ജവാദ് ചുഴലിക്കാറ്റ് ഇന്ന് ആന്ധ്രാപ്രദേശിന്റെ വടക്കൻ തീരത്തെത്തുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

ജവാദ് ചുഴലിക്കാറ്റ് ഇന്ന് ആന്ധ്രാപ്രദേശിന്റെ വടക്കൻ തീരത്തെത്തുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഞായറാഴ്ച ഒഡീഷയിലെ പുരി തീരം തൊടും. ശക്തമായ മഴയുണ്ടാകാൻ സാധ്യതയുള്ളതിനാൽ, ആന്ധ്രാപ്രദേശിലെ മൂന്ന് ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. സംസ്ഥാനത്തിന്റെ വടക്ക് തീരദേശ ജില്ലകളായ ശ്രീകാകുളം, വിശാഖപട്ടണം, വൈശ്യനഗരം ജില്ലകളിലാണ് റെഡ് അലേർട്ട് പ്രഖ്യാപിച്ചത്. മേഖലയിൽ പ്രത്യേക ശ്രദ്ധയും മുന്നൊരുക്കങ്ങളും നടത്തണമെന്ന് മുഖ്യമന്ത്രി വൈഎസ് ജഗ്മേഹൻ റെഡ്ഡി നിർദ്ദേശിച്ചു. ദേശീയ ദുരന്ത നിവാരണ സേന അംഗങ്ങളെ ഈ മൂന്ന് ജില്ലകളിലും വിന്യസിച്ചിട്ടുണ്ട്. (jawad cyclone andhra pradesh)
തമിഴ്നാടിന്റെ തീരദേശ ജില്ലകളായ കന്യാകുമാരി, തിരുനെൽവേലി എന്നിവിടങ്ങളിൽ ഇന്ന് ശക്തമായ മഴ മുന്നറിയിപ്പുണ്ട്. ഈറോഡ്, സേലം, നാമക്കൽ, തിരുപ്പൂർ ജില്ലകളിൽ ഞായറാഴ്ച മഴയുണ്ടാകും. ഒറ്റപ്പെട്ട കനത്ത മഴയാണ് ഈ ജില്ലകളിൽ പ്രവചിച്ചിട്ടുള്ളത്.
Read Also : ജവാദ് ചുഴലിക്കാറ്റ്; തെക്കൻ ബംഗാളിൽ അതിശക്തമായ മഴയ്ക്ക് സാധ്യത
പശ്ചിമ ബംഗാളിന്റെ തെക്കൻ ഭാഗത്ത് അതിശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ട്. ജവാദ് ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ അടിയന്തര നടപടികൾ സ്വീകരിച്ചതായി സർക്കാർ അറിയിച്ചു. സംസ്ഥാനത്തെ താഴ്ന്ന പ്രദേശങ്ങളിലെ, പ്രധാനമായും സൗത്ത് 24 പർഗാനാസ്, പുർബ മെദിനിപൂർ ജില്ലകളിലെ നിവാസികളെ ഉയർന്ന സ്ഥലങ്ങളിലേക്കും സുരക്ഷിത കേന്ദ്രങ്ങളിലേക്കും മാറ്റിയതായി സർക്കാർ അറിയിച്ചു.
രക്ഷാപ്രവർത്തനത്തിനും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കുമായി തീരപ്രദേശങ്ങളിലെ വിവിധ സ്ഥലങ്ങളിൽ എൻഡിആർഎഫ്, എസ്ഡിആർഎഫ് ടീമുകൾ നിലയുറപ്പിച്ചിട്ടുണ്ട്. മത്സ്യത്തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള നിർദേശങ്ങൾ കോസ്റ്റ് ഗാർഡിന് നൽകിയിട്ടുണ്ട്. നൂറുകണക്കിന് മത്സ്യബന്ധന ബോട്ടുകളെ ഹാർബറുകളിലേക്ക് തിരികെ കൊണ്ടുവരാൻ നടപടി സ്വീകരിച്ചെന്നും പ്രതിരോധ ഉദ്യോഗസ്ഥൻ പറഞ്ഞു.
പ്രാദേശിക ഭരണകൂടത്തിന് സഹായം നൽകുന്നതിനായി തീരസംരക്ഷണ സേനയുടെ ദുരന്തനിവാരണ സംഘങ്ങളെ സജ്ജരാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജവാദ് ചുഴലിക്കാറ്റിന്റെ സ്വാധീനത്തിൽ, ശനിയാഴ്ച പർബ, പശ്ചിമ മേദിനിപൂർ ജില്ലകളിൽ ഒന്നോ രണ്ടോ സ്ഥലങ്ങളിൽ കനത്തതോ അതിശക്തമായതോ ആയ മഴയും നോർത്ത്, സൗത്ത് 24 പർഗാനാസ്, ജാർഗ്രാം, ഹൂഗ്ലി, ഹൗറ എന്നിവിടങ്ങളിൽ കനത്ത മഴയും പെയ്യാൻ സാധ്യതയുണ്ട്.
ഞായറാഴ്ച, കൊൽക്കത്ത, പുർബ, പശ്ചിമ മേദിനിപൂർ, നോർത്ത്, സൗത്ത് 24 പർഗാനാസ്, ജാർഗ്രാം, ഹൂഗ്ലി, ഹൗറ ജില്ലകളിൽ ഒന്നോ രണ്ടോ സ്ഥലങ്ങളിൽ കനത്തതോ അതിശക്തമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷകർ അറിയിച്ചു.
Story Highlights : jawad cyclone andhra pradesh
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here