സി.ജി ദില്‍ജിത്തിന്റെ മൃതദേഹം സംസ്കരിച്ചു; അന്ത്യാജ്ഞലി അർപ്പിച്ച് സാമൂഹിക, സാംസ്കാരിക രംഗത്തെ പ്രമുഖരും മാധ്യമപ്രവര്‍ത്തകരും

ട്വന്റിഫോര്‍ കോട്ടയം ചീഫ് റിപ്പോര്‍ട്ടര്‍ സി.ജി ദില്‍ജിത്തിന്റെ മൃതദേഹം സംസ്കരിച്ചു. തലയോലപ്പറമ്പിലെ വീട്ടിലായിരുന്നു സംസ്കാര ചടങ്ങുകൾ നടന്നത്. കോട്ടയം പ്രസ്ക്ലബ്ബിലായിരുന്നു പൊതുദര്‍ശനം. കോട്ടയത്തെ സാമൂഹിക, സാംസ്കാരിക രംഗത്തെ പ്രമുഖരും മാധ്യമപ്രവര്‍ത്തകരും അന്തിമോപചാരമര്‍പ്പിച്ചു.
മുഖ്യമന്ത്രി പിണറായി വിജയന്, മന്ത്രി വി.എന്‍ വാസവന്, മന്ത്രി വി. ശിവന്‍കുട്ടി, സ്പീക്കര്‍ എം.ബി രാജേഷ് തുടങ്ങി ഒട്ടേറെ പേര് ദില്‍ജിത്തിന് ആദരാഞ്ജലിയര്‍പ്പിച്ചു. ഉരുള്‍പൊട്ടല്‍ ഉള്‍പ്പെടെ ധാരാളം വിഷയങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതില്‍ മികവു കാണിച്ച ഒരു ഒരു മാധ്യമ പ്രവര്‍ത്തകനെയാണ് നഷ്ടമായതെന്ന് സ്പീക്കര്‍ എംബി രാജേഷ് പറഞ്ഞു. ‘മാധ്യമ മേഖലയിലെ ഉള്ളുതുറന്ന് ചിരിക്കുന്ന മുഖങ്ങളില്‍ ഒന്നായിരുന്നു ദില്‍ജിത്ത്. വാര്‍ത്താമേഖലയിലെ വെല്ലുവിളികള്‍ പുഞ്ചിരിയോടെ നേരിട്ട മാധ്യമ പ്രവര്ത്തകന്. സോഷ്യല്‍ മീഡിയയിലെ ന്യൂസ് ഫീഡുകളില്‍ ദില്‍ജിത്തിന്റെ ഓര്‍മകള്‍ നിറയുകയാണ്. മാധ്യമ മേഖലയിലെ സുഹൃത്തുക്കള്‍ക്ക് ദില്‍ജിത്ത് എത്ര പ്രിയപ്പെട്ടവനാണെന്ന് സോഷ്യല്‍ മീഡിയയില്‍ പ്രതിഫലിക്കുന്നു’. മന്ത്രി വി ശിവന്‍കുട്ടി ഫേസ്ബുക്കില്‍ കുറിച്ചു.
ചുരുങ്ങിയ കാലം കൊണ്ട് മലയാള ദൃശ്യമാധ്യമരംഗത്ത് തന്റെ ഇടം കൃത്യമായി അടയാളപ്പെടുത്തിയ മാധ്യമപ്രവര്‍ത്തകനാണ് സി.ജി ദില്‍ജിത്ത്. മാധ്യമജീവിതത്തിന്റെ തുടക്കം മംഗളത്തിലായിരുന്നു. 2014 മുതല്‍ കൈരളി ടിവി റിപ്പോര്‍ട്ടറായി പ്രവര്‍ത്തിച്ച സി.ജി. ദില്‍ജിത്ത് 2018ലാണ് ട്വന്റിഫോറിലെത്തിയത്.
Read Also : ദൃശ്യമാധ്യമരംഗത്തെ സജീവ സാന്നിധ്യം; സി.ജി ദില്‍ജിത്തിന് വിട
ട്വന്റിഫോറിന്റെ തുടക്കം മുതല്‍ കോട്ടയം ബ്യൂറോയുടെ ചുമതല വഹിക്കുന്ന ദില്‍ജിത്ത് പ്രേക്ഷകരിലേക്കെത്തിച്ച വാര്‍ത്തകളെല്ലാം കേരളം ശ്രദ്ധിച്ചു. കഴിഞ്ഞ മാസം കോട്ടയം ജില്ലയുടെ കിഴക്കന്‍ മേഖല പ്രകൃതിദുരന്തത്തില്‍ വിറങ്ങലിച്ചപ്പോള്‍ അവിടെ ആദ്യമെത്തിയ മാധ്യമപ്രവര്ത്തകന് സി. ജി ദില്‍ജിത്തായിരുന്നു. ഉരുള്‍പൊട്ടല്‍ മേഖലയിലൂടെ ദില്‍ജിത്ത് തുടര്‍ച്ചയായി നടത്തിയ യാത്രകളിലൂടെയും റിപ്പോര്ട്ടിങ്ങിലൂടെയുമാണ് ആ ദുരന്തത്തിന്റെ ആഴം കേരളം തൊട്ടറിഞ്ഞത്. വാര്‍ത്താ സ്രോതസുകളുമായി പരസ്പര ബഹുമാനത്തോടെ മാത്രം ഇടപെട്ടിരുന്ന മാതൃകാ വ്യക്തിത്വം കൂടിയായിരുന്നു ദില്‍ജിത്തിന്റേത്.
Stroy Highlights: C G Diljith 24 news reporter funeral
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here