Advertisement

ആഭ്യന്തര ക്രിക്കറ്റിൽ കളിച്ച് പ്രകടനം മെച്ചപ്പെടുത്തിയാലേ ഹാർദ്ദിക്കിനെ ദേശീയ ടീമിലേക്ക് പരിഗണിക്കൂ: ടീം സെലക്ടർ

November 11, 2021
Google News 2 minutes Read
team selectors hardik pandya

ആഭ്യന്തര ക്രിക്കറ്റിൽ കളിച്ച് പ്രകടനം മെച്ചപ്പെടുത്തിയെങ്കിൽ മാത്രമേ ഓൾറൗണ്ടർ ഹാർദ്ദിക് പാണ്ഡ്യയെ ദേശീയ ടീമിലേക്ക് പരിഗണിക്കൂ എന്ന് ടീം സെലക്ടർ. ഫോം വീണ്ടെടുത്ത് ഫിറ്റ്നസും തെളിയിച്ചെങ്കിൽ മാത്രമേ ഹാർദ്ദിക്കിന് ഇനി ഇന്ത്യൻ ടീമിൽ അവസരം നൽകൂ. ബാറ്റർ എന്ന നിലയിൽ മാത്രം ഹാർദ്ദിക്കിന് അവസരം നൽകാനാവില്ലെന്നും ടീം സെലക്ടർ അറിയിച്ചു. ഇൻസൈഡ് സ്പോർട്ട് ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്. (team selectors hardik pandya)

“ഹാർദ്ദിക്കിനെ ടീമിൽ നിന്ന് ഒഴിവാക്കിയത് തന്നെയാണ്. ഇനി ദേശീയ ടീമിലേക്ക് പരിഗണിക്കണമെങ്കിൽ അദ്ദേഹം ഫോമും ഫിറ്റൻസും തെളിയിക്കണം. ബാറ്റർ എന്ന നിലയിൽ മാത്രം പാണ്ഡ്യ ഞങ്ങളുടെ പദ്ധതികളോട് യോജിച്ചുപോവില്ല. ആഭ്യന്തര മത്സരങ്ങൾ കളിക്കാൻ ഹാർദ്ദിക്കിനോട് ആവശ്യപ്പെടും.”- സെലക്ടർ പറഞ്ഞതായി ഇൻസൈഡ് സ്പോർട്ട് റിപ്പോർട്ട് ചെയ്തു.

Read Also : ‘ന്യൂസീലൻഡിനെതിരായ ടീമിൽ നിന്ന് രാഹുൽ ചഹാറിനെ തഴഞ്ഞതെന്തിന്?’; ചോദ്യവുമായി സുനിൽ ഗവാസ്കർ

കഴിഞ്ഞ കുറേ കാലമായി ഹാർദ്ദിക്ക് പൂർണ ഫിറ്റല്ല. ശ്രീലങ്കൻ പര്യടനത്തിൽ ആകെ 16 ഓവറുകളാണ് ഹർദ്ദിക് എറിഞ്ഞത്. ഇതിൽ വിക്കറ്റൊന്നും ലഭിച്ചിരുന്നില്ല. റൺസ് വിട്ടുകൊടുക്കുന്നതിൽ താരം പിശുക്ക് കാണിച്ചിരുന്നുമില്ല. തുടർന്ന് ഐപിഎൽ രണ്ടാം പാദത്തിൽ താരം എല്ലാ മത്സരങ്ങളിലും പന്തെറിയുമെന്ന് മുഖ്യ സെലക്ടർ ചേതൻ ശർമ്മ പറഞ്ഞു. എന്നാൽ, ഐപിഎലിൽ ഒരൊറ്റ പന്ത് പോലും താരംഎറിഞ്ഞില്ല. ബാറ്റിംഗിലും ഹാർദ്ദിക് പഴയ ഫോമിലല്ല. ഇതിൻ്റെ അടിസ്ഥാനത്തിൽ ഹാർദ്ദിക്കിനെ ലോകകപ്പ് ടീമിൽ ഉൾപ്പെടുത്തിയത് വിമർശിക്കപ്പെട്ടിരുന്നു. ഐപിഎൽ അവസാനിച്ചതിനു പിന്നാലെ താരത്തെ നാട്ടിലേക്ക് തിരികെ അയക്കാൻ ബിസിസിഐ തീരുമാനിച്ചെങ്കിലും ഉപദേശകൻ എംഎസ് ധോണി ഈ തീരുമാനത്തെ എതിർക്കുകയായിരുന്നു.

അതേസമയം, ഹാർദ്ദിക്കിനു പകരക്കാരനായി മധ്യപ്രദേശ് ഓൾറൗണ്ടർ വെങ്കിടേഷ് അയ്യരെ ന്യൂസീലൻഡ് പര്യടനത്തിനുള്ള ടീമിൽ ഉൾപ്പെടുത്തി. ഐപിഎലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനായി കളിച്ച താരം തകർപ്പൻ ഫോമിലായിരുന്നു. സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലും അയ്യർ മിന്നും ഫോമിലായിരുന്നു. ഹാർദ്ദിക്കിനു പകരക്കാരനായി വെങ്കിടേഷിനെ വളത്തിക്കൊണ്ടുവരാൻ ബിസിസിഐ ശ്രമിക്കുന്നു എന്നാണ് റിപ്പോർട്ടുകൾ.

ഈ മാസം 17 മുതലാണ് ന്യൂസീലൻഡിൻ്റെ ഇന്ത്യൻ പര്യടനം. 3 ടി-20കളും രണ്ട് ടെസ്റ്റ് മത്സരങ്ങളുമാണ് പരമ്പരയിൽ ഉള്ളത്. 17, 19, 21 തീയതികളാണ് ടി-20 മത്സരങ്ങൾ. 25 മുതൽ 28 വരെ ആദ്യ ടെസ്റ്റും ഡിസംബർ 3 മുതൽ 7 വരെ രണ്ടാം ടെസ്റ്റും നടക്കും.

Story Highlights : team selectors about hardik pandya

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here