Advertisement

ഗപ്റ്റിലിനും ചാപ്മാനും ഫിഫ്റ്റി; ന്യൂസീലൻഡിന് മികച്ച സ്കോർ

November 17, 2021
Google News 2 minutes Read
newzealand innings india t20

ഇന്ത്യക്കെതിരായ ആദ്യ ടി-20 മത്സരത്തിൽ ന്യൂസീലൻഡിന് മികച്ച സ്കോർ. ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ കിവീസ് നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടപ്പെടുത്തി 164 റൺസാണ് നേടിയത്. ന്യൂസീലൻഡിനായി മാർട്ടിൻ ഗപ്റ്റിലും മാർക്ക് ചാപ്മാനും അർദ്ധസെഞ്ചുറി നേടി. 70 റൺസെടുത്ത മാർട്ടിൻ ഗപ്റ്റിലാണ് ടോപ്പ് സ്കോറർ. ഇന്ത്യക്ക് വേണ്ടി ആർ അശ്വിൻ രണ്ട് വിക്കറ്റ് വീഴ്ത്തി. (newzealand innings india t20)

തകർച്ചയോടെ ആയിരുന്നു ന്യൂസീലൻഡിൻ്റെ തുടക്കം. ആദ്യ ഓവറിൽ തന്നെ ഒരു തകർപ്പൻ ഇൻസ്വിംഗറിൽ ഭുവനേശ്വർ കുമാർ ഡാരൽ മിച്ചലിൻ്റെ കുറ്റി പിഴുതെറിയുമ്പോൾ സ്കോർബോർഡിൽ വെറും ഒരു റൺ മാത്രമാണ് ഉണ്ടായിരുന്നത്. മൂന്നാം നമ്പറിൽ മാർക്ക് ചാപ്മാൻ എത്തി. ടൈറ്റ് ലൈനുകളിൽ പന്തെറിഞ്ഞ ഇന്ത്യ ന്യൂസീലൻഡ് സ്കോറിംഗ് പിടിച്ചുനിർത്തി. പവർപ്ലേയിൽ 41 റൺസ് മാത്രമാണ് അവർക്ക് നേടാനായത്. സാവധാനത്തിൽ ട്രാക്കിലേക്കെത്തിയ കിവീസ് ബാറ്റർമാർ തുടർ ബൗണ്ടറികളുമായി ഇന്ത്യയ്ക്ക് സമ്മർദ്ദം സൃഷ്ടിച്ചു. രണ്ടാം വിക്കറ്റിൽ 109 റൺസ് കൂട്ടുകെട്ടാണ് മാർക്ക് ചാപ്മാൻ-മാർട്ടിൻ ഗപ്റ്റിൽ സഖ്യം പടുത്തുയർത്തിയത്.

Read Also : ഇന്ത്യ ഫീൽഡ് ചെയ്യും; വെങ്കടേഷ് അയ്യർക്ക് അരങ്ങേറ്റം

45 പന്തുകളിൽ ചാപ്മാൻ തൻ്റെ ഫിഫ്റ്റി തികച്ചു. കിവീസ് ജഴ്സിയിൽ ചാപ്മാൻ്റെ ആദ്യ അർദ്ധസെഞ്ചുറിയായിരുന്നു ഇത്. ഫിഫ്റ്റിക്ക് പിന്നാലെ ചാപ്മാനെയും (63), അതേ ഓവറിൽ ഗ്ലെൻ ഫിലിപ്സിനെയും (0) മടക്കിയ അശ്വിൻ ഇന്ത്യയെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നു. ചാപ്മാൻ്റെ കുറ്റി പിഴുത അശ്വിൻ ഫിലിപ്സിനെ വിക്കറ്റിനു മുന്നിൽ കുരുക്കി. എന്നാൽ, മറുവശത്ത് വെടിക്കെട്ട് ആരംഭിച്ച ഗപ്റ്റിൽ 31 പന്തുകളിൽ ഫിഫ്റ്റി തികച്ചു. ഫിഫ്റ്റിക്ക് പിന്നാലെ നാലുപാടും ബൗണ്ടറിയടിച്ച ഗപ്റ്റിലിനൊപ്പം ടിം സീഫെർട്ടും ബൗണ്ടറികൾ കണ്ടെത്താൻ തുടങ്ങിയതോടെ ഇന്ത്യ പതറി. എന്നാൽ 18ആം ഓവറിൽ ഗപ്റ്റിലിനെ ശ്രേയാസ് അയ്യരിൻ്റെ കൈകളിലെത്തിച്ച ദീപക് ചഹാർ ഇന്ത്യയെ വീണ്ടും മത്സരത്തിലേക്ക് എത്തിച്ചു. സീഫെർട്ട് (12) ഭുവിയുടെ പന്തിൽ സൂര്യകുമാറിനു പിടികൊടുത്ത് മടങ്ങി. രചിൻ രവീന്ദ്രയെ (7) സിറാജ് ക്ലീൻ ബൗൾഡാക്കി. സാൻ്റ്നർ (4), സൗത്തി (2) എന്നിവർ പുറത്താവാതെ നിന്നു. അവസാന മൂന്ന് ഓവർ തകർത്തെറിഞ്ഞ ഇന്ത്യ ന്യൂസീലൻഡിനെ പിടിച്ചുനിർത്തുകയായിരുന്നു.

Story Highlights: newzealand innings india t20

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here