വെല്ലിംങ്ടണ്ണിലെ കണ്ണീര്‍ പകല്‍..!
നിഖില്‍ പ്രമേഷ് / റിപ്പോര്‍ട്ടേഴ്‌സ് ഡയറി
ബുധനാഴ്ച ഉച്ചയ്ക്ക് ഷൂട്ട് കഴിഞ്ഞെത്തി ഉച്ചയൂണിന് തയ്യാറെടുക്കുമ്പോഴാണ് ഡെസ്‌ക്കില്‍ നിന്ന് കോള്‍ വരുന്നത്.. ഊട്ടിക്ക് പോണം, സൈനിക വിമാനം തകര്‍ന്ന് വീണിട്ടുണ്ട്. എപ്പോ എത്താനാകും എന്ന് ഇന്‍പുട്ടില്‍ നിന്ന് ചോദ്യം,ഗൂഗിള്‍ മാപ്പില്‍ നോക്കിയപ്പോള്‍ 150 കിലോമീറ്റര്‍,പക്ഷേ 5 മണിക്കൂര്‍ സമയമെടുക്കും. പാലക്കാട് റിപ്പോര്‍ട്ടര്‍ സുര്‍ജിത്തും വരുന്നുണ്ട്. ഡെപ്യൂട്ടേഷന്‍ ഡ്യൂട്ടികള്‍ പെട്ടെന്ന് രൂപപ്പെടുന്നതാണ്.പോകാന്‍ പറഞ്ഞാല്‍ മറുത്തൊരു ചോദ്യം അവിടെ ചോദിക്കാന്‍ നില്‍ക്കാറില്ല. 2 മണിയോടെ തന്നെ ഇറങ്ങി.
നാടുകാണി, വഴിക്കടവ്, ഗൂഡല്ലൂരാണ് റൂട്ട്. റോഡ് വളരെ മോശമാണ്. പക്ഷേ സാരഥി സന്ദീപ് ഒരു നിമിഷം പോലും പാഴാക്കാതെ അതിവേഗത്തില്‍ കുന്നൂര്‍ വച്ചുപിടിച്ചു. ഞാന്‍ ഇറങ്ങുമ്പോള്‍ മരണസംഖ്യസംബന്ധിച്ച് വ്യക്തത വന്നിട്ടില്ല,രാജ്യത്തിന്റെ സംയുക്ത സേനാ മേധാവി അപകടത്തില്‍പ്പെട്ടു എന്ന് മാത്രമേ വിവരമുളളു.
വൈകീട്ടോടെ പക്ഷേ പൂര്‍ണ്ണചിത്രം വ്യക്തമായി. 14 പേരുണ്ടായിരുന്ന ഹെലികോപ്ടര്‍ തകര്‍ന്ന് 13 പേരും മരിച്ചു. ജനറല്‍ ബിപിന്‍ റാവത്തും ഭാര്യ മധുലിക റാവത്തും അടക്കം 13 പേരുടെ മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചു. പോകും വഴി ജനറല്‍ ബിപിന്‍ റാവത്തിനെക്കുറിച്ചുളള പഴയ വാര്‍ത്തകളും വീഡിയോസുമൊക്കെ പരതി. അതില്‍ ഏറ്റവും കൂടുതല്‍ കണ്ണുടക്കിയത് സൈനികരാകാന്‍ തയ്യാറെടുക്കുന്ന യുവാക്കളോട് ജനറല്‍ പറയുന്ന കാര്യങ്ങളായിരുന്നു.
