Advertisement

വായു മലിനീകരണം; നവംബർ 21 വരെ വർക്ക് ഫ്രം ഹോം; അടിയന്തര നടപടികൾ പ്രഖ്യാപിച്ച് പരിസ്ഥിതി മന്ത്രി

November 17, 2021
Google News 1 minute Read

രാജ്യതലസ്ഥാനത്തെ വായു മലിനീകരണ പ്രശ്നത്തിൽ അടിയന്തര നടപടികൾ പ്രഖ്യാപിച്ച് ഡൽഹി പരിസ്ഥിതി മന്ത്രി ഗോപാൽ റായ്. മുഴുവൻ സർക്കാർ ജീവനക്കാർക്കും നവംബർ 21 വരെ വർക്ക് ഫ്രം ഹോം (WFH) മാത്രമായിരിക്കുമെന്ന് ഗോപാൽ റായ് പറഞ്ഞു.

ഡൽഹിയിൽ നവംബർ 21 വരെ നിർമ്മാണ, പൊളിക്കൽ ജോലികൾ നിരോധിച്ചിട്ടുണ്ട്. കൂടുതൽ ഉത്തരവുകൾ ഉണ്ടാകുന്നതുവരെ സ്കൂളുകളും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളും അടഞ്ഞുകിടക്കുമെന്നും റായ് അറിയിച്ചു. കമ്മീഷൻ ഫോർ എയർ ക്വാളിറ്റി മാനേജ്‌മെന്റ് (സിഎക്യുഎം) നിർദ്ദേശങ്ങൾ കർശനമായി നടപ്പാക്കുന്നതിനുള്ള ഉന്നതതല യോഗത്തിന് ശേഷം മാധ്യമങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഡൽഹിയിൽ അവശ്യ സേവനങ്ങൾ ഒഴികെ മാറ്റ് വാഹനങ്ങളുടെ പ്രവേശനം നിരോധിക്കും. പൊലീസും ഗതാഗത വകുപ്പും ഒരുമിച്ച് ഇത് ഉറപ്പ് വരുത്തും. പത്ത് വർഷത്തിലേറെ പഴക്കമുള്ള ഡീസൽ വാഹനങ്ങളുടെയും 15 വർഷത്തിലേറെ പഴക്കമുള്ള പെട്രോൾ വാഹനങ്ങളുടെയും ലിസ്റ്റ് ട്രാൻസ്‌പോർട്ട് ഡിപ്പാർട്ട്‌മെന്റ് പൊലീസിന് കൈമാറിയിട്ടുണ്ട്. അവയുടെ സഞ്ചാരം തടയും. പെട്രോൾ പമ്പുകളിൽ പിയുസി സർട്ടിഫിക്കറ്റ് പരിശോധന കൂടുതൽ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

ഗതാഗതം സുഗമമാക്കുന്നതിനും വാഹനങ്ങളുടെ തിരക്ക് മൂലമുള്ള മലിനീകരണം തടയുന്നതിനും ട്രാഫിക് പൊലീസിന്റെ പ്രത്യേക ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കും. ഡൽഹിയിൽ പൊതുഗതാഗതം വർധിപ്പിക്കുന്നതിനായി 1000 സിഎൻജി ബസുകൾ വാടകയ്‌ക്കെടുക്കുന്നതിനുള്ള നടപടികൾ നാളെ ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു.

കൂടുതൽ വെള്ളം ചീറ്റുന്നത് ഉറപ്പാക്കാൻ അഗ്നിശമനസേനയുടെ വാട്ടർ മെഷീനുകൾ 13 ഹോട്ട്‌സ്‌പോട്ടുകളിൽ സ്ഥാപിക്കും. വ്യവസായശാലകളിൽ ഗ്യാസ് മാത്രം ഉപയോഗിക്കാൻ അനുവദിക്കും, മലിനമായ ഇന്ധനം ഉപയോഗിക്കുന്നതായി കണ്ടെത്തിയാൽ നടപടിയെടുക്കുമെന്നും പരിസ്ഥിതി മന്ത്രി പറഞ്ഞു

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here