2007 ടി-20 ലോകകപ്പിലെ ഇന്ത്യൻ വിജയം അഭ്രപാളിയിലേക്ക്; ‘ഹഖ് സേ ഇന്ത്യ’ അണിയറയിൽ ഒരുങ്ങുന്നു

2007 ടി-20 ലോകകപ്പിലെ ഇന്ത്യൻ വിജയം അഭ്രപാളിയിലേക്ക്. ‘ഹഖ് സേ ഇന്ത്യ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ലോകകപ്പ് നേടിയ ടീമിൽ അംഗമായിരുന്ന മലയാളി പേസർ ശ്രീശാന്ത് തൻ്റെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ പോസ്റ്റർ പങ്കുവച്ചു.
ലണ്ടൻ ആസ്ഥാനമായ വൺ വൺ സിക്സ് നെറ്റ്‌വർക്ക് ലിമിറ്റഡാണ് ചിത്രം നിർമ്മിക്കുക. കബൂൽ ഹേ എന്ന ചിത്രം ഒരുക്കിയ സൗഗത് ഭട്ടാചാര്യ സിനിമ സംവിധാനം ചെയ്യും. ഒടിടിയിലാവും ചിത്രം റിലീസ് ചെയ്യുക എന്നാണ് റിപ്പോർട്ട്. സലിം-സുലൈമാൻ സഖ്യം ചിത്രത്തിൻ്റെ സംഗീതം നിർവഹിക്കും.
2007 ഏകദിന ലോകകപ്പിൽ ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ പുറത്തായതോടെ യുവതാരങ്ങളെയാണ് ബിസിസിഐ ലോകകപ്പിനായി അയച്ചത്. എംഎസ് ധോണി ആദ്യമായി ഇന്ത്യയെ നയിക്കുന്നതും ദക്ഷിണാഫ്രിക്കയിൽ നടന്ന പ്രഥമ ടി-20 ലോകകപ്പിലായിരുന്നു. പാകിസ്താനെതിരെ ഗ്രൂപ്പ് ഘട്ടത്തിൽ ഒരു മസ്റ്റ് വിൻ ഗെയിം നാടകീയമായി ബോളൗട്ടിൽ ജയിച്ച് സൂപ്പർ എട്ടിലെത്തിയ ഇന്ത്യ ന്യൂസീലൻഡിനെതിരെ തോറ്റുതുടങ്ങി. പിന്നീട് ഇംഗ്ലണ്ടിനെയും ദക്ഷിണാഫ്രിക്കയെയും തോല്പിച്ച ഇന്ത്യ സെമിയിലേക്ക് മുന്നേറി. ഇംഗ്ലണ്ടിനെതിരായ മത്സരത്തിലാണ് യുവരാജിൻ്റെ ഒരു ഓവറിൽ 6 സിക്സും 12 പന്തിൽ ഫിഫ്റ്റിയും പിറന്നത്. സെമിയിൽ കരുത്തരായ ഓസ്ട്രേലിയയെ 15 റൺസിനു കീഴടക്കിയ ഇന്ത്യ കലാശപ്പോരിലേക്ക് ടിക്കറ്റെടുത്തു. ഫൈനലിൽ എതിരാളികളായി വീണ്ടും പാകിസ്താൻ. ഏറെ നാടകീയ മുഹൂർത്തങ്ങൾക്കൊടുവിൽ 5 റൺസിന് പാകിസ്താനെ കീഴടക്കിയാണ് ഇന്ത്യ കിരീടം ചൂടിയത്. അവസാന വിക്കറ്റായ മിസ്ബാഹുൽ ഹഖിനെ പുറത്താക്കിയത് ശ്രീശാന്തിൻ്റെ ക്യാച്ച് ആയിരുന്നു.
Story Highlights: 2007 t20 world cup movie haq se india
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here