ബിജെപി അധ്യക്ഷൻ പറഞ്ഞതാണ് പാർട്ടി നിലപാട്; ഹലാൽ ഭക്ഷണത്തെ അനുകൂലിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ച് സന്ദീപ് വാര്യർ

ഹലാൽ ഭക്ഷണത്തെ അനുകൂലിച്ചുള്ള ഫേസ്ബുക് പോസ്റ്റ് പിൻവലിച്ച് സന്ദീപ് വാര്യർ. ബിജെപി അധ്യക്ഷൻ പറഞ്ഞതാണ് പാർട്ടി നിലപാടെന്ന് സന്ദീപ് വാര്യർ അഭിപ്രായപ്പെട്ടു. ഉദ്ദേശശുദ്ധി മനസിലാക്കാതെ പാർട്ടി നിലപാടിന് വിരുദ്ധമെന്ന് മാധ്യമങ്ങൾ വരുത്തി തീർത്തുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഹലാൽ വിഷയത്തിൽ സന്ദീപ് വാര്യരുടെ നിലപാടിനെ തള്ളി ബിജെപി രംഗത്തെത്തിയിരുന്നു . ഹലാൽ ഭക്ഷണത്തെ അനുകൂലിച്ചുള്ള സന്ദിപ് വാര്യരുടെ ഫേസ്ബുക്ക് പോസ്റ്റാണ് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി പി സുധീർ തള്ളിയത്. സംസ്ഥാന അധ്യക്ഷൻ പറയുന്നതാണ് ബിജെപി നിലപാട്. പാർട്ടി ഭാരവാഹികളുടെ നിലപാട് പാർട്ടിയുടെ ഔദ്യോഗിക നിലപാടുമായി ചേർന്ന് പോകണമെന്ന് പി സുധീർ പറഞ്ഞു. ഹലാല്‍ ഒരു മതപരമായ ആചാരമാണെന്ന് ബി.ജെ.പി വിശ്വസിക്കുന്നില്ലെന്നും ഇസ്‍ലാമിക പണ്ഡിതന്‍മാര്‍ പോലും ഇതിനെ അനുകൂലിക്കുമെന്ന് തോന്നുന്നില്ലെന്നും സുധീർ പറഞ്ഞു.
Read Also : ഹലാൽ വിഷയത്തിലെ പ്രചാരണങ്ങൾ സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കാൻ ലക്ഷ്യമിട്ടുള്ളത് : വി.ഡി സതീശൻ
‘ഹിന്ദുവിനും മുസൽമാനും ക്രിസ്ത്യാനിക്കും പരസ്പരം സാമ്പത്തിക ഉപരോധം നടത്തി ഈ നാട്ടിൽ ജീവിക്കാനാവില്ല എന്ന് എല്ലാവരും മനസ്സിലാക്കിയാൽ നല്ലത്. മുസൽമാന്റെ സ്ഥാപനത്തിൽ ഹിന്ദുവും ഹിന്ദുവിന്റെ സ്ഥാപനത്തിൽ മുസൽമാനും ജോലി ചെയ്യുന്നുണ്ട്. അവന്റെ സ്ഥാപനങ്ങൾ തകർക്കാൻ നിങ്ങൾക്കൊരു നിമിഷത്തെ സോഷ്യൽ മീഡിയ പോസ്റ്റ് മതിയാകും. എന്നാൽ ഒരു സ്ഥാപനം തകർന്നാൽ പട്ടിണിയിലാവുന്നത് എല്ലാ വിഭാഗങ്ങളിലുംപ്പെട്ട മനുഷ്യരാവുമെന്നു’മാണ് സന്ദീപ് വാര്യർ ഫേസ്ബുക്കിൽ കുറിച്ചത്.
Story Highlights : sandeep warrier halal controversy
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here