Advertisement

‘ഞാൻ ഹിന്ദുവാണ്, ഹിന്ദുത്വവാദിയല്ല’; ഹിന്ദുക്കള്‍ ഭരണത്തില്‍വരണം; രാഹുല്‍ ഗാന്ധി

December 12, 2021
Google News 2 minutes Read

കോണ്‍ഗ്രസിന്റെ മെഗാറാലിയില്‍ ബിജെപിക്കെതിരെ രൂക്ഷവിമര്‍ശനവുമായി രാഹുല്‍ ഗാന്ധി. ഇന്ത്യയില്‍ ‘ഹിന്ദു’വും ‘ഹിന്ദുത്വവാദി’യും തമ്മിലുള്ള മത്സരമാണ് നടക്കുന്നത്. അധികാരത്തിന് വേണ്ടിയുള്ള അന്വേഷണമാണ് ഹിന്ദുത്വവാദികളുടെ മുഖമുദ്രയെന്നും രാഹുല്‍ ആരോപിച്ചു. ഞാൻ ഹിന്ദുവാണ്, എന്നാൽ ഹിന്ദുത്വവാദിയല്ലെന്നും രാജസ്ഥാനിലെ ജയ്പൂരിൽ രാഹുൽ പറഞ്ഞു.

ഹിന്ദുവും ഹിന്ദുത്വവാദിയും രണ്ടാണ്. ഇന്ത്യ ഹിന്ദുക്കളുടെതായിരുന്നു, എന്നാൽ ഹിന്ദുത്വവാദികളുടെതായിരുന്നില്ല. മഹാത്മാ ഗാന്ധി ഒരു ഹിന്ദുവായിരുന്നു. ഗോഡ്‌സെ ഹിന്ദുത്വവാദിയും. മഹാത്മഗാന്ധി സത്യാന്വേഷണത്തിനായി തന്റെ ജീവിതം ചെലവഴിച്ചു. നാഥുറാം ഗോഡ്‌സെ മൂന്ന് വെടിയുണ്ടകള്‍കൊണ്ട് അദ്ദേഹത്തിന്റെ ജീവനെടുത്തു’, രാഹുല്‍ കൂട്ടിച്ചേർത്തു.

‘രാജ്യത്തെ രാഷ്ട്രീയത്തിൽ ഇന്ന് രണ്ട് വാക്കുകൾ തമ്മിലൊരു ഏറ്റുമുട്ടൽ നടക്കുകയാണ്. ഒരു വാക്ക് ഹിന്ദു എന്നും മറ്റേത് ഹിന്ദുത്വവാദി എന്നുമാണ്. ഇവ തമ്മിലുള്ള വ്യത്യാസം എന്താണെന്ന് വെച്ചാൽ, സത്യത്തിന് വേണ്ടി തിരയുന്നവനാണ് ഹിന്ദു. ഹിന്ദുത്വവാദികള്‍ ജീവിതം മുഴുവന്‍ അധികാരം തേടിയാണ് ചെലവഴിക്കുന്നത്. അധികാരമല്ലാതെ അവര്‍ക്ക് മറ്റൊന്നുമില്ല’ രാഹുല്‍ ആരോപിച്ചു.

‘ആരാണ് ഹിന്ദു? എല്ലാവരെയും ആശ്ലേഷിക്കുന്ന, ആരെയും ഭയക്കാത്ത, എല്ലാ മതങ്ങളെയും ബഹുമാനിക്കുന്നവന്‍ ആണ് ഹിന്ദു. എല്ലാവരേയും ഉള്‍ക്കൊള്ളുന്ന എല്ലാ മതങ്ങളേയും ബഹുമാനിക്കുന്ന സത്യത്തിന്റെ പാതയിലുള്ള ഹിന്ദുക്കളുടെ ഭരണം നമുക്ക് തിരികെ കൊണ്ടുവരണം’, റാലിയില്‍ രാഹുല്‍ കൂട്ടിച്ചേര്‍ത്തു. ഹിന്ദുത്വവാദികള്‍ 2014 മുതല്‍ അധികാരം കൈയ്യാളുകയാണ്. നമുക്ക് ഈ ഹിന്ദുത്വവാദികളെ അധികാരത്തില്‍ നിന്ന് പുറത്താക്കി ഹിന്ദുക്കളെ തിരികെ കൊണ്ടുവരേണ്ടതുണ്ടെന്നും രാഹുല്‍ പറഞ്ഞു.

Story Highlights : rahul-gandhis-hindutvavadi-attack-on-bjp

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here