Advertisement

വീണ്ടും നിരാശപ്പെടുത്തി സഞ്ജു; മധ്യപ്രദേശിനെതിരെ കേരളത്തിനു തോൽവി

December 9, 2021
Google News 2 minutes Read
kerala madhya pradesh hazare

വിജയ് ഹസാരെ ട്രോഫിയിൽ കേരളത്തിനു തോൽവി. മധ്യപ്രദേശിനെതിരെ 40 റൺസിൻ്റെ പരാജയമാണ് കേരളം ഏറ്റുവാങ്ങിയത്. ആദ്യം ബാറ്റ് ചെയ്ത മധ്യപ്രദേശ് നിശ്ചിത 50 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 329 റൺസ് നേടിയപ്പോൾ മറുപടി ബാറ്റിംഗിനിറങ്ങിയ കേരളം 49.4 ഓവറിൽ 289 റൺസിന് ഓൾഔട്ടായി. ബാറ്റിംഗിലും ബൗളിംഗിലും തിളങ്ങിയ വെങ്കടേഷ് അയ്യരാണ് മധ്യപ്രദേശിൻ്റെ വിജയശില്പി. (kerala madhya pradesh hazare)

ടോസ് നേടി ഫീൽഡിംഗ് തിരഞ്ഞെടുത്ത കേരള ക്യാപ്റ്റൻ സച്ചിൻ ബേബിയുടെ തീരുമാനത്തെ ശരിവെക്കും വിധം രണ്ടാം ഓവറിൽ തന്നെ സിദ്ധാർത്ഥ് പാട്ടിദാർ പുറത്തായി. ഉണ്ണികൃഷ്ണൻ മനുകൃഷ്ണനായിരുന്നു വിക്കറ്റ്. എന്നാൽ രണ്ടാം വിക്കറ്റിൽ അഭിഷേക് ഭണ്ഡാരിയും രജത് പാട്ടിദാറും ചേർന്ന് 101 റൺസ് കൂട്ടുകെട്ടുയർത്തി. എന്നാൽ, അടുത്തടുത്ത ഓവറുകളിൽ ഭണ്ഡാരിയെയും (49) പാട്ടിദാറിനെയും (49) പുറത്താക്കിയ വിഷ്ണു വിനോദ് കേരളത്തിനു ബ്രേക്ക്‌ത്രൂ നൽകി.

Read Also : വിജയ് ഹസാരെ: സച്ചിൻ ബേബിയ്ക്ക് ഫിഫ്റ്റി; ഛണ്ഡീഗഡിനെതിരെ കേരളത്തിനു ജയം

3 വിക്കറ്റ് നഷ്ടത്തിൽ 108 റൺസ് എന്ന നിലയിൽ നിന്ന് വെങ്കടേഷ് അയ്യരും ശുഭം ശർമ്മയും ഒത്തുചേർന്നു. ടി-20 ശൈലിയിൽ ബാറ്റേന്തിയ ഇരുവരും കേരള ബൗളർമാരെ ഒരു ദാക്ഷിണ്യവുമില്ലാതെ പ്രഹരിച്ചു. 80 പന്തുകളിലാണ് വെങ്കടേഷ് അയ്യർ സെഞ്ചുറി തികച്ചത്. 108 റൺസിൽ ഒത്തുചേർന്ന സഖ്യം 277 റൺസ് വരെ ക്രീസിൽ തുടർന്നു. 169 റൺസിൻ്റെ തകർപ്പൻ കൂട്ടുകെട്ടിനു ശേഷം ശുഭം ശർമ്മ (67 പന്തിൽ 82) വിഷ്ണു വിനോദിൻ്റെ മൂന്നാം ഇരയായി മടങ്ങി. അവസാന ഓവറുകളിൽ വിക്കറ്റുകൾ വേഗത്തിൽ കടപുഴകിയെങ്കിലും മികച്ച സ്കോറിലെത്താൻ അവർക്ക് സാധിച്ചു.

മറുപടി ബാറ്റിംഗിൽ മുഹമ്മദ് അസ്‌ഹറുദ്ദീനും രോഹൻ കുന്നുമ്മലും ചേർന്ന് 68 റൺസിൻ്റെ കൂട്ടുകെട്ടുയർത്തി മികച്ച തുടക്കം നൽകിയെങ്കിലും തുടരെ വിക്കറ്റുകൾ വീണത് കേരളത്തിനു തിരിച്ചടിയാവുകയായിരുന്നു. അസ്‌ഹർ (23 പന്തിൽ 34) ആണ് ആദ്യം മടങ്ങിയത്. ക്യാപ്റ്റൻ സഞ്ജു സാംസൺ (18) തുടർച്ചയായ രണ്ടാം മത്സരത്തിലും നിരാശപ്പെടുത്തി. 66 റൺസ് വീതമെടുത്ത രോഹൻ കുന്നുമ്മലും സച്ചിൻ ബേബിയുമാണ് കേരളത്തിനു വേണ്ടി തിളങ്ങിയത്. ജലജ് സക്സേന (25 പന്തിൽ 34) പൊരുതിനോക്കിയെങ്കിലും വിജയിക്കാനായില്ല. മധ്യപ്രദേശിനായി പുനീത് ദാതേ 4 വിക്കറ്റും വെങ്കടേഷ് അയ്യർ മൂന്ന് വിക്കറ്റും വീഴ്ത്തി.

Story Highlights : kerala lost madhya pradesh vijay hazare trophy

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here