”ഒരുപാട് യുവാക്കള്‍ എന്നെ കാണാന്‍ വരുമായിരുന്നു, സാര്‍ എനിക്ക് ആര്‍മിയില്‍ ജോലി വേണമെന്ന് പറഞ്ഞ്… ഞാന്‍ പറയുമായിരുന്നു ഇന്ത്യന്‍ ആര്‍മി തൊഴില്‍ നല്‍കുന്ന ഇടമല്ല,നിങ്ങള്‍ക്ക് ജോലി ആണ് വേണ്ടത് എങ്കില്‍ റെയില്‍വെയിലോ,സ്വന്തമായി ബിസിനസോ മറ്റു ജോലികളോ തേടുക… സൈനികന്‍ ആകണമെങ്കില്‍ ഏതു കഠിന സാഹചര്യത്തെയും അതിജീവിക്കേണ്ടി വരും, അതിനുള്ള മാനസിക തയ്യാറെടുപ്പുകള്‍ വേണ്ടിവരും…”
ഗൂഡല്ലൂരൊക്കെ കഴിയുമ്പോഴേക്കും യൂട്യൂബ് കമന്റ് ബോക്സില്‍ രാജ്യത്തിന്റെ പലഭാഗങ്ങളില്‍ നിന്നായി അപകടത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിംഗിനായുളള പ്രാര്‍ത്ഥന പ്രവാഹങ്ങളാണ് കണ്ടത്. ഏറെ വേദനിപ്പിച്ചത് ആ നേരത്തെയും ചിലരുടെ രാഷ്ട്രീയവും മതവുമൊക്കെ കലര്‍ത്തിയുളള കമന്റുകളായിരുന്നു. എങ്ങനെയാണ് രാജ്യം വിറങ്ങലിച്ചു നില്‍ക്കുന്ന നേരത്ത് ഇങ്ങനെ ചിന്തിക്കാന്‍ പോലും തോന്നുന്നത്. ആവോ അറിയില്ല. സുര്‍ത്തിജ് അപ്പോഴേക്കും അപകടം നടന്നതിനടുത്ത് മാധ്യമങ്ങളെ അനുവദിച്ചിരുന്ന സ്ഥലത്ത് എത്തിയിരുന്നു. എന്നോട് നേരെ വില്ലിംങ്ടണിലെ ആശുപത്രിയിലേക്ക് തിരിക്കാനാണ് പറഞ്ഞത്. ഗൂഡല്ലൂരില്‍ നിന്ന് കയറുമ്പോള്‍ കൂന്നൂരിനും അടുത്താണ് ഹോസ്പിറ്റല്‍.
തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ ഉടനെയെത്തും. സുരക്ഷാകാരണങ്ങളാല്‍ ഇപ്പോള്‍ അകത്തേക്ക് വിടാനാകില്ലെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍. ഏറെ അഭ്യര്‍ത്ഥനകള്‍ക്ക് ശേഷം വാഹനം വിടില്ല, നടന്ന് പോകാമെന്നായി അവര്‍. വഴിയും കാണിച്ച് തന്നു. വാഹനം കടന്നുപോകുന്ന, നടന്ന് പോകാന്‍ പോലും എളുപ്പത്തിലുളള വഴിയുണ്ടായിട്ടും വളഞ്ഞ സെമിത്തേരി കടന്നുളള ഒരു വഴിയാണ് പറഞ്ഞ് തന്നത്. എന്താണാവോ കാര്യം അറിയില്ല. അതിനുളളില്‍ നിന്ന് ഒരു ഓട്ടോ പിടിച്ച് ആശുപത്രിക്ക് മുന്നിലെത്തി.
മദ്രാസ് റെജിമെന്റിന്റെ പ്രത്യേകത എന്നെ അത്ഭുതപ്പെടുത്തി. എവിടെ തിരിഞ്ഞാലും ഒരു മലയാളിയെക്കാണാം. ഉദ്യോഗസ്ഥരും ജോലി ചെയ്യുന്നവരും കടയുടമകളുമൊക്കെ മലയാളികളാണ്. അതിന്റെ ഉപകാരങ്ങളും ദോഷവുമൊക്കെ വാര്‍ത്ത ശേഖരണത്തിനുണ്ടായി. 8 മണി ലൈവില്‍ വില്ലിംങ്ടണില്‍ ബിഎസ്എന്‍എല്ലില്‍ ജോലി ചെയ്യുന്ന കോട്ടയംകാരന്റെ ബൈറ്റെടുത്തിരുന്നു. നീലഗിരിയുടെ പുത്രനെന്നാണ് ജനറല്‍ ബിപിന്‍ റാവത്തിനെക്കുറിച്ച് അദ്ദേഹം പറഞ്ഞത്. അച്ചായന്റെ വാക്കുകളില്‍ ജനറലിന്റെ വെല്ലിംങ്ടണിനോടുളള അടുപ്പം വ്യക്തം.
