ഐഎസ്എൽ: ആദ്യ ജയത്തിനായി ബ്ലാസ്റ്റേഴ്സും നോർത്തീസ്റ്റും ഇന്നിറങ്ങും

ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് കേരള ബ്ലാസ്റ്റേഴ്സിന് രണ്ടാം മത്സരം. നോർത്തീസ്റ്റ് യുണൈറ്റഡാണ് ബ്ലാസ്റ്റേഴ്സിൻ്റെ എതിരാളികൾ. രാത്രി 7.30ന് ഗോവ ഫറ്റോർഡ സ്റ്റേഡിയത്തിലാണ് മത്സരം. തങ്ങളുടെ ആദ്യ മത്സരം പരാജയപ്പെട്ടതിനാൽ ജയം തേടിയാണ് ഇരു ടീമുകളും ഇറങ്ങുക. ഉദ്ഘാടന മത്സരത്തിൽ എടികെ മോഹൻബഗാനോട് നാലിനെതിരെ രണ്ട് ഗോളുകൾക്ക് ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടപ്പോൾ സമാനമായ സ്കോറിൽ നോർത്തീസ്റ്റിനെ ബെംഗളൂരു എഫ്സി കീഴടക്കി. (kerala blasters northeast united)
അവസാന 9 മത്സരങ്ങളിൽ ജയമില്ലാതെയാണ് ബ്ലാസ്റ്റേഴ്സ് ഇന്ന് ഇറങ്ങുന്നത്. നാല് മത്സരങ്ങളിൽ പരാജയപ്പെട്ട ബ്ലാസ്റ്റേഴ്സ് അഞ്ച് മത്സരങ്ങളിൽ സമനില പാലിച്ചു. ഈ വർഷാരംഭത്തിൽ ബെംഗളൂരു എഫ്സിക്കെതിരെ നേടിയതാണ് ബ്ലാസ്റ്റേഴ്സിൻ്റെ അവസാന ജയം. വിജയവഴിയിലേക്ക് തിരികെ എത്തുക എന്നത് മാത്രമാണ് ബ്ലാസ്റ്റേഴ്സിൻ്റെ ലക്ഷ്യം. പ്രീസീസൺ പോരാട്ടത്തിൽ മികച്ച പ്രകടനം നടത്തിയ ബ്ലാസ്റ്റേഴ്സ് ആ ഫോം തുടരാനാവും ലക്ഷ്യമിടുക. എടികെയ്ക്കെതിരെ ഭേദപ്പെട്ട് കളിച്ചെങ്കിലും പ്രതിരോധവും ഗോളിയും മോശം പ്രകടനം നടത്തിയത് ബ്ലാസ്റ്റേഴ്സിനു തിരിച്ചടി ആവുകയായിരുന്നു. ആദ്യ മത്സരത്തിൽ പരുക്കേറ്റ രാഹുൽ കെപി ഇന്ന് കളിക്കില്ല. പകരം വിൻസി ബരെറ്റോയോ പ്രശാന്തോ ഫൈനൽ ഇലവനിൽ കളിക്കും.
നോർത്തീസ്റ്റിനെതിരെ അവസാനം കളിച്ച ആറ് മത്സരങ്ങളിലും ബ്ലാസ്റ്റേഴ്സിനു വിജയിക്കാനായില്ല എന്നത് ശ്രദ്ധേയമായ കാര്യമാണ്. രണ്ട് തോൽവിയും നാല് സമനിലയുമാണ് ഈ മത്സരങ്ങളിൽ ബ്ലാസ്റ്റേഴ്സിൻ്റെ സമ്പാദ്യം. ഈ കണക്കുകളെയൊക്കെ ബ്ലാസ്റ്റേഴ്സിനു മറികടക്കേണ്ടതുണ്ട്. അഡ്രിയാൻ ലൂണ, സഹൽ, രാഹുൽ, പെരേര ഡിയാസ് തുടങ്ങിയവർ ആദ്യ മത്സരത്തിൽ തിളങ്ങിയപ്പോൾ ബിജോയ്, ആൽബീനോ ഗോമസ് എന്നിവർ നിരാശപ്പെടുത്തി. കഴിഞ്ഞ മത്സരത്തിൽ നിന്ന് ചില മാറ്റങ്ങൾ ഈ കളിയിൽ പ്രതീക്ഷിക്കാമെന്നാണ് കരുതപ്പെടുന്നത്.
Story Highlights : kerala blasters northeast united isl
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here