ഇത് ഡൽഹിക്കാരുടെ പ്രിയപ്പെട്ട “ഓംലെറ്റ് അങ്കിൾ”….

ഡൽഹിക്കാർക്ക് ഏറെ പരിചിതമാണ് ഈ മുഖം. ഡൽഹിക്കാരുടെ പ്രിയപ്പെട്ട ഓംലെറ്റ് അങ്കിൾ. പ്രഗതി മൈതാൻ മെട്രോ സ്റ്റേഷന് മുന്നിൽ കൂടെ കടന്നു പോകുന്നവർക്ക് വർഷങ്ങളായി ഓംലെറ്റ് വിറ്റ് ജീവിക്കുകയാണ് ബൽബീർ സിംഗ് എന്ന എൺപതുകാരൻ. ഏറെ പ്രതിസന്ധികൾ ഈ കഴിഞ്ഞ വർഷങ്ങളിൽ നേരിടേണ്ടി വന്നെങ്കിലും അതിനെയെല്ലാം അതിജീവിച്ച് മുന്നേറുകയാണ് ബൽബീർ സിംഗ്. മുപ്പത്തിയഞ്ച് വർഷമായി ഭാര്യ മരിച്ചിട്ട്. മക്കളും കൊച്ചുമക്കളുമെല്ലാം മരിച്ചുപോയി. വർഷങ്ങളായി മെട്രോ സ്റ്റേഷന് സമീപത്തുള്ള കൂരയിൽ ഒറ്റയ്ക്കാണ് ബൽബീർ സിംഗിന്റെ ജീവിതം.
പ്രതിസന്ധികളിൽ തളർന്നു പോകുന്നവർക്ക് പ്രചോദനവും പ്രതീക്ഷയുമാണ് ബൽബീർ. അദ്ദേഹത്തിന്റെ ഓംലെറ്റ് തേടി എത്തുന്നവരും നിരവധിയാണ്. ചുറ്റും അലങ്കരിച്ചും എല്ലാ സൗകര്യങ്ങളും ഉള്ള ഭക്ഷണശാലകൾ നിരവധി ഉണ്ടെങ്കിലും ഇദ്ദേഹം ഇവിടുത്തുകാർക്ക് ഏറെ പ്രിയപെട്ടവനാണ്. “സർദാർജി ഓംലെറ്റ് വാലെ” എന്നും ആളുകൾ അദ്ദേഹത്തെ സ്നേഹത്തോടെ വിളിക്കുന്നു.
മെട്രോ സ്റ്റേഷന് സമീപത്ത് ടയറുകൾ ക്രമീകരിച്ച് അതിനു മുകളിലാണ് പാചകവും മറ്റും ക്രമീകരിച്ചിരിക്കുന്നത്. സൗകര്യം കുറവാണെങ്കിലും ശുചിത്വത്തിന്റെ കാര്യത്തിൽ ഒട്ടും വിട്ടുവീഴ്ചയില്ല. വൃത്തിയുള്ള അന്തരീക്ഷത്തിൽ ശുദ്ധമായ, രുചിയുള്ള ഭക്ഷണമാണ് അദ്ദേഹം ആളുകൾക്ക് വിതരണം ചെയ്യുന്നത്. അതുതന്നെയാണ് സർദാർജിയുട വിജയവും. ഇന്നും ആളുകൾ മുടങ്ങാതെ അദ്ദേഹത്തിന്റെ രുചി തേടി എത്തുന്നു. തുടക്ക കാലങ്ങളിൽ സൈക്കിളും കാർ മെക്കാനിക്കുമായെല്ലാം ജോലി ചെയ്തിരുന്നെങ്കിലും പിന്നീട് അദ്ദേഹം ഇതിലേക്ക് കടക്കുയായിരുന്നു. ഏറെ ഇഷ്ടപ്പെട്ട് തന്നെയാണ് സർദാർജി ആളുകൾക്ക് ഓംലെറ്റ് ഉണ്ടാക്കി നൽകുന്നത്.
ഇന്ന് അദ്ദേഹം എല്ലാവർക്കും പ്രിയപ്പെട്ട ഓംലെറ്റ് അങ്കിൾ ആണ്. വൈകുന്നേരങ്ങളിൽ ഇതുവഴി കടന്നുപോകുന്നവർ ഒരിക്കലെങ്കിലും ഈ രുചി അനുഭവിച്ചറിയേണ്ടതാണ്.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here