9 മണി കഴിഞ്ഞയുടന്‍ സ്റ്റാലിനെത്തി. മന്ത്രിമാരായ കെഎന്‍ നേരു, ഏവ വേലു, കെ രാമചന്ദ്രന്‍ എന്നുവരും ഒപ്പമുണ്ട്. നീണ്ട വാഹനവ്യൂഹത്തിന്റെ അകമ്പടിയില്‍ ആശുപത്രിക്കുളളിലേക്ക്. കേരള മുഖ്യമന്ത്രിക്കുളളതിനേക്കാളും ഇരട്ടി സുരക്ഷാവാഹനങ്ങളുണ്ടാകും സ്റ്റാലിനൊപ്പം. ഇവിടേക്കെത്തും മുന്‍പ് തന്നെ ചികിത്സയിലുളള ക്യാപ്റ്റന്‍ വരുണ്‍ സിംങിന്റെ ആരോഗ്യനിലസംബന്ധിച്ച് വിദഗ്ദ സംഘവുമായി സ്റ്റാലിന്‍ സംസാരിച്ചിരുന്നതായി തമിഴ് മാധ്യമപ്രവര്‍ത്തകര്‍ പറഞ്ഞറിഞ്ഞു.
ഊട്ടിയിലെ കൊടും തണുപ്പാണ് ഇതിനിടെ വില്ലനായത്. പെട്ടെന്നുളള യാത്രയായതിനാല്‍ ജാക്കറ്റ് പോയിട്ട് ഡ്രസ്സുകള്‍ പോലും കാര്യമായി എടുത്തിട്ടില്ല.കൊടും തണുപ്പില്‍ ജാക്കറ്റില്ലാതെ ലൈവ് കൊടുക്കേണ്ടി വന്നപ്പോഴാണ് ചെറിയ പ്രയാസ്സം അനുഭവപ്പെട്ടത്. ഇതിനിടെ ഏറെ പ്രയാസ്സപ്പെട്ട് സുര്‍ജിത്തും സംഘവും അപകടം നടന്ന സ്ഥലത്തെത്തി. അതുവരെ അവിടേക്ക് മാധ്യമങ്ങളെ പൊലീസ് പ്രവേശിപ്പിച്ചിരുന്നില്ല. ഹെലികോപ്ടര്‍ പൂര്‍ണ്ണമായി തകര്‍ന്നിട്ടുണ്ട്. സുര്‍ജിയുടെ ലൈവ് ഫോണില്‍ കണ്ടുകൊണ്ടിരുന്നു.
രാത്രി 10.30 ലൈവും കഴിഞ്ഞ് 11 മണിയോടെ താമസിക്കാനുളള മുറിയന്വേഷിച്ച് ഞങ്ങള്‍ നടപ്പ് തുടങ്ങി. സുര്‍ജിത്തും സംഘവും മീഡിയാവണ്‍, ജനം ചാനലുകളിലെ സഹപ്രവര്‍ത്തകരും ഒപ്പമുണ്ട്. കുന്നൂര്‍,വെല്ലിംങ്ടണ്‍ ഭാഗത്തെ മുറികളെല്ലാം ഏതാണ്ട് പൂര്‍ണ്ണമായി വൈകീട്ടോടെ തന്നെ ബുക്ക് ചെയ്ത് കഴിഞ്ഞിരുന്നു. പൊലീസുകാരാണ് അധികവും. പിന്നെ രാജ്യത്തിന്റെ പലഭാഗങ്ങളില്‍ നിന്നെത്തിയ മാധ്യമപ്രവര്‍ത്തകരും. ഒടുവിലൊരു മുറി കിട്ടിയപ്പോള്‍ സമയം 12.30.
