മറ്റൊരു കേരള ക്രിക്കറ്റ് താരം കൂടി ദേശീയ ശ്രദ്ധയിലേക്ക്; ഇന്ത്യ അണ്ടർ-19 ടീമിൽ ഇടം പിടിച്ച് ഷോൺ റോജർ

കേരളത്തിന് അഭിമാനമായി മറ്റൊരു ക്രിക്കറ്റ് താരം കൂടി ദേശീയ ശ്രദ്ധയിലേക്ക്. തിരുവനന്തപുരം വെട്ടുകാട് സ്വദേശിയായ ഷോൺ റോജറാണ് ഇന്ത്യ അണ്ടർ-19 ബി ടീമിൽ ഇടം പിടിച്ചത്. ബി ടീമിൻ്റെ ബംഗ്ലാദേശ് പര്യടനത്തിൽ ഷോൺ ടീമിൽ കളിക്കും. കേരളത്തിൻ്റെ അണ്ടർ-19 ടീം അംഗമാണ് ഷോൺ റോജർ.
ഓൾറൗണ്ടറായ ഷോൺ കഴിഞ്ഞ സീസണിലെ വിനു മങ്കാദ് ട്രോഫിയിൽ കേരളത്തിനായി മികച്ച പ്രകടനമാണ് നടത്തിയത്. ഒരു സെഞ്ചുറിയും രണ്ട് അർധസെഞ്ചുറിയും ഉൾപ്പെടെ 294 റൺസ് ആയിരുന്നു ഷോണിൻ്റെ സമ്പാദ്യം. ഇക്കഴിഞ്ഞ ചലഞ്ചർ ട്രോഫിയിൽ ഇന്ത്യ ബി ടീമിനായി കളിച്ച ഷോൻ പന്ത് കൊണ്ടും ബാറ്റ് കൊണ്ടും ചില മികച്ച പ്രകടനങ്ങൾ നടത്തിയിരുന്നു. ഈ പ്രകടനങ്ങളാണ് കേരള താരത്തിനു തുണ ആയത്. ഈ മാസം 23ന് ക്യാമ്പ് ആരംഭിക്കും.
സായ് ക്രിക്കറ്റ് കോച്ചിങ് സെന്ററിൽ ദേശീയ കോച്ചായ ബിജു ജോർജിന്റെ കീഴിലാണ് എട്ടുവർഷമായി ഷോൺ റോജർ പരിശീലിക്കുന്നത്.
യുഎഇയിൽ ബിസിനസുകാരനായിരുന്ന ആന്റണി റോജറിന്റെയും പെട്രീഷ്യ റോജറിന്റെയും മകനായ ഷോൺ യുഎഇയിലാണ് കളി തുടങ്ങിയത്. 2014ൽ കേരളത്തിലെത്തി. പിന്നീട് തിരികെ യുഎഇയിലേക്ക് പോയ ഷോൺ അവിടെ അവിടെ യുഎഇ അണ്ടർ-16 ടീമിൽ ഇടം നേടി. 2017ൽ കേരളത്തിൽ തിരികെയെത്തിയ ഷോൺ പിന്നീട് കേരള ടീമിൻ്റെ ഏജ് ഗ്രൂപ്പുകളിൽ സ്ഥിര സാന്നിധ്യമായിരുന്നു. അണ്ടർ-16, 19 തലത്തിൽ കേരളത്തിനായി ഏറ്റവും കൂടുതൽ റൺസ് നേടിയ താരമാണ് ഷോൺ.
Stroy Highlights: shaun roger india under 19 team
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here