17
Jan 2022
Monday

തിയേറ്ററുകളിൽ ആവേശമായി “മരക്കാർ”; മൂവി റിവ്യൂ

മൂന്ന് വർഷത്തെ കാത്തിരിപ്പിനാണ് ഇന്നലെ അർധരാത്രിയോടെ വിരാമമിട്ടത്. മലയാള സിനിമ ലോകം കാത്തിരുന്ന ബ്രഹ്മാണ്ഡ ചിത്രം ഇന്നലെ വെള്ളിത്തിരയിൽ എത്തി. ഇതിഹാസ നായകനെ വരവേൽക്കാൻ ആരാധകർ വിവരിക്കാനാകാത്ത ആവേശത്തോടെയാണ് കാത്തിരുന്നത്. പാട്ടും നൃത്തവും മേളവുമായി ഉത്സവ പ്രതീതിയിലാണ് മരക്കാറിനെ ആരാധകർ വരവേറ്റത്. പക്ഷെ ഇനി അറിയേണ്ടത് വെള്ളിത്തിരയിൽ പ്രേക്ഷക ഹൃദയം കീഴടക്കാൻ മരക്കാറിന് സാധിച്ചോ എന്നാണ്.

തിരിച്ചുപിടിച്ച തിയേറ്റർ ആരവം

പ്രിയദർശൻ-മോഹൻലാൽ കൂട്ടുകെട്ട് പ്രേക്ഷകന് നൽകിയ പ്രതീക്ഷ ചെറുതല്ലാത്തതാണ്. പ്രേക്ഷകരുടെ പ്രിയപ്പെട്ട താരനിരയും മോഹൻലാൽ-പ്രണവ് ഒന്നിക്കുന്നു എന്നതും തുടക്കം മുതലേ പ്രേക്ഷകരെ ആവേശത്തിലാക്കിയിരുന്നു. ഇന്ത്യൻ സിനിമയിൽ ചരിത്രം കുറിക്കാൻ “മരക്കാർ: അറബിക്കടലിന്റെ സിംഹം” എത്തുന്നു എന്ന മുറവിളികൾക്ക് ഇന്നലെ ഉത്തരം ലഭിച്ചു.

കൊവിഡ് മഹാമാരിയിൽ മുങ്ങിപ്പോയ തിയേറ്റർ ആരവങ്ങൾ സ്വപ്നം കണ്ട സിനിമാപ്രേമിയ്ക്ക് കാത്തിരുന്ന ദൃശ്യവിസ്മയം ഒരുക്കി തന്നെയാണ് പ്രിയദർശൻ ഈ ചിത്രം പ്രേക്ഷരിലേക്ക് എത്തിച്ചിരിക്കുന്നത്. കേട്ടുവളർന്ന ചരിത്രം വെള്ളിത്തിരയിൽ പ്രതിഫലിക്കുമ്പോൾ പ്രേക്ഷക ഭാവനയ്ക്ക് ചെറുതല്ലാത്ത സ്ഥാനം സംവിധായകൻ നൽകുന്നുണ്ട് എന്ന് വേണം പറയാൻ. മരക്കാർ കുടുംബത്തിന്റെയും ആ കാലഘട്ടത്തിന്റെയും പോരാട്ടങ്ങളുടെയും പൊരുതലിന്റെയും കഥയാണ് സിനിമ പങ്കുവെയ്ക്കുന്നത്. ചരിത്രത്തിലെ കരുത്തുറ്റ പോരാളിയുടെ ധീര ചരിത്രം വെള്ളിത്തിരയിൽ എത്തിയ്ക്കുമ്പോൾ പ്രശംസയ്‌ക്കൊപ്പം പോരായ്മകളും പ്രേക്ഷകർ ചൂണ്ടി കാണിക്കുന്നുണ്ട്.