ജനറല്‍ റോഡ് മാര്‍ഗം വരാനാണ് ആദ്യം നിശ്ചയിച്ചതെന്നും നല്ല കാലാവസ്ഥയും സമയലാഭവും കണക്കിലെടുത്താണ് സുലൂരില്‍ നിന്ന് ഹെലികോപ്ടര്‍ മാര്‍ഗ്ഗം തിരഞ്ഞെടുത്തത് എന്നും വെല്ലിംങ്ടണിലെ മലയാളി സൈനികര്‍ പറഞ്ഞറിഞ്ഞു. വിഷമം തോന്നി കേട്ടപ്പോള്‍. അപ്പോഴേക്കും അപകടത്തില്‍ മലയാളി സൈനികന്‍ തൃശൂര്‍ പൊനൂക്കര സ്വദേശി എ പ്രദീപും മരിച്ചിട്ടുണ്ടെന്ന വാര്‍ത്തയും പുറത്ത് വന്നിരുന്നു. കഴിച്ചെന്ന് വരുത്തി കിടന്നപ്പോഴും രാജ്യത്തിന് വേണ്ടി ജീവന്‍ ത്യജിച്ചവരുടെ ഓര്‍മ്മകളായി മനസ്സില്‍ നിറയെ…
രാവിലെ 5ന് ഇന്‍പുട്ടില്‍ പ്ലാന്‍ ആവശ്യപ്പെട്ട് മെസെജ്. അപ്പോഴേക്കും ഞങ്ങള്‍ തയ്യാറായി തുടങ്ങിയിരുന്നു. ഞാന്‍ മദ്രാസ് റെജിമെന്റ് സെന്ററിലും സുര്‍ജിത്ത് അപകടസ്ഥലത്തുമാണ്. രാവിലെ മുതല്‍ സാധാരണക്കാരായ ആളുകളുടെ ഒഴുക്കായി വെല്ലിംങ്ടണിലേക്ക്. ഉളളിലേക്ക് കടക്കാനാത്തവര്‍ പുറത്ത്. കുറേ പേര്‍ പൊതുദര്‍ശനം നടന്ന പരേഡ് ഗ്രൗണ്ടിന് പുറത്ത് കാത്തുനിന്നു.
രാജ്യത്തിന്റെ സംയുക്ത സേനാ മേധാവി, ഇത്രയും വലിയ പദവി വഹിച്ചയാള്‍ ഓരോ സഹപ്രവര്‍ത്തകര്‍ക്കും എന്തായിരുന്നുവെന്ന് പിന്നീടുണ്ടായ നിമിഷങ്ങള്‍ കാണിച്ച് തരുമായിരുന്നു. സംസാരിച്ച ഉദ്യോഗസ്ഥരൊക്കെ ജനറലിനെക്കുറിച്ച് വാചാലനായി. രണ്ട് മാസം മുന്‍പ് വന്നതിനേയും മുന്‍ സന്ദര്‍ശനങ്ങളിലെ കഥകളുമൊക്കെ. അപകടശേഷം ജനറല്‍ ബിപിന്‍ റാവത്ത് വെളളം ആവശ്യപ്പെട്ട നാട്ടുകാരന്റെയും പൊലീസ് ഉദ്യോഗസ്ഥന്റെയും ഒക്കെ വാക്കുകള്‍ ഉളളുലക്കുന്നതാണ്…
”അപകടത്തില്‍പ്പെട്ടവരെ പുതപ്പില്‍ പൊതിഞ്ഞ് പുറത്തേക്ക് എത്തിക്കുന്നതിനിടെയാണ് അദ്ദേഹം വെളളം ചോദിച്ചത്, കൊടുക്കാനായില്ല..പിന്നീടാണ് അദ്ദേഹം സേനാ മേധാവി ആണെന്ന് ആരോ പറഞ്ഞറിഞ്ഞത്,ഫോട്ടോയും കാണിച്ച് തന്നു”-തേയിലതോട്ടത്തിലെ കോണ്‍ട്രാക്ടര്‍ ശിവകുമാര്‍
സൈനിക വ്യൂഹത്തിന്റെ അകമ്പടിയില്‍ പുഷ്പാലംകൃത പട്ടാള ട്രക്കുകളിലാണ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹങ്ങള്‍ വെല്ലിംഗ് ടണിലെ പരേഡ് ഗ്രൗണ്ടിലെത്തിച്ചത്. സേനയുടെ ഔദ്യോഗിക ബഹുമതികള്‍ക്ക് ശേഷം എംകെ സ്റ്റാലിനും മറ്റ് മന്ത്രിമാരും ധീരസൈനികര്‍ക്ക് പുഷ്പചക്രമര്‍പ്പിച്ചു. സമയം 12നോട് അടുത്തു. തൊട്ടടുത്ത ദിവസം അപകടം നടക്കുന്ന സമയം. ചെറുതായി മഴ പൊടിയുന്നുണ്ട്. മഞ്ഞാകും എന്നാണ് കരുതിയത്. അല്ല മഴ തന്നെയാണ്. കുറച്ച് നേരമേ പെയ്തുളളു. ആ നാടിന്റെ തേങ്ങലായി തോന്നി അപ്പോള്‍. വാഹനങ്ങളില്‍ 13 പേരെയും വഹിച്ച് വിലാപയാത്ര സുലൂരിലേക്ക്.
