ഗോധ്ര ട്രെയിൻ കൂട്ടക്കൊലക്കേസ് പ്രതി ചികിത്സയ്ക്കിടെ മരിച്ചു

ഗുജറാത്തിൽ കൂട്ടക്കൊലക്കേസ് പ്രതി ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു. 2002ലെ ഗോധ്ര ട്രെയിൻ കൂട്ടക്കൊലക്കേസിലെ പ്രതി ബിലാൽ ഇസ്മായിൽ അബ്ദുൾ മജീദ് (ഹാജി ബിലാൽ (61)) ആണ് മരിച്ചത്. വഡോദര സെൻട്രൽ ജയിലിൽ ജീവപര്യന്തം തടവ് അനുഭവിക്കുകയായിരുന്നു അബ്ദുൾ മജീദ്.
ആരോഗ്യസ്ഥിതി വഷളായതിനെ തുടർന്ന് എസ്എസ്ജി ആശുപത്രിയിൽ ചികിത്സയിലായിരുന്നു മജീദ്. ഇന്നലെയാണ് ഇയാളുടെ മരണം സ്ഥിരീകരിച്ചതെന്ന് അസിസ്റ്റന്റ് പൊലീസ് കമ്മീഷണർ എവി രാജ്ഗോർ അറിയിച്ചു. കഴിഞ്ഞ നാല് വർഷമായി ബിലാലിന് സുഖമില്ലെന്നും ആരോഗ്യനില മോശമായതിനെ തുടർന്ന് നവംബർ 22ന് ജയിലിൽ നിന്ന് ആശുപത്രിയിലേക്ക് മാറ്റിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2002 ഫെബ്രുവരി 27 ന് ഗോധ്രയിൽ വെച്ച് സബർമതി എക്‌സ്പ്രസ് ട്രെയിനിന്റെ എസ് 6 കോച്ച് കത്തിച്ച കേസിൽ ജീവപര്യന്തം തടവ് അനുഭവിക്കുന്ന 11 പ്രതികളിൽ ഒരാളാണ് ബിലാൽ. അയോധ്യയിൽ നിന്ന് കർസേവകരെ കയറ്റി വരുമ്പോഴായിരുന്നു സംഭവം. തീപിടിത്തത്തിൽ 59 പേർ കൊല്ലപ്പെട്ടു. പിന്നാലെ സംസ്ഥാനത്ത് വ്യാപക അക്രമ സംഭവങ്ങൾ അരങ്ങേറി.
Story Highlights : godhra-train-burning-case-convict-dies
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here