Advertisement

ഇന്ന് കിഫ്ബി ദിനം; കിഫ്ബി രൂപീകൃതമായിട്ട് 22 വർഷം

November 11, 2021
Google News 1 minute Read
kiifb celebrates 22 years

ഇന്ന് കിഫ്ബി ദിനം. 1999 നവംബർ 11ന് ആണ് കിഫ്ബി രൂപീകൃതമാകുന്നത്. സംസ്ഥാനവികസനത്തിൽ സർക്കാർ ഏൽപ്പിക്കുന്ന ദൗത്യങ്ങൾ പ്രതിബദ്ധതയോടെ ഏറ്റെടുത്തു നടപ്പാക്കുകയാണ് കിഫ്ബിയുടെ ചുമതല. അറുപത്തിനാലായിരത്തി മുന്നൂറ്റി മുപ്പത്തെട്ട് കോടി രൂപയുടെ 918 പദ്ധതികൾക്കാണ് കിഫ്ബി ബോർഡ് ഇതുവരെ ധനാനുമതി നൽകിയിട്ടുള്ളത്. ( kiifb celebrates 22 years )

കിഫ്ബി ദിനാചരണത്തോടനുബന്ധിച്ചുള്ള ഉദ്ഘാടന ചടങ്ങുകളിൽ ധനമന്ത്രി കെ.എൻ.ബാലഗോപാലും പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസും ഭാഗമായി. കിഫ്ബി ആസ്ഥാനത്ത് സിഇഒ ഡോ.കെ.എം.എബ്രഹാം വിളക്ക് കൊളുത്തും. തുടർന്ന് കിഫ്ബി ജീവനക്കാർ രക്തദാനം നടത്തും.

അടിസ്ഥാനസൗകര്യ വികസനത്തിൽ ദശാബ്ധങ്ങൾ പിന്നിലായി പോയ സംസ്ഥാനമാണ് കേരളം. അടിസ്ഥാന സൗകര്യവികസനത്തിൽ ഉണ്ടായ ഈ വലിയ വിടവ് നികത്താനുള്ള വലിയ യത്‌നത്തിനാണ് 2016 ൽ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ അധികാരമേറ്റെടുത്ത സർക്കാർ തുടക്കം കുറിച്ചത്. 2016 ലെ ഭേദഗതി ആക്ടിലൂടെ ശാക്തീകരിച്ച കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് ബോർഡ് അഥവാ കിഫ്ബിയെ ആണ് ഈ മഹാദൗത്യത്തിന് കഴിഞ്ഞ സർക്കാർ ഉപകരണമാക്കിയത്. തുടർന്ന് ചരിത്രത്തിൽ സമാനതകളില്ലാത്ത വികസനമുന്നേറ്റത്തിനാണ് സംസ്ഥാനം സാക്ഷ്യം വഹിച്ചതെന്ന് ധനമന്ത്രി തോമസ് ഐസക്ക് പറഞ്ഞു. അതിന്റെ തുടർദൗത്യങ്ങളാണ് ഇപ്പോഴും കിഫ്ബി വഴി നടപ്പാക്കിക്കെണ്ടിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

