വാർത്ത വായിക്കുന്ന ട്രാൻസ്‌പേഴ്‌സൺ നാദിറ ആര് ?

ദൃശ്യമാധ്യമ രംഗത്ത് വിപ്ലവം സൃഷ്ടിക്കുന്ന ട്വന്റിഫോറിൽ വാർത്താ അവതാരകയായി ട്രാൻസ്‌പേഴ്‌സണായ നാദിറ മെഹറിൻ എത്തുന്നു. മൈജി ഫ്‌ളവേഴ്‌സ് ഒരുകോടിയിൽ ആർ ശ്രീകണ്ഠൻ നായർ നാദിറയ്ക്ക് നൽകിയ വാക്കാണ് ഇതോടെ യാഥാർത്ഥ്യമായത്. ( nadira mehrin 24 news reader )
കുട്ടിക്കാലം മുതൽ തന്നെ വാർത്ത അവതരിപ്പിക്കാൻ താത്പര്യമുള്ള വ്യക്തിയാണ് നാദിറ. ജേണലിസത്തിൽ ബിരുദവും, പൊളിറ്റിക്കൽ സയൻസിൽ ബിരുദാനന്തര ബിരുദവുമുണ്ട് നാദിറയ്ക്ക്. എഐഎസ്എഫിന്റെ സംസ്ഥാന കമ്മിറ്റി അംഗമാണ് നാദിറ. ഇന്ത്യയിൽ ആദ്യമായിട്ടാണ് ഒരു രാഷ്ട്രീയ പാർട്ടി ട്രാൻസ്‌ജെൻഡറായ വ്യക്തിയെ നേതൃനിരയിലേക്ക് കൊണ്ടുവരുന്നത്. സെക്ഷ്വൽ ജെൻഡർ മൈനോരിറ്റിയെ കുറിച്ച് ക്ലാസുകളും മറ്റും എടുക്കുന്ന നാദിറ കേരള സർക്കാരിന്റെ റിസോഴ്‌സ് പേഴ്‌സണായും പ്രവർത്തിച്ചിട്ടുണ്ട്.
ഉന്നതവിദ്യാഭ്യാസം നേടിയ, മുൻനിര രാഷ്ട്രീയ പ്രവർത്തകയായ നാദിറയ്ക്ക് എന്നാൽ തന്റെ ജെൻഡർ ഐഡന്റിറ്റി കാരണം പഠനം പലതവണ ഉപേക്ഷിക്കുകയും, ജീവിതം അവസാനിപ്പിക്കാൻ വരെ ചിന്തിച്ചിരുന്ന കാലവും ഉണ്ടായിരുന്നു
സ്‌കൂൾ കാലമെന്ന ദുരിത കാലം…
സ്‌കൂൾ കാലമെന്നാൽ ഭൂരിഭാഗം പേർക്കും കളിചിരികളുടേയും കുസൃതികളുടേയും കാലമാണ്. എന്നാൽ നാദിറയ്ക്ക് സ്‌കൂൾ കാലഘട്ടം ജീവിതത്തിൽ ഒരിക്കലും ഓർക്കാൻ ആഗ്രഹിക്കാത്ത വർഷങ്ങളാണ്. ആൺകുട്ടിയായി വേഷം ധരിക്കുമ്പോഴും പെൺകുട്ടിയുടെ മനസുമായി ജീവിച്ച നാദിറയ്ക്ക് സ്‌കൂളിലെ സാഹചര്യവുമായി പൊരുത്തപ്പെടാൻ അത്യധികം ബുദ്ധിമുട്ടായിരുന്നു.

ക്ലാസിൽ ഇരിക്കുമ്പോൾ പോലും നാദിറ വല്ലാതെ വിഷമിച്ചു. പെൺകുട്ടികൾക്കൊപ്പം ഇരിക്കാനാണ് താത്പര്യമെങ്കിലും ആൺകുട്ടികൾക്കൊപ്പമാണ് ടീച്ചർമാർ ഇരുത്തുക. പെൺകുട്ടികളോടൊപ്പം കൂട്ടുകൂടാൻ ശ്രമിച്ചപ്പോൾ അവരും തന്നെ തട്ടിമാറ്റിയെന്ന് നാദിറ പറയുന്നു.
ഏഴാം ക്ലാസിൽ പഠിക്കുമ്പോഴാണ് നാദിറയെ ഒരു കൂട്ടം ആൺകുട്ടികൾ ശാരീരികമായി ആക്രമിക്കുന്നത്. മാനസികമായി ശാരീരികമായുമേറ്റ ആ മുറിവുകളോടെ അധ്യാപകരുടെ അടുത്ത് പോയി പരാതിപ്പെട്ടെങ്കിലും, അവരുടെ പ്രതികരണം ഞെട്ടിക്കുന്നതായിരുന്നുവെന്ന് നാദിറ പറയുന്നു. ‘താൻ ആൺകുട്ടിയായി നടക്കാത്തതുകൊണ്ട് കിട്ടിയതല്ലേ ? ‘ എന്നായിരുന്നു അവരുടെ പ്രതികരണം.
സ്‌കൂൾ കാലത്ത് പലപ്പോഴും ക്ലാസിൽ പോകാതെ പുസ്തകം മാത്രം വായിച്ച് പഠിച്ച് ഇന്ന് ഈ നിലയിൽ എത്തിയ വ്യക്തിയാണ് നാദിറ.
പതിനേഴാം വയസിൽ വീട് വിട്ടു..