നിറഞ്ഞാടി കുഞ്ഞാലി

കുഞ്ഞാലി മരക്കാരിന്റെ നിഷ്കളങ്കമായ ബാല്യത്തിൽ നിന്നാണ് കഥ ആരംഭിക്കുന്നത്. എങ്ങനെയാണ് നിഷ്കളങ്കനായ യുവാവ് കടലിൽ മായാജാലം കാണിക്കുന്ന പോരാളിയായും പാവങ്ങൾക്ക് ദൈവമായും ശത്രുക്കൾക്ക് കടൽകൊള്ളക്കാരനായും മാറിയതെന്ന് എന്നതിന് ഉത്തരം ചിത്രം നൽകുന്നുണ്ട്. ഹീറോയിസത്തിൽ മോടിപിടിച്ച മരക്കാരെ മാത്രമല്ല, ഓരോ പ്രതിസന്ധികളെയും ധീരമായി പോരാടിയ പോരാളിയെയും ചതിയിൽ കാലിടറുന്ന മരക്കാരെയും പടത്തിൽ കാണാം.

Read Also : വളർത്തുനായയെ തേടിയെത്തുന്ന മാൻകുഞ്ഞ്; ഇത് കരളലിയിക്കുന്ന നിമിഷം…

കയ്യടിനേടി താരനിര

തുടക്കം മുതൽ പ്രേക്ഷകന് സമ്മാനിക്കുന്ന ദൃശ്യവിസ്മയം എടുത്തുപറയേണ്ട ഒന്നാണ്. കടലിലും കരയിലും നടത്തുന്ന യുദ്ധ രംഗങ്ങൾ മലയാള സിനിമയിൽ ഇതുവരെ കണ്ടിട്ടില്ലാത്ത ഒന്നുതന്നെയാണ്. ഹോളിവുഡ് സിനിമകളിൽ കണ്ടുവിസ്മയിച്ച കാഴ്ചകൾ ഇനി മലയാള സിനിമയ്ക്കു സ്വന്തമായി അവകാശപ്പെടാം. മരക്കാർ എന്ന ചിത്രത്തിന്റെ എടുത്ത് പറയേണ്ട ഘടകം പ്രഗൽഭരായ താര നിരതന്നെയാണ്. മോഹൻലാൽ എന്ന വിസ്മയത്തോട് അഭിനയ മൂഹൂർത്തങ്ങൾ കൊണ്ട് ഇവർ പോരടിക്കുന്നത് ചിത്രത്തിൽ കാണാം. മലയാള സിനിമയുടെ അഭിനയ വിസ്മയങ്ങൾക്കൊപ്പം അന്യഭാഷാ താരങ്ങളും മികവുറ്റ പ്രകടനം കാഴ്ചവെച്ചു. അതിൽ എടുത്ത് പറയേണ്ട പേരുകളാണ് അർജുൻ, സുനിൽ ഷെട്ടി, പ്രഭു, ജയ് ജെ ജാക്രിറ്റ് എന്നിവരുടേതാണ്. താര സമ്പന്നമായിരുന്നു പടം എന്നത് പ്രേക്ഷകന് കയ്യടിക്കാൻ ഏറെ സാധ്യതകൾ നൽകി. പ്രണവ് മോഹൻലാൽ – കല്യാണി കൂട്ടുകെട്ടും പ്രേക്ഷകർ ഏറെ നാളായി കാത്തിരിക്കുന്ന ഒന്നാണ്.

സുഹാസിനിയും മഞ്ജു വാര്യരും നെടുമുടി വേണുവും മുകേഷും ഹരീഷ് പേരടിയും തുടങ്ങിയ പ്രഗൽഭരായ താരങ്ങളുടെ അഭിനയ മുഹൂർത്തങ്ങൾ ചിത്രത്തിന് മാറ്റ് കൂട്ടി. ചരിത്രത്തിൽ ധീര പരിവേഷം ലഭിച്ച, ഒരു സാധാരണക്കാരന് ഊഹിക്കാൻ പറ്റാത്ത പോരാട്ടങ്ങൾ നയിച്ച ഒരു നായകനെ പറ്റി സിനിമ ഒരുക്കുക എന്നത് ഏറെ വെല്ലുവിളികൾ നിറഞ്ഞ ഒന്നുതന്നെയാണ്. അതിൽ അങ്ങിങ്ങായി മരക്കാർ പോരായ്മകൾ നേരിടുന്നുണ്ട്. ചൂണ്ടിക്കാണിക്കാൻ പോരായ്മകൾ ഉണ്ടെങ്കിലും കാഴ്ചകൾ കൊണ്ടും ഫ്രെയിമുകൾ കൊണ്ടും സമ്പന്നമാണ് ഈ ചിത്രം എന്ന് എടുത്ത് പറയണം.

Story Highlights : Marakkar Movie Review

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top