21
Jan 2022
Friday

ഇന്നത്തെ പ്രധാനവാര്‍ത്തകള്‍ (14-12-21)

Todays Headlines

ലീഗ് കടുത്ത വര്‍ഗീയ പ്രചാരകരായി മാറുന്നു; രാഷ്ട്രീയത്തിനുവേണ്ടി മതത്തെ ഉപയോഗിക്കരുതെന്ന് മുഖ്യമന്ത്രി

മുസ്ലീം ലീഗിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. വര്‍ഗീയ പ്രചാരകരായി ലീഗ് മാറുന്നുവെന്നും സമാധാനം ആഗ്രഹിക്കുന്ന അണികളെ തീവ്രവാദികള്‍ക്ക് എറിഞ്ഞുകൊടുക്കുകയാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

കര്‍ഷകരെ കൊലപ്പെടുത്തിയത് ആസൂത്രിതം; ലഖിംപൂര്‍ ഖേരി സംഭവത്തില്‍ ആശിഷ് മിശ്രയ്ക്ക് കുരുക്ക്

ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ ഖേരി ആക്രമണം ആസൂത്രിതവും മനപൂര്‍വവുമെന്ന് അന്വേഷണ സംഘം. ആശിഷ് മിശ്ര ടേനിയടക്കം 13 പേര്‍ക്കെതിരെ നിര്‍ണായ കണ്ടെത്തലുകളാണ് അന്വേഷണ സംഘം തയ്യാറാക്കിയ റിപ്പോര്‍ട്ടിലുള്ളത്.

ബസ് ചാർജ് വർധന മകരവിളക്കിന് ശേഷം; വിദ്യാർത്ഥികളുടെ കൺസഷന്റെ കാര്യത്തിൽ സർക്കാരിന് എടുത്ത് ചാടാനാകില്ല: ഗതാഗതമന്ത്രി

ബസ് ചാർജ് വർധന മകരവിളക്കിന് ശേഷമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. കൺസഷൻ നിരക്ക് കൂട്ടേണ്ടി വരും. ഇന്നത്തേത് നിർണ്ണായക ചർച്ചയാണ്. വിദ്യാർത്ഥികളുടെ കൺസഷന്റെ കാര്യത്തിൽ സർക്കാരിന് എടുത്ത് ചാടാനാകില്ലെന്നും ബസുടമകളുടെ പ്രതിസന്ധി കണ്ടില്ലെന്ന് നടിക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 

പ്രതിഷേധക്കാര്‍ക്ക് തീവ്രവാദബന്ധം; വിവാദ പ്രസ്താവനയില്‍ കടുത്ത അതൃപ്തിയറിയിച്ച് മുഖ്യമന്ത്രി

ആലുവ റൂറല്‍ എസ്പിയെ നേരിട്ട് വിളിച്ചുവരുത്തി അതൃപ്തിയറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മോഫിയ പര്‍വീന്റെ ആത്മഹത്യയില്‍ സമരം ചെയ്ത പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍ക്ക് തീവ്രവാദ ബന്ധമുണ്ടെന്ന പൊലീസ് റിപ്പോര്‍ട്ടിലാണ് മുഖ്യമന്ത്രി അതൃപ്തിയറിയിച്ചത്. ആലുവ ഗസ്റ്റ് ഹൗസിലേക്ക് വിളിച്ചുവരുത്തിയാണ് എസ്പിയോട് മുഖ്യമന്ത്രി വിശദീകരണം തേടിയത്.

മുല്ലപ്പെരിയാർ ജലനിരപ്പ് 142 അടിയായി; ഒരു ഷട്ടര്‍ പത്ത് സെ.മീ ഉയര്‍ത്തി

മുല്ലപ്പെരിയാർ ഡാമിