Advertisement

ബിബിഎലിൽ സ്മൃതി മന്ദനയ്ക്ക് കന്നി സെഞ്ചുറി

November 17, 2021
Google News 2 minutes Read
smriti mandhana wbbl century

വനിതാ ബിഗ് ബാഷിൽ ഇന്ത്യൻ ഓപ്പണർ സ്മൃതി മന്ദനയ്ക്ക് കന്നി സെഞ്ചുറി. മെൽബൺ റെനഗേഡ്സിനെതിരെ ഇന്ന് നടന്ന മത്സരത്തിലാണ് സിഡ്നി തണ്ടർ താരമായ സ്മൃതി സെഞ്ചുറി നേടിയത്. 64 പന്തുകൾ നേരിട്ട താരം 114 റൺസ് നേടി പുറത്താവാതെ നിന്നു. 14 ബൗണ്ടറിയും മൂന്ന് സിക്സറും സഹിതമായിരുന്നു ഈ ഇന്നിംഗ്സ്. വനിതാ ബിഗ് ബാഷിലെ ഏറ്റവും ഉയർന്ന സ്കോർ എന്ന റെക്കോർഡും ഇതോടെ സ്മൃതി സ്വന്തമാക്കി. ഓസീസ് താരം ആഷ്‌ലി ഗാർഡറിനൊപ്പം സ്മൃതി ഈ റെക്കോർഡ് പങ്കിടുകയാണ്. (smriti mandhana wbbl century)

എന്നാൽ സ്മൃതിയുടെ സെഞ്ചുറിക്കും ടീമിനെ രക്ഷിക്കാനായില്ല. 175 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ സിഡ്നി തണ്ടറിന് നിശ്ചിത 20 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 171 റൺസെടുക്കാനേ സാധിച്ചുള്ളൂ. 4 റൺസിനു പരാജയപ്പെട്ട സിഡ്നി തണ്ടർ പ്ലേഓഫ് പോരിൽ നിന്ന് പുറത്തായി.

ഇന്ത്യൻ താരങ്ങളാണ് മത്സരത്തിൽ തിളങ്ങിയത്. ആദ്യം ബാറ്റ് ചെയ്ത മെൽബണിനായി ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ തകർപ്പൻ ബാറ്റിംഗ് പ്രകടനമാണ് നടത്തിയത്. വെറും 55 പന്തുകൾ നേരിട്ട ഹർമൻ 11 ബൗണ്ടറിയും രണ്ട് സിക്സറും സഹിതം 81 റൺസ് നേടി പുറത്താവാതെ നിന്നു. 40 പന്തിൽ ഫിഫ്റ്റിയടിച്ച താരം അവസാന ഓവറുകളിൽ വിസ്ഫോടനാത്മക ബാറ്റിംഗ് പ്രകടനമാണ് കാഴ്ചവച്ചത്. എവിലിൻ ജോൺസ് (42), ജെസ് ഡഫിൻ (33 നോട്ടൗട്ട്) എന്നിവരും തിളങ്ങിയതോടെ മെൽബൺ നിശ്ചിത 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 175 റൺസെന്ന മികച്ച സ്കോറിലെത്തി.

മറുപടി ബാറ്റിംഗിൽ സാമി ജോ-ജോൺസൺ (12), ഫീബി ലിച്ച്ഫീൽഡ് (1) എന്നിവരെ വേഗം നഷ്ടമായെങ്കിലും മൂന്നാം വിക്കറ്റിൽ തഹ്‌ലിയ വാട്സണെ കൂട്ടുപിടിച്ച സ്മൃതി പട നയിക്കുകയായിരുന്നു. 31 പന്തിൽ ഫിഫ്റ്റിയടിച്ച മന്ദന വെറും 57 പന്തിൽ മൂന്നക്കത്തിലെത്തി. തഹ്‌ലിയ വാട്സൺ സ്മൃതിക്ക് ഉറച്ച പിന്തുണ നൽകിയെങ്കിലും 39 പന്തുകൾ നേരിട്ട താരത്തിന് 40 റൺസ് മാത്രമേ നേടാനായുള്ളൂ. ഈ പ്രകടനമാണ് അവരെ പരാജയപ്പെടുത്തിയത്. അവസാന ഓവറിൽ 13 റൺസ് ആയിരുന്നു വിജയലക്ഷ്യം. ഓവർ എറിഞ്ഞ ഹർമൻ വെറും 8 റൺസ് മാത്രം വിട്ടുനൽകി മെൽബണെ തകർപ്പൻ ജയത്തിലെത്തിച്ചു. 4 ഓവറിൽ 27 റൺസ് മാത്രം വിട്ടുനൽകിയ ഹർമൻ ഒരു വിക്കറ്റും വീഴ്ത്തി.

12 മത്സരങ്ങളിൽ എട്ടും വിജയിച്ച മെൽബൺ റെനഗേഡ്സ് ആണ് പോയിൻ്റ് പട്ടികയിൽ ഒന്നാമത്. ഇവർക്ക് 18 പോയിൻ്റുണ്ട്. 7 വിജയങ്ങളടക്കം 16 പോയിൻ്റുള്ള പെർത്ത് സ്കോർച്ചേഴ് രണ്ടാമതും 15 പോയിൻ്റുള്ള ബ്രിസ്ബേൻ ഹീറ്റ് മൂന്നാമതുമുണ്ട്. 13 പോയിൻ്റുള്ള അഡലെയ്ഡ് സ്ട്രൈക്കേഴ്സ് ആണ് നാലാമത്.

Story Highlights: smriti mandhana wbbl century

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here