Advertisement

സൂപ്പർ ഓവറിലേക്ക് നീണ്ട ആവേശം; ബംഗാളിനെ വീഴ്ത്തി കർണാടക സെമിയിൽ

November 18, 2021
Google News 2 minutes Read
karnataka won bengal mushtaq

സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ കർണാടക സെമിഫൈനലിൽ. സൂപ്പർ ഓവരെ നീണ്ട മത്സരത്തിൽ ബംഗാളിനെ കീഴടക്കിയാണ് കർണാടക അവസാന നാലിലേക്ക് ടിക്കറ്റെടുത്തത്. കർണാടക മുന്നോട്ടുവച്ച 161 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ബംഗാൾ നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ നേടിയത് 160 റൺസ്. തുടർന്ന് സൂപ്പർ ഓവറിലെ 6 റൺസ് വിജലയക്ഷ്യം കർണാടക അനായാസം മറികടക്കുകയായിരുന്നു. തമിഴ്നാട്, വിദർഭ, ഹൈദരാബാദ് ടീമുകളാണ് സെമിയിലെത്തിയ മറ്റുള്ളവർ. (karnataka won bengal mushtaq)

ആദ്യം ബാറ്റ് ചെയ്ത് ബാറ്റിംഗ് തകർച്ച നേരിട്ട കർണാടക അഞ്ച് വിക്കറ്റ് നഷ്ടപ്പെടുത്തിയാണ് 160 റൺസിലെത്തിയത്. 29 പന്തിൽ 55 റൺസെടുത്ത് പുറത്താവാതെ നിന്ന കരുൺ നായർ ടോപ്പ് സ്കോറർ ആയപ്പോൾ രോഹൻ കദം (29 പന്തിൽ 30), മനീഷ് പാണ്ഡെ (34 പന്തിൽ 29) എന്നിവരും കർണാടക സ്കോറിലേക്ക് നിർണായക സംഭാവന നൽകി. അവസാന ഓവറുകളിൽ അഭിനവ് മനോഹർ (9 പന്തിൽ 19), അനിരുദ്ധ ജോഷി (10 പന്തിൽ 16) എന്നിവരുടെ കൂറ്റനടികളും കർണാടകയെ തുണച്ചു. മധ്യ ഓവറുകളിൽ ക്യാപ്റ്റൻ മനീഷ് പാണ്ഡെയുടെ മെല്ലെപ്പോക്കാണ് കർണാടയെ 160ൽ ഒതുക്കിയത്.

Read Also : ബൗളിംഗിൽ നിരാശപ്പെടുത്തി കേരളം; അനായാസ ജയത്തോടെ തമിഴ്നാട് സെമിഫൈനലിൽ

മറുപടി ബാറ്റിംഗിൽ ഇടക്കിടെ വിക്കറ്റ് നഷ്ടമായെങ്കിലും കരുത്തരായ കർണാടകയെ വിറപ്പിക്കാൻ ബംഗാളിനു സാധിച്ചു. ടോപ്പ് ഓർഡറിൽ ശ്രീവത്സ് ഗോസ്വാമി (10 പന്തിൽ 22) നൽകിയ വിസ്ഫോടനാത്മക തുടക്കം അവർക്ക് കരുത്തായി. 40 പന്തിൽ 51 റൺസെടുത്ത വൃത്തിക് ചാറ്റർജിയാണ് ബംഗാൾ ടോപ്പ് സ്കോറർ. മധ്യ ഓവറുകളിൽ പതറിയ ബംഗാളിനെ ഏഴാം നമ്പറിൽ വെടിക്കെട്ട് ബാറ്റിംഗ് കാഴ്ച വച്ച റിത്വിക് ചൗധരി (18 പന്തിൽ 36) ജയത്തിനരികെ എത്തിച്ചു. എന്നാൽ, അവസാന പന്തിൽ വിജയിക്കാൻ ഒരു റൺസ് വേണ്ടപ്പോൾ ആകാശ് ദീപിനെ നേരിട്ടുള്ള ത്രോയിലൂടെ റണ്ണൗട്ടാക്കിയ മനീഷ് പാണ്ഡെ കർണാടകയെ സൂപ്പർ ഓവറിലേക്ക് നയിക്കുകയായിരുന്നു.

ബംഗാളിനായി സൂപ്പർ ഓവറിൽ ബാറ്റ് ചെയ്ത കൈഫ് അഹ്മദ് രണ്ടാം പന്തിൽ റണ്ണെടുക്കാതെ മടങ്ങി. നാലാം പന്തിൽ രണ്ടാം റണ്ണിനു ശ്രമിക്കവെ ഗോസ്വാമി (4) റണ്ണൗട്ടായി. കെസി കരിയപ്പ എറിഞ്ഞ ഓവറിൽ 5 റൺസ് മാത്രമേ അവർക്ക് നേടാനായുള്ളൂ. മറുപടിയായി മുകേഷ് എറിഞ്ഞ ഓവറിലെ ആദ്യ പന്തിൽ ഡബിളോടിയ മനീഷ് പാണ്ഡെ രണ്ടാം പന്തിൽ സിക്സറടിച്ച് ടീമിനെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു.

സെമിഫൈനലിൽ കർണാടക വിദർഭയെ നേരിടും. കേരളത്തെ കീഴടക്കിയ തമിഴ്നാടിന് ഹൈദരാബാദാണ് എതിരാളികൾ.

Story Highlights: karnataka won bengal syed mushtaq ali trophy

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here