‘ഏഷ്യൻ താരങ്ങളോട് ശുചിമുറിയുടെ അടുത്തിരിക്കാൻ പറയുമായിരുന്നു’; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി അസീം റഫീഖ്

യോർക്‌ഷെയർ ക്ലബിനെതിരെ ഗുരുതരമായ വെളിപ്പെടുത്തലുമായി പാക് വംശജനായ ഇംഗ്ലണ്ട് ക്രിക്കറ്റർ അസീം റഫീഖ്. ക്ലബിൽ കളിച്ചുകൊണ്ടിരുന്ന സമയത്ത് വംശീയവെറി നേരിടേണ്ടി വന്നു എന്ന വെളിപ്പെടുത്തലിനു പിന്നാലെ ബ്രിട്ടീഷ് പാർലമെൻ്റിൻ്റെ സ്പോർട്സ് കമ്മറ്റി നടത്തിയ ഹിയറിങ്ങിലാണ് അസീം കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്തിയത്. പലപ്പോഴും വികാരധീനനായാണ് അസീം സംസാരിച്ചത്. (azeem rafiq racist yorkshire)
“ക്ലബിൽ ചേരുന്ന സമയത്ത് എൻ്റെ ഹീറോകളായിരുന്നു ഡ്രസിംഗ് റൂമിൽ ഉണ്ടായിരുന്നത്. മൈക്കൽ വോൺ, മാത്യു ഹൊഗാർഡ് തുടങ്ങി 2005 ആഷസ് ടീമിൽ അംഗമായിരുന്നവർ. എന്നെ സംബന്ധിച്ച് അമൂല്യമായ സമയമായിരുന്നു അത്. എന്നോടും ഏഷ്യൻ വംശജരായ മറ്റു താരങ്ങളോടും ശുചിമുറിക്കരികെ ഇരിക്കാൻ അവർ പറഞ്ഞിരുന്നു. ഞങ്ങളെ ‘ആനയെ കഴുകുന്നവർ’ എന്നും ‘പാകി’ എന്നുമൊക്കെ നിരന്തരം അവഹേളിച്ചിരുന്നു. ഇംഗ്ലണ്ടിനായി ക്രിക്കറ്റ് കളിക്കുക എന്നതായിരുന്നു എൻ്റെയും കുടുംബത്തിൻ്റെയും ആഗ്രഹം. പക്ഷേ, ഈ അവഹേളനങ്ങൾ എന്നെ വിഷമിപ്പിച്ചു. എൻ്റെ മനസികാരോഗ്യം മോശമായി. ഞാൻ മരുന്ന് കഴിക്കാൻ തുടങ്ങി. ഞാൻ ഒറ്റപ്പെട്ടു, അപഹാസ്യനായി. 2016ൽ ഗാരി ബല്ലൻസ് ക്യാപ്റ്റനും ആൻഡ്രൂ ഗെയിൽ പരിശീലകനുമായി എത്തി. കാര്യങ്ങൾ വീണ്ടും ഗുരുതരമായി. ഞാൻ ക്ലബ് വിടുമ്പോൾ കരാറിൽ നാലോ അഞ്ചോ മാസം ബാക്കിയുണ്ടായിരുന്നു. കാര്യങ്ങൾ മൂടിവെക്കുകയാണെങ്കിൽ അവർ വലിയ ഒരു നൽകാമെന്ന് പറഞ്ഞു. ഞാൻ പാകിസ്താനിലേക്ക് പോയി. തിരികെ വരാൻ എനിക്ക് ആഗ്രഹമുണ്ടായിരുന്നില്ല.”- അസീം വെളിപ്പെടുത്തി.
“ബല്ലൻസ് ഏഷ്യൻ താരങ്ങളെ ‘കെവിൻ’ എന്നാണ് വിളിച്ചിരുന്നത്. വെളുത്ത വർഗക്കാരല്ലാത്തവരെ വിളിക്കുന്ന പേരായിരുന്നു അത്. ഇംഗ്ലണ്ട് ഡ്രസിംഗ് റൂമിൽ അത് ഒരു പരസ്യമായ രഹസ്യമായിരുന്നു. ബല്ലൻസിൻ്റെ സുഹൃത്ത് അലക്സ് ഹെയിൽ തൻ്റെ പട്ടിക്ക് കെവിൻ എന്നാണ് പേരിട്ടത്. കാരണം ആ പട്ടി കറുത്തതായിരുന്നു. എൻ്റെ മകൻ ഒരിക്കലും ക്രിക്കറ്റ് കളിക്കരുതെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്.”- റഫീഖ് പറഞ്ഞു.
ഇംഗ്ലണ്ട് മുൻ ക്യാപ്റ്റനും കമൻ്റേറ്ററുമായ മൈക്കൽ വോണും തന്നെ വംശീയമായി അധിക്ഷേപിച്ചു എന്ന് അസീം വ്യക്തമാക്കിയിരുന്നു. പിന്നാലെ വോണിനെ ബിബിസി റേഡിയോയുടെ ഷോയിൽ നിന്ന് ഒഴിവാക്കി.
അസീം റഫീഖിൻ്റെ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട് യോർക്‌ഷെയർ സിഇഒ മാർക്ക് ആർതർ രാജിവച്ചിരുന്നു. ക്ലബ് ചെയർമാൻ റോജർ ഹട്ടൺ നവംബർ അഞ്ചിന് സ്ഥാനമൊഴിഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് ക്ലബ് സിഇഒയും രാജിവച്ചത്. സംഭവത്തിൽ ഇംഗ്ലണ്ട് താരം ഗാരി ബല്ലൻസിനെയും യോർക്‌ഷെയർ കൗണ്ടി ക്ലബിനെയും ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് വിലക്കിയിരുന്നു. റഫീഖിനെതിരെ വംശീയ പരാമർശം നടത്തിയത് താനാണെന്ന് ബല്ലൻസ് അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ബോർഡ് നടപടിയെടുത്തത്.
Stroy Highlights: azeem rafiq racist remarks yorkshire
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here