ഇന്ധന വില; ഒഡീഷ എംപിയുടെ മുഖത്ത് ചീമുട്ട എറിഞ്ഞ് കോൺഗ്രസ്; 2 പേർ കസ്റ്റഡിയിൽ

ബി.ജെ.ഡി എംപി അപരാജിത സാരംഗിക്ക് നേരെ ചീമുട്ട എറിഞ്ഞ് കോൺഗ്രസ്. ഭുവനേശ്വറിന് സമീപമാണ് എംപിയുടെ മുഖത്ത് ചീമുട്ട എറിഞ്ഞത്. ഒഡീഷ മുഖ്യമന്ത്രി നവീൻ പട്‌നായിക്കിന്റെ വാഹനവ്യൂഹത്തിന് നേരെ ബി.ജെ.പി പ്രവർത്തകർ മുട്ട എറിഞ്ഞതിന് പിന്നാലെയാണ് കോൺഗ്രസിന്റെ ചീമുട്ടയേറ്.
ഇന്ധന വില വർധനയും തൊഴിലില്ലായ്മയും ചൂണ്ടിക്കാട്ടി ബനമാലിപൂരിൽ കോൺഗ്രസ് നടത്തിയ പ്രതിഷേധത്തിനിടയിലാണ് ഒഡീഷ എംപിക്ക് നേരെ ചീമുട്ട എറിഞ്ഞത്. പ്രവർത്തകർ വാഹനത്തിന് നേരെ മുട്ട എറിയുകയും കരിങ്കൊടി കാണിക്കുകയും ചെയ്തു. ഭുവനേശ്വർ എംപിയുടെ പ്രതിനിധി ധനേശ്വര് ബാരിക്കിന്റെ പരാതിയെ തുടർന്ന് സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
അക്രമികൾ തന്റെ വാഹനത്തിന് നേരെ കല്ലെറിയുകയും കത്തിയുൾപ്പെടെയുള്ള ആയുധങ്ങൾ അവരുടെ കൈവശം ഉണ്ടായിരുന്നതായും പരാതിയിൽ ആരോപിച്ചു. അതിനിടെ ബാലസോർ പട്ടണത്തിലെ പുതിയ റെയിൽവേ സ്റ്റേഷൻ കെട്ടിടത്തിന്റെ തറക്കല്ലിടൽ ചടങ്ങിൽ ഭരണകക്ഷിയായ ബി.ജെ.ഡിയുടെയും പ്രതിപക്ഷമായ ബി.ജെ.പിയുടെയും അനുയായികൾ തമ്മിൽ വാക്കേറ്റമുണ്ടായി.
പരിപാടിയിൽ പങ്കെടുത്ത ബിജെപി എംപി പ്രതാപ് സാരംഗിയുടെയും ബി.ജെ.ഡി എംഎൽഎ സ്വരൂപ് ദാസിന്റെയും സാന്നിധ്യത്തിലായിരുന്നു സംഭവം. മുഖ്യമന്ത്രി പട്‌നായിക്കിനെ അഭിനന്ദിച്ച് ബി.ജെ.ഡി പ്രവർത്തകർ മുദ്രാവാക്യം വിളിച്ചപ്പോൾ, പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അനുകൂലമായി ബിജെപി പ്രവർത്തകരും മുദ്രാവാക്യം വിളിച്ചു.
Story Highlights : egg-attack-by-congress
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here