64338 കോടി രൂപയുടെ 918 പദ്ധതികൾക്കാണ് കിഫ്ബി ധനാനുമതി നൽകിയിട്ടുള്ളത്. ഇതിൽ 20000 കോടി രൂപ വിവിധ സ്ഥലമേറ്റടുക്കൽ പദ്ധതികൾക്കാണ് വകയിരുത്തിയിട്ടുള്ളത്. ദേശീയ പാതാ വികസനം,വിവിധ വ്യവസായ ഇടനാഴികൾ ,വ്യവസായ പാർക്കുകൾ എന്നിവയ്ക്കുവേണ്ടിയുള്ള സ്ഥലമേറ്റെടുക്കൽ ഇതിൽ ഉൾപ്പെടുന്നു. 918 പദ്ധതികളിൽ എണ്ണത്തിലും തുകയിലും മുന്നിൽ നിൽക്കുന്നത് പൊതുമരാമത്ത് വകുപ്പിന് കീഴിൽ വരുന്ന പദ്ധതികളാണ്. 18146 കോടി രൂപയ്ക്കുള്ള 392 പദ്ധതികൾക്കാണ് പൊതുമരാമത്ത് വകുപ്പിന് കീഴിൽ ധനാനുമതി ആയിട്ടുള്ളത്.ഇതിനു പുറമേ സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ രംഗത്തിന്റെ ചിത്രം മാറ്റിവരച്ച് 2871 കോടി രൂപയുടെ പദ്ധതികൾ വികസനത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്.ഇതിൽ നല്ലൊരു ശതമാനം പൂർത്തിയായിക്കഴിഞ്ഞു. ഉന്നതവിദ്യാഭ്യാസ രംഗത്തും വൻവികസനത്തിനാണ് കിഫ്ബിയിലൂടെ സർക്കാർ വിഭാവനം ചെയ്യുന്നത്.1093 കോടിയുടെ നവീകരണ പദ്ധതികൾ വിവിധ സർവകലാശാലകളിലും അവയ്ക്ക് കീഴിൽ വരുന്ന കോളജുകളിലുമായി നടപ്പാക്കുന്നു. കേരള,എംജി,കാലിക്കറ്റ് , കണ്ണൂർ, കുസാറ്റ് എന്നീ സർവകലാശാലകൾക്ക് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കും. പൊതുജനാരോഗ്യവുമായി ബന്ധപ്പെട്ട് 4461 കോടിയുടെ 58 പദ്ധതികൾക്കാണ് ആരോഗ്യകുടുംബക്ഷേമ വകുപ്പിന് കീഴിൽ കിഫ്ബി ധനലഭ്യത ഉറപ്പുവരുത്തുന്നത്. കേരളത്തിലങ്ങോളമിങ്ങളോമുള്ള കുടിവെള്ളം,കനാൽനവീകരണം,കടൽഭിത്തി നിർമാണം തുടങ്ങിയവയ്ക്കായി ജലവിഭവ വകുപ്പിന് കീഴിൽ 5594 കോടി രൂപയുടെ പദ്ധതികൾ്ക്ക് കിഫ്ബി ധനാനുമതി നൽകിയിട്ടുണ്ടെന്നും ധനമന്ത്രി അറിയിച്ചു.

കെഫോൺ, ട്രാൻസ്ഗ്രിഡ്, ഊർജ സംരക്ഷണത്തിന് വേണ്ടിയുള്ള നിലാവ് പദ്ധതി, പട്ടിജാതി പട്ടികവർഗ ക്ഷേമ വകുപ്പിന് കീഴിലുള്ള പദ്ധതികൾ,ടൂറിസം,കായികയുവജനക്ഷേമം തുടങ്ങി സമസ്തമേഖലകളെയും ഉൾക്കൊള്ളുന്ന സമഗ്ര വികസനമാണ് കിഫ്ബിയിലൂടെ സംസ്ഥാന സർക്കാർ യാഥാർഥ്യമാക്കുന്നത്. ഇതുവരെ 15000 കോടി രൂപയോളം വിവിധ പദ്ധതികൾക്കായി കിഫ്ബി വിനിയോഗിച്ച് കഴിഞ്ഞിട്ടുണ്ടെന്നും ധനമന്ത്രി വ്യക്തമാക്കി.

Read Also : സംസ്ഥാനത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിൽ സമാനതകളില്ലാത്ത മുന്നേറ്റവുമായി കിഫ്ബി

