ആ വൃദ്ധദമ്പതികളെ 24 പരിചയപ്പെടുത്തിയത് രണ്ട് വര്‍ഷം മുൻപ്; വേണം സുമനസുകളുടെ കൈത്താങ്ങ്

അടച്ചുറപ്പില്ലാത്ത ഒരു കൂരയിൽ പരസഹായമില്ലാതെ താമസിക്കുന്ന വൃദ്ധ ദമ്പതികളെ ട്വന്റി ഫോർ പരിചയപ്പെടുത്തിയത് രണ്ട് വർഷം മുൻപാണ്. വാർത്തയ്ക്ക് പിന്നാലെ പഞ്ചായത്ത് അധികൃതർ സഹായ വാഗ്‌ദാനവുമായിയെത്തിയിരുന്നു.
കൊല്ലം ജില്ലയിലെ ആയൂരിൽ എം സി റോഡിന് സമീപമാണ് വൃദ്ധദമ്പതികളുടെ വീട്. വീടെന്ന് പറയാൻ കഴിയില്ല,ചെറിയ കാറ്റിൽ പോലും തകർന്ന് വീണേക്കാവുന്ന പ്ലാസ്റ്റിക് ഷീറ്റുകളും കമ്പുകളും കൊണ്ട് നിർമ്മിച്ച ഒറ്റമുറി കുടിൽ. ഇവിടെ താമസിക്കുന്ന രാജുവിന്റെയും ശാരദയുടെയും ദുരിതം ട്വൻറി ഫോർ പുറത്തെത്തിച്ചിട്ട് വർഷം രണ്ട് കഴിഞ്ഞു. ഇവർ ഇപ്പോഴും ഈ കുടിലിൽ താമസം തുടരുകയാണ്, നിത്യവൃത്തിയ്ക്ക് പോലും മാർഗമില്ലാതെ.
ട്വന്റിഫോർ വാർത്തയ്ക്ക് പിന്നാലെ പഞ്ചായത്ത് അധികൃതർ ഉൾപ്പെടെ ഇവിടെ എത്തിയിരുന്നു. ലൈഫ് മിഷൻ പദ്ധതിയിൽവരെ ഉൾപ്പെടുത്തി, വീട് നിർമ്മാണവും തുടങ്ങി. പക്ഷെ നിർമ്മാണമൊക്കെ പാതിവഴിയിൽ നിലച്ചു. വാർത്ത വന്നതിന് പിന്നാലെ സുമനസ്സുകൾ ഭക്ഷണവും അവശ്യവസ്തുക്കൾ എത്തിച്ചു നൽകിയിരുന്നു. ആരും തുണയില്ലാതിരുന്ന വൃദ്ധദമ്പതികൾക്ക് കുറച്ചു കാലം അത് വലിയ ആശ്വാസമായിരുന്നു. എന്നാൽ ഇപ്പോൾ വീണ്ടും ആരും തിരിഞ്ഞുനോക്കാനില്ലാതെ അവസ്ഥയാണ്.
വാർധക്യത്തിന്റെ എല്ലാ അവശതകളും രോഗങ്ങളും ഈ ദമ്പതികൾക്കുണ്ട്. വാഗ്ദാനം ചെയ്ത വീട് പൂർത്തിയാക്കാൻ എന്താണ് താമസമെന്ന് ഇപ്പോഴും ഇവർക്ക് അറിയില്ല . ഒരു ദിവസമെങ്കിലും അടച്ചുറപ്പുള്ള വീട്ടിൽ അന്തിയുറങ്ങണമെന്നാണ് ഈ വൃദ്ധദമ്പതികളുടെ ആഗ്രഹം.
Story Highlights : Elderly couple – kollam

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here