തകർത്തടിച്ച് സഞ്ജുവും സച്ചിനും; മധ്യപ്രദേശിനെതിരെ വമ്പൻ ജയത്തോടെ കേരളം പ്രീ ക്വാർട്ടറിൽ

സയ്യിദ് മുഷ്താഖ് അലി അവസാന ഗ്രൂപ്പ് മത്സരത്തിൽ മധ്യപ്രദേശിനെതിരെ കേരളത്തിന് തകർപ്പൻ ജയം. മികച്ച താരങ്ങൾ അടങ്ങിയ മധ്യപ്രദേശിലെ 8 വിക്കറ്റിനാണ് കേരളം തകർത്തത്. മധ്യപ്രദേശ് മുന്നോട്ടുവച്ച 172 റൺസ് വിജയലക്ഷ്യം വെറും 18 ഓവറിൽ 2 വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി കേരളം മറികടന്നു. കേരളത്തിനായി ക്യാപ്റ്റൻ സഞ്ജു സാംസണും സച്ചിൻ ബേബിയും ഫിഫ്റ്റിയടിച്ചു. 33 പന്തിൽ 56 റൺസടിച്ച സഞ്ജു ടോപ്പ് സ്കോററായപ്പോൾ സച്ചിൻ 27 പന്തിൽ 51 റൺസ് നേടി. ഇരുവരും നോട്ടൗട്ടാണ്. (kerala madhya pradesh mushtaq)
നിർണായക മത്സരത്തിൽ 58 റൺസിൻ്റെ ആദ്യ വിക്കറ്റ് കൂട്ടുകെട്ടുയർത്തിയ രോഹൻ കുന്നുമ്മലും മുഹമ്മദ് അസ്‌ഹറുദ്ദീനും ചേർന്ന് കേരളത്തിന് മികച്ച തുടക്കം നൽകി. തുടർച്ചയായ ഓവറുകളിൽ രോഹനും (29) അസ്‌ഹറുദ്ദീനും (21) പുറത്തായതിനു പിന്നാലെയത്തിയ സഞ്ജു ആദ്യ പന്ത് മുതൽ ആക്രമിച്ച് കളിച്ചപ്പോൾ സച്ചിൻ സാവധാനം ആക്രമണത്തിൻ്റെ പാതയിലെത്തി. ഐപിഎലിലെ മികച്ച പ്രകടനങ്ങളുടെ അടിസ്ഥാനത്തിൽ ദേശീയ ശ്രദ്ധ നേടിയ അവേഷ് ഖാനും വെങ്കിടേഷ് അയ്യരും ഉൾപ്പെടുന്ന ആക്രമണ നിരയെ നിസ്സാരമായാണ് സഖ്യം നേരിട്ടത്. സഞ്ജു 27 പന്തിലും സച്ചിൻ 26 പന്തിലും ഫിഫ്റ്റി നേടി. 4 ബൗണ്ടറികളും 3 സിക്സറും വീതമായിരുന്നു ഇരുവരുടെയും ഇന്നിംഗ്സ്.
Read Also : തകർപ്പൻ ഫിഫ്റ്റിയുമായി രജത് പാട്ടിദാർ; കേരളത്തിനെതിരെ മധ്യപ്രദേശിന് മികച്ച സ്കോർ
തകർപ്പൻ ജയത്തോടെ കേരളം പ്രീ ക്വാർട്ടറിലെത്തി. എലീറ്റ് ഗ്രൂപ്പ് ഡിയിൽ കേരളത്തിനും മധ്യപ്രദേശിനും 12 പോയിൻ്റ് വീതമുണ്ടെങ്കിലും ഗ്രൂപ്പിൽ പരസ്പരം ഏറ്റുമുട്ടിയപ്പോൾ ജയിച്ചതിനാൽ കേരളം പ്രീക്വാർട്ടർ യോഗ്യത നേടുകയായിരുന്നു. 16 പോയിൻ്റുള്ള രാജസ്ഥാൻ പട്ടികയിൽ ഒന്നാമതാണ്. പ്രീക്വാർട്ടറിൽ ഹിമാചൽ പ്രദേശ് ആണ് കേരളത്തിൻ്റെ എതിരാളികൾ.
ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ മധ്യപ്രദേശ് നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ടപ്പെടുത്തി 171 റൺസ് നേടി. 49 പന്തിൽ 77 റൺസെടുത്ത ആർസിബി താരം രജത് പാട്ടിദാറാണ് മധ്യപ്രദേശിൻ്റെ ടോപ്പ് സ്കോറർ. കേരളത്തിനായി എംഎസ് അഖിൽ രണ്ട് വിക്കറ്റ് വീഴ്ത്തി.
Story Highlights : kerala won madhya pradesh syed mushtaq ali trophy
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here