കൊവിഡ് മഹാമാരി നട്ടെല്ലൊടിച്ച ടൂറിസം മേഖലയുടെ തിരിച്ചുവരവിന് മുതൽകൂട്ടാവുന്നത് കിഫ്ബി ധനസഹായത്തോടെ നടപ്പാക്കുന്ന പദ്ധതികളാണെന്ന് ടൂറിസം മന്ത്രി പി.എ.മുഹമ്മദ് റിയാസ് പറഞ്ഞു. അഞ്ചു ഘട്ടങ്ങളിലായുള്ള ആലപ്പുഴ പൈതൃക പദ്ധതിയുടെ നവീകരണം, രണ്ടു ഘട്ടമായുള്ള തലശേരി പൈതൃകപദ്ധതി, ആക്കുളം കായൽ നവീകരണം, മൂന്ന് ബീച്ചുകളുടെ നവീകരണം തുടങ്ങി 331.68 കോടി രൂപയുടെ പദ്ധതികൾക്കാണ് കിഫ്ബി ധനാനുമതി നൽകിയിരിക്കുന്നത്. എടുത്തുപറയേണ്ട മറ്റൊരു പ്രധാനമേഖല കായികയുവജനക്ഷേമമാണ്. രാജ്യത്തിന്റെ തന്നെ കായിക ഭൂപടത്തിൽ നിർണായക സ്ഥാനമാണ് കേരളത്തിനുള്ളത്. സംസ്ഥാനത്തെ കായിക മേഖലയ്ക്ക് ഊർജം പകർന്ന് 35 പദ്ധതികളിലായി 44 സ്്‌റ്റേഡിയങ്ങളാണ് വികസനത്തിന്റെ വിവിധ ഘട്ടങ്ങളിൽ ഉള്ളത്. ഇതോടൊപ്പം ഒരു അക്വാട്ടിക് കോംപ്ലക്‌സിനും രണ്ടു സ്‌പോർട്‌സ് സ്‌കൂൾ പദ്ധതിക്കും കിഫ്ബി ധനാനുമതി നൽകിയിട്ടുണ്ട്. കായികയുവജനക്ഷേമ വകുപ്പിന് കീഴിൽ ആകെ 773.01 കോടി രൂപയുടെ പദ്ധതികൾക്കാണ് കിഫ് ബോർഡ് ധനാനുമതി നൽകിയിട്ടുള്ളത്.

ഉയർന്ന സാക്ഷരതയിലും ജീവിതനിലവാരത്തിലും സംസ്ഥാനം മുൻ നിരയിലെത്തിയതിന് പിന്നിൽ കേരളത്തിന്റെ പൊതുവിദ്യാഭ്യാസ സംവിധാനത്തിന്റെ കരുത്തുണ്ടായിരുന്നു. എന്നാൽ നമ്മുടെ പൊതുവിദ്യാലയങ്ങൾക്ക് കാലാനുസൃതമായ മാറ്റങ്ങൾ ഭൗതിക സൗകര്യങ്ങളിൽ ഉണ്ടായിരുന്നില്ല. ഈ ശോച്യാവസ്ഥയ്ക്ക് വലിയ മാറ്റമാണ് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കിഫ്ബിയുടെ ധനസഹായത്തോടെ നടപ്പാക്കിയ പദ്ധതികൾ. ഇതിലൂടെ സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളുടെ സാങ്കേതിക നിലവാരവും ഭൗതിക സൗകര്യങ്ങളും ലോകനിലവാരത്തിലെത്തിക്കാനായി എന്നു ഉറപ്പിച്ചു പറയാൻ കഴിയുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി ശ്രീ വി.ശിവൻകുട്ടി പറഞ്ഞു.

