മുല്ലപ്പെരിയാറിൽ തുറന്ന 9 ഷട്ടറുകളും അടച്ചു

മുല്ലപ്പെരിയാറിൽ തുറന്ന 9 ഷട്ടറുകളും അടച്ചു. ഒരു ഷട്ടർ 10 സെൻറീമീറ്റർ മാത്രമാണ് നിലവിൽ തുറന്നിരിക്കുന്നത്. ഡാമിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞിട്ടുണ്ടെങ്കിലും ജലനിരപ്പിൽ മാറ്റമില്ല. അണക്കെട്ടിലെ ജലനിരപ്പ് 142 അടിയായി തുടരുകയാണ്. ( Mullaperiyar dam 9 shutter closed )
മുല്ലപ്പെരിയാർ അണക്കെട്ടിൽ നിന്ന് മുന്നറിയിപ്പില്ലാതെ വൻ തോതിൽ വെള്ളം ഒഴുക്കിവിട്ടതിനെതിരെ പ്രദേശവാസികൾ വ്യാപകമായി പ്രതിഷേധിച്ചിരുന്നു. പുലർച്ചെ മൂന്നരയോടെയാണ് ഡാമിന്റെ 10 സ്പിൽവേ ഷട്ടറുകൾ തുറന്നത്. തീരത്തുള്ള വീടുകളിൽ വെള്ളം കയറിയിട്ടുണ്ട്. പെരിയാർ തീരത്ത് ഏഴടിയോളം വെള്ളം കയറി. വൃഷ്ടിപ്രദേശത്ത് രാത്രി ശക്തമായ മഴ ലഭിച്ചതോടെയാണ് അണക്കെട്ടിൽ ജലനിരപ്പ് വലിയ തോതിൽ ഉയർന്നത്.
8000ത്തിൽ അധികം ഘനയടി വെള്ളമാണ് പുറത്തേക്ക് ഒഴുക്കിയത്. ഈ വർഷം പുറത്തേക്കൊഴുക്കുന്ന വെള്ളത്തിന്റെ ഏറ്റവും ഉയർന്ന അളവാണിത്. അതേസമയം തമിഴ്‌നാട് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് കൂട്ടിയിട്ടില്ല. 1,867 ഘനയടി വെള്ളം മാത്രമാണ് നിലവിൽ കൊണ്ടുപോകുന്നത്.
മുല്ലപ്പെരിയാർ അണക്കെട്ടിന്റെ 10 സ്പിൽവേ ഷട്ടറുകൾ 60 സെന്റിമീറ്റർ വീതമാണ് ഉയർത്തിയത്. വീടുകൾ വെള്ളം കയറിത്തുടങ്ങിയതോടെ നാട്ടുകാർ പ്രതിഷേധത്തിലാണ്. ഷട്ടറുകൾ തുറക്കുമ്പോൾ മുന്നറിയിപ്പ് നൽകണമെന്ന കേരളത്തിന്റെ നിരന്തരം ആവശ്യം അവഗണിച്ചാണ് തമിഴ്‌നാട് ഷട്ടറുകൾ തുറന്നത്. തമിഴ്‌നാടിന്റെ നടപടി പ്രതിഷേധാർഹമാണെന്ന് വാഴൂർ സോമൻ എംഎൽഎ ട്വന്റിഫോറിനോട് പറഞ്ഞു.
Story Highlights : Mullaperiyar dam 9 shutter closed
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here