ജനറല്‍ ബിപിന്‍ റാവത്തിന് ആഴത്തില്‍ സൗഹദവേരുകളുള്ള, ഇഷ്ടമുളള ഇടമാണ് വെല്ലിംങ്ടണ്‍. പഠന,അധ്യാപന കാലം അദ്ദേഹത്തിന് സമ്മാനിച്ചത് ഔദ്യോഗിക പദവിയിലിരിക്കുമ്പോള്‍ ഉളളതിനേക്കാള്‍ വലിയ സൗഹൃദങ്ങളാണ്. ചടങ്ങുകള്‍ കഴിഞ്ഞ് വാഹനവ്യൂഹം സുലൂരിലേക്ക് തിരിച്ചപ്പോഴും ജനക്കൂട്ടം പിരിഞ്ഞ് പോയില്ല. സുലൂരില്‍ സുധിഷയുണ്ടായിരുന്നു. മറ്റ് ജോലികള്‍ കൂടി തീര്‍ത്ത് മുറിയിലേക്ക് മടങ്ങവേ യൂട്യൂബില്‍ ചാനല്‍ വച്ച് നോക്കുമ്പോള്‍ സുലൂരില്‍ നിന്നുളള ലൈവുകള്‍ വന്ന് തുടങ്ങിയിരുന്നു.വഴിനീളെ സ്ത്രീകളും കുട്ടികളുമടക്കം ആയിരക്കണക്കിനാളുകള്‍ മുഷ്ടി ചുരുട്ടി പ്രിയധീര സൈനികര്‍ക്ക് വിടചൊല്ലുകയാണ്. വീരവണക്കം..വീരവണക്കം…സുലൂരില്‍ നിന്ന് വിമാനമാര്‍ഗം ഡല്‍ഹിയിലേക്ക്…
രാത്രിയോട് മലപ്പുറത്തേക്ക് മടങ്ങുമ്പോഴും ഉച്ചയ്ക്ക് പുറത്ത് വന്ന ഹെലികോപ്ടറിന്റെ അവസാന നിമിഷങ്ങളിലെ ദൃശ്യമായിരുന്നു മനസ്സില്‍. മരണത്തെ മുഖാമുഖം കണ്ട നിമിഷങ്ങള്‍…
ചികിത്സയിലുളള ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിംഗിനെ ഇതിനിടെ വിദഗ്ദ ചികിത്സക്കായി ബെംഗളൂരുവിലേക്ക് മാറ്റിയിരുന്നു. അപകടകാരണം സംബന്ധിച്ച അന്വേഷണങ്ങള്‍ നടക്കുകയാണ്. കനത്ത മൂടല്‍മഞ്ഞ്, മരത്തിന്റെ ശിഖിരങ്ങളില്‍ ഇടിച്ചത്. അങ്ങനെ അഭ്യൂഹങ്ങള്‍ ഒരുപാടാണ്.ബ്ലാക്ക് ബോക്സ് കണ്ടെടുത്തിട്ടുണ്ട്. സംയുക്ത സൈനിക മേധാവി അപകടത്തില്‍പ്പെട്ട ഹെലികോപ്റ്ററിന് എന്താണ് പറ്റിയത് എന്ന് രാജ്യം അറിയേണ്ടതുണ്ട്. യഥാര്‍ത്ഥ കാരണം പുറത്ത് വരട്ടെ…
ധീരര്‍ക്ക് കണ്ണീരോടെ വീരവണക്കം.
Story Highlights : army helicopter crash, Reportes Diary, General Bipin Rawat
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here