140 പദ്ധതികളിലായി സംസ്ഥാനത്തെ 876 സ്‌കൂളുകൾ വികസനത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്. ഇതിൽ തന്നെ 493 കോടി രൂപ ചിലവിൽ സംസ്ഥാനത്തെ സെക്കൻഡറി , ഹയർ സെക്കൻഡറി സ്‌കൂളുകളിൽ ഒരുക്കിയ 44705 ഹൈടെക് ക്ലാസ് റൂമുകൾ ഒരു വികസനവിപ്ലവമാണ്. ആധുനികമായ സാങ്കേതിക സംവിധാനങ്ങൾ പഠനത്തിനായി സാധാരണക്കാരായ വിദ്യാർഥികൾക്കും ലഭ്യമാക്കാൻ ഇതിലൂടെ കഴിഞ്ഞു. കോവിഡ് മഹാമാരിക്കു മുന്നേ തന്നെ ഇത്തരം സൗകര്യങ്ങൾ ഒരുക്കാൻ കഴിഞ്ഞതു കൊണ്ടു കൊവിഡ് കാലത്തെ അധ്യയനം ഒരു ബുദ്ധിമുട്ടായില്ല അനുഭവപ്പെട്ടില്ല എന്നതാണ് യാഥാർഥ്യം. 140 നിയോജക മണ്ഡലങ്ങളിലും മികവിന്റെ കേന്ദ്രങ്ങളായി തിരഞ്ഞെടുക്കപ്പെട്ട വിദ്യാലയങ്ങളെ ഉയർത്താൻ കഴിഞ്ഞു. 5 കോടി,മൂന്നുകോടി ,ഒരു കോടി പദ്ധതികളിലായി നമ്മുടെ പൊതുവിദ്യാലയങ്ങളിൽ സിംഹഭാഗത്തെയും നവീകരിക്കാനും മെച്ചപ്പെട്ട ഭൗതിക സൗകര്യങ്ങൾ ഒരുക്കാനും കഴിഞ്ഞിട്ടുണ്ട്.സംസ്ഥാനത്തെ എൽപി , യുപി സ്‌കൂളുകളിലായി 11300 ഹൈടെക് ലാബുകൾ ഒരുക്കാൻ കഴിഞ്ഞതും എടുത്തുപറയേണ്ട നേട്ടമാണ്. 292 കോടി രൂപയാണ് ഇതിനായി കിഫ്ബി വഴി കണ്ടെത്തിയതെന്നും മന്ത്രി വ്യക്തമാക്കി.

പൊതുജനാരോഗ്യ സൂചികകളിൽ കാലങ്ങളായി വികസിത രാജ്യങ്ങൾക്കൊപ്പമാണ് കേരളത്തിന്റെ സ്ഥാനം. നമ്മുടെ പൊതുജനാരോഗ്യ സംവിധാനത്തിന്റെ കരുത്താണ് ഈ നേട്ടത്തിന് സംസ്ഥാനത്തെ പ്രാപ്്തമാക്കിയത്. എന്നാൽ പല കാരണങ്ങൾ കൊണ്ടും പൊതുജനാരോഗ്യ രംഗത്തെ അടിസ്ഥാനസാങ്കേതിക സൗകര്യങ്ങൾ വേണ്ടത്ര പരിഷ്‌കരിക്കാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ ഈ രംഗത്ത് ശക്തമായ മുന്നേറ്റമാണ് കഴിഞ്ഞ ഏതാനും വർഷങ്ങളായി സൃഷ്ടിക്കാൻ കഴിഞ്ഞത്. കിഫ്ബി വഴി ധനലഭ്യത ഉറപ്പുവരുത്തി സംസ്ഥാന സർക്കാർ പൊതുജനാരോഗ്യ രംഗത്ത് നടപ്പാക്കുന്ന പദ്ധതികൾ നമ്മുടെ സർക്കാർ ആശുപത്രികളുടെ നിലവാരം രാജ്യാന്തര നിലവാരത്തിലേക്ക് ഉയർത്തിക്കൊണ്ടിരിക്കുകയാണെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് പറഞ്ഞു. മെഡിക്കൽ കോളജ് ആശുപത്രികൾ, താലൂക്ക് ആശുപത്രികൾ, ജില്ലാ ആശുപത്രികൾ എന്നിവ ഉൾപ്പെടെ 55 ആശുപത്രികളിലെ ഭൗതിക സൗകര്യവികസനം കിഫ്ബി വഴി ഫണ്ട് കണ്ടെത്തി ആരോഗ്യ കുടുംബക്ഷേമ വകുപ്പ് നടപ്പാക്കിക്കൊണ്ടിരിക്കുകയാണെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.

Story Highlights : kiifb celebrates 22 years

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here