കടുവാ ശല്യം; കുറുക്കന്‍മൂലയില്‍ സുരക്ഷ ഏര്‍പ്പെടുത്തി പൊലീസ്; കടുവയെ തെരയാന്‍ കുങ്കിയാനകളെ എത്തിക്കും

കടുവയിറങ്ങിയ വയനാട് കുറുക്കന്‍മൂലയില്‍ സുരക്ഷ ഏര്‍പ്പെടുത്തി പൊലീസ്. കുട്ടികള്‍ക്ക് സ്‌കൂളില്‍ പോകാന്‍ സംരക്ഷണം ഉറപ്പുവരുത്തുമെന്ന് പൊലീസ് അറിയിച്ചു. വീടുകളില്‍ പാല്‍, പത്ര വിതരണ സമയത്ത് പൊലീസും വനംവകുപ്പും ജനങ്ങള്‍ക്ക് സുരക്ഷയൊരുക്കും.
രാത്രി സമയത്ത് ജനങ്ങള്‍ പുറത്തിറങ്ങരുതെന്ന് വനംവകുപ്പ് അധികൃതര്‍ നിര്‍ദേശം നല്‍കി. കുറുക്കന്‍മൂലയില്‍ വൈദ്യുതി തടസപ്പെടില്ലെന്ന് ഉറപ്പുവരുത്തണമെന്ന് കെഎസ്ഇബിക്ക് നിര്‍ദേശമുണ്ട്. പ്രദേശത്ത് കാടുകയറി മൂടിക്കിടക്കുന്ന സ്ഥലങ്ങള്‍ വെട്ടിത്തെളിക്കാന്‍ റവന്യൂവകുപ്പിനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കടുവയെ തെരയാന്‍ പ്രത്യേക പരിശീലനം നേടിയ കുങ്കിയാനകളെ കുറുക്കന്‍ മൂലയില്‍ എത്തിക്കാനാണ് വനംവകുപ്പിന്റെ ശ്രമം. മുത്തങ്ങ വന്യജീവി സങ്കേതത്തില്‍ പരിശീലനം നേടിയ കുങ്കിയാനകളെയാണ് എത്തിക്കുന്നത്. കടുവയ്ക്കായി ഡ്രോണുകള്‍ ഉപയോഗിച്ചും പ്രദേശത്ത് നിരീക്ഷണം നടത്താനും തീരുമാനമായിട്ടുണ്ട്.
Read Also : നീലഗിരിയിലെ നരഭോജി കടുവയെ കൊല്ലരുത് : മദ്രാസ് ഹൈക്കോടതി
കുറുക്കന്‍മൂലയിലെ പടമല സ്വദേശി സുനിയുടെ ആടിനെ ഇന്ന് പുലര്‍ച്ചെ കടുവ ആക്രമിച്ചിരുന്നു. ഇതുവരെ പ്രദേശത്ത് 15 വളര്‍ത്തുമൃഗങ്ങളെയാണ് കടുവ കൊന്നത്. മാനന്തവാടി നഗരസഭയിലെ നാല് ഡിവിഷനുകളില്‍ അഞ്ച് ദിവസമായി നിരോധനാജ്ഞ തുടരുകയാണ്. മേഖലയില്‍ കൂടുതല്‍ വനപാലകരെ വിന്യസിച്ചിട്ടുണ്ട്. വനം വകുപ്പും പൊലിസും സജീവമായി പ്രദേശത്ത് തിരച്ചില്‍ നടത്തുന്നുണ്ട്. കഴിഞ്ഞദിവസമാണ് കുറക്കന്‍മൂല പുതുച്ചിറയില്‍ ജോണ്‍സന്റ ആടിനെയും തേങ്കുഴി ജിന്‍സന്റെ പശുവിനെയും കടുവ ആക്രമിച്ചത്. ഇതോടെ പയ്യമ്പള്ളി കുറുക്കന്‍മൂല, പടമല പ്രദേശങ്ങളിലെ ജനങ്ങള്‍ പരിഭ്രാന്തിയിലായി.
Story Highlights : tiger, kurukkanmoola, wayanad
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here