‘ഇന്ത്യ ചുറ്റാം’; ഭിന്നശേഷിക്കാരുടെ യാത്രാ സ്വപ്‌നങ്ങൾക്ക് ചിറക് നൽകി സന്തോഷ് ജോർജ് കുളങ്ങര

യാത്ര പോകാൻ ആർക്കാണ് ഇഷ്ടമല്ലാത്തത് ? കുറച്ച് പണമെങ്കിലും സ്വരുക്കൂട്ടി വച്ച് തങ്ങളാൽ കഴിയുന്നത്ര ദൂരത്തേക്ക് ചെറുയാത്രയെങ്കിലും നടത്തുന്നവരാണ് മനുഷ്യർ. എന്നാൽ ശാരീരിക വെല്ലുവിളികളെ തുടർന്ന് ജീവിതം ഒരു ചക്രകസേരയിലോ, വീടുകളുടെ ചുവരിനുള്ളിലോ ഒതുങ്ങിപ്പോയവരെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ ? ഇവരുടെ യാത്രകൾ പലപ്പോഴും വീട്ടിൽ നിന്ന് ജോലി സ്ഥാപനം വരെയോ ആശുപത്രി വരെയോ ഒതുങ്ങിപ്പോകുന്നു. പ്രകൃതിയൊരുക്കിയ മനോഹാരിത കാണാൻ ഇവർക്കും ആഗ്രഹമുണ്ടാകും. ചരിത്ര അവശേഷിപ്പുകളും, ലോകാത്ഭുതങ്ങളും, സഞ്ചാര കേന്ദ്രങ്ങളുമെല്ലാം ചിത്രങ്ങളിലൂടെ മാത്രം കണ്ട ഇവർക്കും ഇതെല്ലാം കാണാൻ അതിയായ താത്പര്യമുണ്ടാകും. ശാരീരിക അവശതകളെ തുടർന്ന് മാറ്റിവച്ച, മനഃപൂർവം മറന്നുകളഞ്ഞ ഈ ആഗ്രഹങ്ങൾ ഇനി വെറും ആശകളായി മാത്രം ഒതുങ്ങില്ലെന്ന് ഉറപ്പ് നൽകുകയാണ് ലോക സഞ്ചാരി സന്തോഷ് ജോർജ് കുളങ്ങര. ഭിന്നശേഷിക്കാരുടെ യാത്രാ സ്വപ്‌നങ്ങൾക്ക് ചിറക് നൽകാൻ ഒരു ‘ഇന്ത്യ ടൂർ’ സംഘടിപ്പിക്കാനൊരുങ്ങുകയാണ് ഈ സഞ്ചാരപ്രിയൻ. ( santhosh george kulangara )
ഫ്‌ളവേഴ്‌സ് ഒരു കോടിയുടെ നൂറാം എപ്പിസോഡിലാണ് സന്തോഷ് ജോർജ് കുളങ്ങര മത്സരാർത്ഥിയായി എത്തിയത്. പരിപാടിയിൽ പങ്കെടുത്ത് ലഭിച്ച പണം കൊണ്ട് 25 ഭിന്നശേഷിക്കാരുടെ യാത്രാ സ്വപ്‌നം നിറവേറ്റാനുള്ള ഉദ്യമത്തിലാണ് അദ്ദേഹം. പരിപാടിയിൽ പങ്കെടുത്ത് ലഭിച്ചത് രണ്ടര ലക്ഷം രൂപയാണ്. ഈ പണം കൊണ്ടാണ് ഭിന്നശേഷിക്കാരായ 25 പേരുടെ ആഗ്രഹ സഫലീകരണത്തിന് സന്തോഷ് ജോർജ് കുളങ്ങര ഒരുങ്ങുന്നത്.
ചെറുപ്പക്കാരും കുട്ടികളും ഉൾപ്പെടുന്ന ഭിന്നശേഷിക്കാർക്ക് വേണ്ടിയാണ് പദ്ധതി നടപ്പാക്കുന്നത്. ഇന്ത്യയുടെ പ്രധാന പ്രദേശങ്ങളും, വിവിധ സംസ്ഥാനങ്ങളിലെ സംസ്‌കാരവും, ഭക്ഷണവുമെല്ലാം അടുത്തറിഞ്ഞുകൊണ്ടുള്ളതാണ് യാത്ര. 2022 ഏപ്രിൽ, മെയ് മാസങ്ങളിലാകും സന്തോഷ് ജോർജ് കുളങ്ങരയുടെ നേതൃത്വത്തിലുള്ള യാത്ര. ഡൽഹി ഉൾപ്പെടെയുള്ള ഇന്ത്യയിലെ പ്രധാന നഗരങ്ങൾ എല്ലാം സന്ദർശിക്കാൻ തെരഞ്ഞെടുക്കപ്പെടുന്നവർക്ക് അവസരം ലഭിക്കും. രണ്ടര ലക്ഷം രൂപയ്ക്ക് പുറമേ വരുന്ന ചിലവുകൾ സന്തോഷ് ജോർജ് കുളങ്ങര തന്നെ വഹിക്കുമെന്ന് അദ്ദേഹം അറിയിച്ചു.

മലയാളത്തിൽ നിർമ്മിതമായ ആദ്യ ദൃശ്യയാത്രാവിവരണമാണ് സഞ്ചാരത്തിലൂടെ മലയാളികളുടെ മനസിൽ ഇടംനേടിയ സന്തോഷ് ജോർജ് കുളങ്ങര നൂറിലധികം രാജ്യങ്ങളാണ് സന്ദർശിച്ചിരിക്കുന്നത്. യു. കെ. ആസ്ഥാനമായുള്ള വെർജിൻ ഗാലക്ടികിന്റെ ബഹിരാകാശ ടൂറിസം പരിപാടിയിൽ അംഗമാകുന്ന ആദ്യ ഇന്ത്യക്കാരനാണ് സന്തോഷ് ജോർജ് കുളങ്ങര. 2007ലാണ് അദ്ദേഹം ബഹിരാകാശ ടൂറിസ്റ്റുകളുടെ സംഘത്തിൽ ഉൾപ്പെട്ടത്. സ്‌പേസ്ഷിപ്പ് II ബഹിരാകാശ വാഹനത്തിലാവും ഇവരുടെ യാത്ര.
സ്‌പേസ്ഷിപ്പ് II ഇപ്പോൾ പരീക്ഷണഘട്ടത്തിലാണുള്ളത്. ഈ ബഹിരാകാശയാത്ര യാഥാർഥ്യമാവുന്നതോടെ ആദ്യ ഇന്ത്യൻ ബഹിരാകാശ ടൂറിസ്റ്റ് എന്ന പദവിക്ക് അർഹനാവും സന്തോഷ് ജോർജ് കുളങ്ങര
Story Highlights : santhosh george kulangara, Flowers oru kodi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here