉൾപ്പടെയുള്ളവർ കീഴടങ്ങിയത്. കോണ്‍ഗ്രസ് നേതൃത്വത്തിന്റെ തീരുമാനം അനുസരിച്ചാണ് പ്രതികൾ കീഴടങ്ങുന്നത്.

ജോജു ജോർജ് തങ്ങളുടെ സമരത്തെ അലങ്കോലപ്പെടുത്താൻ ശ്രമിച്ചെന്ന് ടോണി ചമ്മിണി പ്രതികരിച്ചു. ജോജു ജോർജ് സിപിഐഎമ്മിന്റെ കരുവായെന്നും ഒത്തുതീർപ്പിനെ സിപിഐഎം അട്ടിമറിച്ചുവെന്നും അദ്ദേഹം ആരോപിച്ചു. സംവിധായകൻ ബി ഉണ്ണികൃഷ്‌ണൻ സമരത്തെ അട്ടിമറിക്കാൻ ശ്രമിച്ചു. കോൺഗ്രസിന്റെ സമരമായതുകൊണ്ടാണ് ജോജു പ്രതികരിച്ചതെന്ന് പറഞ്ഞ അദ്ദേഹം തങ്ങൾക്കെതിരായ പരാതി വ്യാജമാണെന്നും കൂട്ടിച്ചേർത്തു. ഇതിനിടെ കള്ളക്കേസെടുത്ത നടപടിക്കെതിരെ കോൺഗ്രസ് പകരം ചോദിക്കുമെന്ന് എറണാകുളം ഡിസിസി അധ്യക്ഷൻ മുഹമ്മദ് ഷിയാസും പ്രതികരിച്ചു.

ഇന്ധന വിലക്കയറ്റത്തിനെതിരെ യൂത്ത് കോൺഗ്രസ് നടത്തിയ സമരത്തെ ജോജു ജോർജ് ചോദ്യം ചെയ്തതിനു പിന്നാലെയാണ് കോൺഗ്രസും സിനിമാപ്രവർത്തകരും തമ്മിലുള്ള തുറന്ന പോര് ആരംഭിച്ചത്.

Story Highlights : youth congress protest movie location

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here