Advertisement

പെരിയ കേസ്; പാര്‍ട്ടി അറിഞ്ഞുകൊണ്ടുള്ള കൊലപാതകമല്ലെന്ന് സിപിഐഎം

December 2, 2021
1 minute Read
periya murder case

പെരിയ കേസ് പാര്‍ട്ടി അറിഞ്ഞുകൊണ്ടുള്ള കൊലപാതകമല്ല എന്ന് സിപിഐഎം. ഏത് അന്വേഷണവും സ്വീകാര്യമാണ്. സിബിഐ കണ്ടെത്തലുകള്‍ തള്ളിയ സിപിഐഎം കാസര്‍ഗോഡ് ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണന്‍ അന്വേഷണത്തില്‍ പാര്‍ട്ടിക്ക് ഭയമില്ലെന്നും വ്യക്തമാക്കി.

‘കഴിഞ്ഞ അസംബ്ലി തെരഞ്ഞെടുപ്പില്‍ ഉദുമ മണ്ഡലത്തില്‍ ഒരു കാലത്തും കിട്ടാത്ത ഭൂരിപക്ഷമാണ് സിപിഐഎം നേടിയത്. പെരിയ സംഭവം നടന്ന കല്യോട്ട് അടക്കമുള്ള വാര്‍ഡുകളിലെ ജനങ്ങള്‍ സിപിഐഎമ്മിനൊപ്പമാണ്. സിപിഐഎം ആണ് കൊലയാളികള്‍ എങ്കില്‍ ജനങ്ങള്‍ വോട്ടുചെയ്യുമായിരുന്നോ? മടിയില്‍ കനമുള്ളവനല്ലേ ഭയക്കേണ്ടതുള്ളൂ. അന്വേഷണത്തില്‍ ഭയമില്ലെന്നും ആരെ വേണമെങ്കിലും പ്രതിയാക്കിക്കോളൂ എന്ന് പണ്ടേ പറഞ്ഞിട്ടുണ്ട്’. ജില്ലാ സെക്രട്ടറി പ്രതികരിച്ചു. അതേസമയം കേസില്‍ അന്വേഷണം ശരിയായ ദിശയിലാണ് പോകുന്നതെന്ന് കൊല്ലപ്പെട്ട കൃപേഷിന്റെ അച്ഛന്‍ കൃ്ഷണന്‍ ട്വന്റിഫോറിനോട് പറഞ്ഞു.

പെരിയ കേസില്‍ ഉദുമ മുന്‍ എംഎല്‍എയും കാസര്‍ഗോഡ് ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായ കെ വി കുഞ്ഞിരാമനെ സിബിഐ പ്രതിപ്പട്ടികയില്‍ ചേര്‍ത്തു. കേസില്‍ ഇരുപതാം പ്രതിയാണ് കെ വി കുഞ്ഞിരാമന്‍. കഴിഞ്ഞ ദിവസം കേസില്‍ സിബിഐ അഞ്ചുപേരെ അറസ്റ്റുചെയ്തിരുന്നു. ഈ അഞ്ചുപ്രതികളും കൊലപാതക കേസില്‍ ഗൂഡാലോചനയില്‍ നേരിട്ട് പങ്കെടുത്തെന്ന് സിബിഐ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. കൃത്യം നടത്തിയവര്‍ക്ക് ആയുധം എത്തിച്ചുനല്‍കി. ബ്രാഞ്ച് സെക്രട്ടറി രാജേഷ് അടക്കമുള്ളവരുടെ ഫോണ്‍ രേഖകള്‍ ഇതിന് തെളിവാണെന്നാണ് സിബിഐ കണ്ടെത്തല്‍. കെ വി കുഞ്ഞിരാമന്‍ കൃത്യം നടത്തിയവര്‍ക്ക് ഒളിവില്‍ പോകാന്‍ സൗകര്യമൊരുക്കി.

ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത് 14 പേര്‍ക്കുപുറമേ 10 പേരെ കൂടി കേസില്‍ പ്രതി ചേര്‍ത്തെന്ന് സിബിഐ കോടതിയില്‍ അറിയിച്ചു. അഞ്ചുപേരുടെ അറസ്റ്റ് രേഖപ്പെടുത്തിയെന്നും മറ്റുള്ളവരുടെ അറസ്റ്റ് ആവശ്യമില്ലെന്നും സിബിഐ അറിയിച്ചു. ഇന്നലെ സിബിഐ അറസ്റ്റുചെയ്ത പ്രതികളെ എറണാകുളം സിജെഎം കോടതി റിമാന്‍ഡ് ചെയ്തു.

Read Also : പെരിയ ഇരട്ടക്കൊലക്കേസില്‍ അഞ്ച് പ്രതികളെ റിമാന്‍ഡ് ചെയ്തു; അന്വേഷണം ശരിയായ ദിശയിലെന്ന് കൃപേഷിന്റെ അച്ഛന്‍

നിലവില്‍ പ്രതികള്‍ക്കെതിരെ ലഘുവായ കുറ്റങ്ങള്‍ മാത്രമാണുള്ളതെന്നാണ് അന്വേഷണ സംഘം കോടതിയെ അറിയിച്ചിരിക്കുന്നത്. സിപിഐഎം ഏച്ചിലടുക്കം ബ്രാഞ്ച് സെക്രട്ടറി രാജേഷ്, ഏച്ചിലടക്കം സ്വദേശികളായ വിഷ്ണു സുര, ശാസ്ത മധു, റെജി വര്‍ഗീസ്, ഹരിപ്രസാദ് എന്നിവരാണ് ഇന്നലെ അറസ്റ്റിലായത്. ഇവര്‍ക്ക് കൊലപാതകത്തിലെ ഗൂഡാലോചയില്‍ പങ്കുണ്ടെന്നാണ് സിബിഐ കണ്ടെത്തല്‍. കൃപേഷിന്റെയും ശരത് ലാലിന്റെയും യാത്രാവിവരങ്ങള്‍ പ്രതികള്‍ക്ക് കൈമാറുക, ആയുധങ്ങള്‍ സമാഹരിച്ചു നല്‍കുക, വാഹന സൗകര്യം ഏര്‍പ്പെടുത്തി നല്‍കുക തുടങ്ങിയ കുറ്റങ്ങള്‍ പ്രതികള്‍ ചെയ്‌തെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.

Story Highlights : periya murder case, cpim

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top