പൊലീസിന്റെ സിറ്റിസണ്‍ പോര്‍ട്ടല്‍ ‘തുണ’ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

പൊലീസിന്‍റെ നവീകരിച്ച സിറ്റിസണ്‍ സർവീസ് പോര്‍ട്ടല്‍, മൊബൈല്‍ ആപ്ലിക്കേഷന്‍ എന്നിവയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിർവഹിച്ചു. തുണ എന്ന നിലവിലെ സർവീസ് പോര്‍ട്ടല്‍ പൊതുജനങ്ങള്‍ക്ക് സുഗമമായി ഉപയോഗിക്കാന്‍ കഴിയുന്ന തരത്തില്‍ മാറ്റം വരുത്തിയാണ് പുതിയ പോര്‍ട്ടല്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. പൊലീസ് സ്റ്റേഷനുകളില്‍ പരാതി നല്‍കല്‍, എഫ്.ഐ.ആര്‍ പകര്‍പ്പ് ലഭ്യമാക്കല്‍, അപകടകേസുകളില്‍ ഇന്‍ഷുറന്‍സ് ക്ലെയിമിന് സമര്‍പ്പിക്കേണ്ട രേഖകള്‍, പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ്, ഉച്ചഭാഷിണി ഉപയോഗിക്കുന്നതിനുളള അനുമതി തുടങ്ങിയ സേവനങ്ങള്‍ക്കായി പുതിയ പോര്‍ട്ടല്‍ വഴി അപേക്ഷിക്കാം.
പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ്, ഉച്ചഭാഷിണി ഉപയോഗിക്കുന്നതിനുളള അനുമതി തുടങ്ങിയ സേവനങ്ങള്‍ക്കുളള പണം അടയ്ക്കാന്‍ ഓണ്‍ലൈന്‍ പെയ്മെന്‍റ് രീതികളും പുതിയ പോര്‍ട്ടലില്‍ ലഭ്യമാക്കിയിട്ടുണ്ട്. ഈ സംവിധാനത്തിലൂടെ അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ട രേഖകള്‍ ഓണ്‍ലൈനായി അപ്ലോഡ് ചെയ്യാനും കഴിയും. നാഷണല്‍ ക്രൈം റിക്കാര്‍ഡ്സ് ബ്യൂറോയുടെ വെബ്സൈറ്റ് മുഖാന്തിരം രാജ്യത്താകമാനമുളള വാഹനങ്ങളുടെ വിവരങ്ങള്‍ പരിശോധിച്ച് നോണ്‍ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ ലഭ്യമാക്കാനുളള സൗകര്യവുമുണ്ട്.
അപേക്ഷപ്രകാരമുളള സേവനങ്ങളും രേഖകളും മറ്റും പോര്‍ട്ടല്‍ മുഖാന്തിരം തന്നെ ലഭിക്കുന്നതിനാല്‍ പൊതുജനങ്ങള്‍ക്ക് പൊലീസ് സ്റ്റേഷനില്‍ പോകാതെ തന്നെ ആവശ്യമായ രേഖകള്‍ കൈപ്പറ്റാം. ഓരോ സേവനത്തിനുമുളള അപേക്ഷകളുടെ തല്‍സ്ഥിതി എസ്.എം.എസ് അല്ലെങ്കില്‍ പോര്‍ട്ടല്‍ വഴി അപേക്ഷകന് ലഭ്യമാകും. രജിസ്റ്റര്‍ ചെയ്ത പരാതികള്‍ക്ക് രസീതും ലഭിക്കും. പൊലീസ് നല്‍കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ ആധികാരികത തെളിയിക്കുന്നതിനുളള സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
Story Highlights : cm-inaugurates-citizen-portal
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here