കസ്റ്റഡിയിലിരിക്കെ യുവാവ് മരിച്ച നിലയിൽ; കൊലപാതകമെന്ന് കുടുംബം

ഉത്തര്‍പ്രദേശിൽ പൊലീസ് കസ്റ്റഡിയിലിരിക്കെ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. കസ്ഗഞ്ചിലെ സദര്‍ കോട്വാലി പൊലീസ് സ്റ്റേഷനിലാണ് സംഭവം. ആത്മഹത്യയാണെന്നാണ് പൊലീസ് ഭാഷ്യം. എന്നാല്‍ കൊലപാതകമാണെന്ന് കുടുംബം ആരോപിച്ചു. സംഭവത്തില്‍ അഞ്ച് പൊലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു.
അല്‍ത്താഫ് എന്ന 22കാരനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. യുവതിയുമായി ഒളിച്ചോടിയ കേസില്‍ ചോദ്യം ചെയ്യലിനാണ് ഇയാളെ വിളിച്ചുവരുത്തിയത്. മൂത്രമൊഴിക്കാന്‍ പോകണമെന്ന് പറഞ്ഞ യുവാവ് അഞ്ച് മിനിറ്റ് കഴിഞ്ഞിട്ടും തിരിച്ചെത്താത്തതിനെ തുടര്‍ന്ന് അകത്തുകയറിയപ്പോഴാണ് തൂങ്ങിയ നിലയില്‍ കണ്ടതെന്ന് പൊലീസ് പറഞ്ഞു.
യുവാവ് ധരിച്ച ജാക്കറ്റിലെ വള്ളി ടാപ്പിലെ പൈപ്പില്‍ കൊളുത്തിയാണ് തൂങ്ങിയത്. അബോധവസ്ഥയിലായ യുവാവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ലെന്നും പൊലീസ് വ്യക്തമാക്കി. സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് രംഗത്തെത്തി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here