നിയമനങ്ങൾ പോര കെഎംപിജിഎ; ഇന്ന് രാത്രി പരിഹാരം കണ്ടാൽ നാളെ ജോലിയിൽ പ്രവേശിക്കുമെന്ന് ഡോക്ടേഴ്‌സ്

പിജി നിയമന വിഷയത്തിൽ കേന്ദ്രസർക്കാരിന് കത്ത് നൽകണമെന്ന് കെഎംപിജിഎ സംസ്ഥാന പ്രസിഡന്റ് അജിത്ര. 373 നിയമനങ്ങൾ പോരാ എന്നാണ് അദ്യം മുതൽ പറയുന്നത്. ആവശ്യത്തിന് എൻഎജെആർ മാരെ നിയമിക്കണമെന്നും സംഘടന വ്യക്തമാക്കുന്നു.
വെട്ടിച്ചുരുക്കിയ സ്‌റ്റൈപന്റിൽ 4% വർധന വേണമെന്നും പി.ജി നിയമന വിഷയത്തിൽ കേന്ദ്ര സർക്കാരിന് കത്ത് നൽകണമെന്നും കെഎംപിജിഎ അറിയിച്ചു. ഈ ആവശ്യങ്ങൾ പരിഹരിക്കും വരെയും സമരം തുടരും. ഇന്ന് രാത്രി പരിഹാരം കണ്ടാൽ നാളെ ജോലിയിൽ പ്രവേശിക്കുമെന്ന് പി.ജി ഡോക്ടേഴ്‌സ് വ്യക്തമാക്കി.
സർക്കാർ മെഡിക്കൽ കോളജുകളുടെ സുഗമമായ പ്രവർത്തനം ഉറപ്പാക്കാൻ 307 നോൺ അക്കാഡമിക് റസിഡൻസ്മാരെ (എൻഎജെആർ) നിയമിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ഇന്ന് അറിയിച്ചിരുന്നു. തിരുവനന്തപുരം 50, ആലപ്പുഴ 61, കോഴിക്കോട് 50, കോട്ടയം 56, തൃശൂർ 50, കണ്ണൂർ 33, എറണാകുളം 7 എന്നിങ്ങനെയാണ് മെഡിക്കൽ കോളേജുകളിൽ എൻഎജെആർമാരെ നിയമിച്ചത്. നിയമിച്ചവർ ഉടൻതന്നെ ജോലിയിൽ പ്രവേശിച്ചു തുടങ്ങി. എല്ലാ മെഡിക്കൽ കോളേജുകളിലും ഇന്റർവ്യൂന് ജൂനിയർ ഡോക്ടർമാരുടെ തിരക്കായിരുന്നു. തിരുവനന്തപുരം 50, ആലപ്പുഴ 61, കോഴിക്കോട് 72, കോട്ടയം 75, തൃശൂർ 72, കണ്ണൂർ 36, എറണാകുളം 7, എന്നിങ്ങനെ 373 എൻഎജെആർമാരെ 45,000 രൂപ വേതനത്തിൽ അതത് മെഡിക്കൽ കോളജുകൾക്ക് നിയമിക്കാനാണ് അനുമതി നൽകിയത്. ബാക്കിയുള്ളവരെ ഉടൻ തന്നെ നിയമിക്കാനുള്ള നടപടി സ്വീകരിച്ചതായും മന്ത്രി വ്യക്തമാക്കി. ഇതിന് മറുപടിയായിട്ടായിരുന്നു കെഎംപിജിഎയുടെ പ്രതികരണം.
Read Also : ‘ചര്‍ച്ച നടത്തുമെന്ന് ആരോഗ്യമന്ത്രി അറിയിച്ചു’; സമരം തുടരുമെന്ന് പിജി ഡോക്ടേഴ്‌സ്
ഡിസംബർ ഏഴിന്റെ ചർച്ചയിൽ പിജി വിദ്യാർത്ഥി സംഘടനാ പ്രതിനിധികളുടെ പ്രധാന ആവശ്യങ്ങളിലൊന്നായിരുന്നു എൻഎജെആർമാരെ നിയമിക്കണമെന്നത്. അടിയന്തരമായി സർക്കാർ ഇടപെടുകയും രണ്ട് ദിവസത്തിനകം ഡിസംബർ 9ന് ഇവരെ നിയമിക്കാൻ അനുമതി നൽകി ഉത്തരവ് ഇറക്കുകയും ചെയ്തു. ഈ ഉത്തരവിൽ വ്യക്തതയില്ലായെന്നും, എന്ന് നിയമിക്കുമെന്ന് അറിയില്ലായെന്നും പറഞ്ഞാണ് പുതിയ ആൾക്കാർ സമരവുമായി മുന്നോട്ട് പോയത്. എന്നാൽ കൃത്യമായ വ്യക്തത വരുത്തിയാണ് ഇത്രയും കുറഞ്ഞനാൾ കൊണ്ട് അപേക്ഷ വിളിച്ച് ഇത്രയും പേരെ അടിയന്തരമായി നിയമിച്ചതെന്ന് മന്ത്രി പറയുന്നു.
എസ്ഇബിസി, ഇഡബ്ല്യുഎസ് സംവരണ വ്യവസ്ഥകളിന്മേലുള്ള ഹർജികൾ സുപ്രീം കോടതിയുടെ പരിഗണനയിലായതിനാലാണ് പിജി പ്രവേശനം വൈകുന്നത്. അതിൽ സർക്കാരിന് ഒന്നും ചെയ്യാൻ കഴിയില്ല. അതിനാലാണ് ഒന്നാം വർഷ പിജി പ്രവേശനം നടക്കുന്നത് വരെ എൻഎജെആർമാരെ നിയമിച്ചത്. സമരക്കാർ ഉന്നയിച്ച പ്രധാന ആവശ്യം പരിഹരിച്ച സ്ഥിതിക്ക് ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന സമരത്തിൽ നിന്നും പിൻമാറണമെന്നും മന്ത്രി അഭ്യർത്ഥിച്ചു.
Story Highlights : pg doctors strike update
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here