’17-ാം വയസിലാണ് ഞാൻ ട്രാൻസ്‌ജെൻഡർ എന്ന നിലയിൽ പുറത്ത് വരുന്നത്. വീട്ടുകാർക്ക് അത് അംഗീകരിക്കാൻ വലിയ ബുദ്ധിമുട്ടായിരുന്നു. ഒരു യാഥാസ്ഥിക മുസ്ലിം കുടുംബത്തിൽ നിന്നാണ് ഞാൻ വരുന്നത്. എന്റെ തീരുമാനം അംഗീകരിക്കില്ലെന്ന് നേരത്തെ തന്നെ കുടുംബം വ്യക്തമാക്കിയിരുന്നു. അങ്ങനെ പതിനേഴാം വയസിൽ തന്നെ വീട്ടിൽ നിന്ന് ഇറങ്ങേണ്ടി വന്നു. വീട്ടുകാരെ പറഞ്ഞ് മനസിലാക്കാൻ ഞാൻ ശ്രമിച്ചിരുന്നു. പക്ഷേ അവർ ഒപ്പം നിന്നില്ല’- നാദിറ പറയുന്നു. ഇന്ന് നാദിറയ്ക്ക് 22 വയസുണ്ട്. ഇതുവരെ വീട്ടിലേക്ക് മടങ്ങി പോയിട്ടില്ല. എന്നാൽ ഫോൺ വഴി ബന്ധപ്പെടുന്നുണ്ടെന്ന് നാദിറ പറയുന്നു. തന്നെ അംഗീകരിക്കാൻ അവർക്ക് പരിമിധികളുണ്ട്, അതിനെ താൻ ഉൾകൊള്ളുന്നുവെന്നും നാദിറ ഫ്‌ളവേഴ്‌സ് ഒരു കോടിയിൽ വ്യക്തമാക്കി. അച്ഛൻ, അമ്മ, അനിയത്തി, ചേച്ചി അടങ്ങുന്ന കുടുംബമാണ് നാദിറയുടേത്.
ട്രാൻസ്‌പേഴ്‌സണെന്ന നിലയിൽ സമൂഹത്തിൽ നിന്ന് അനുഭവിക്കേണ്ടി വരുന്നത്…
കേരളം ഇന്ന് ഒരുപാട് മാറിയെങ്കിലും ഇപ്പോഴും താനടങ്ങുന്ന വിഭാഗത്തെ പൂർണമായി ഉൾക്കൊള്ളാൻ മലയാളി സമൂഹത്തിന് സാധിച്ചില്ലെന്ന് നാദിറ പറയുന്നു. ‘അഞ്ച് വർഷം മുൻപുള്ള കേരളമല്ല ഇപ്പോഴുള്ളത്. ഇവിടെ ഇന്ന് ജീവിക്കാൻ അവസരമുണ്ട്. ഞങ്ങളുടെ അവകാശങ്ങളെ കുറിച്ച് ചോദിക്കാൻ നമുക്ക് തന്നെ ആത്മവിശ്വാസമുണ്ട്. സമൂഹവുമായി നിരന്തരം കലഹിക്കുകയാണ് ഇപ്പോഴും’- നാദിറ പറഞ്ഞു.

ബസിൽ യാത്ര ചെയ്യുമ്പോൾ പോലും സ്ത്രീക്കും പുരുഷനും മാത്രമേ സീറ്റുള്ളു. പലപ്പോഴും ഞങ്ങൾ സ്ത്രീകളുടെ സീറ്റിൽ പോയി ഇരിക്കാൻ നിർബന്ധിതരാവുകയാണെന്ന് നാദിറ മെഹറിൻ പറയുന്നു. എന്നാൽ അത്തരം സാഹചര്യങ്ങളിൽ സ്ത്രീകളുടെ ഭാഗത്ത് നിന്ന് പ്രത്യേക രീതിയിലുള്ള നോട്ടവും അടക്കം പറച്ചിലുകളും കുത്തുവാക്കുകളും സഹിക്കേണ്ടി വരുന്നുണ്ടെന്നും നാദിറ പറയുന്നു.
സ്ത്രീയേയും , പുരുഷനേയും പോലെ തന്നെ താൻ അടങ്ങുന്ന എൽജിബിടി സൂഹത്തേയും തുറന്ന മനസോടെ ലോകം അംഗീകരിക്കുമെന്ന വിശ്വാസത്തിലാണ് നാദിറ മെഹറിൻ . തങ്ങൾക്കും സമൂഹത്തിൽ ഒരു ഇടം സ്വന്തമാക്കാനുള്ള നിരന്തരമായ പോരാട്ടത്തിലാണ് നാദിറ. ഈ പോരാട്ടത്തിനൊപ്പം ട്വന്റിഫോറും കൈകോർക്കുകയാണ്. ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിക്ക് സംപ്രേഷണം ചെയ്യുന്ന പ്രാദേശിക വാർത്തകൾ നാദിറ മെഹറിൻ വായിക്കും. ഇതിലൂടെ പുതിയൊരു വാർത്താ സംസ്‌കാരത്തിന് കൂടിയാണ് ട്വന്റിഫോർ തുടക്കമിടുന്നത്..
Story Highlights : nadira mehrin 24 news reader
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here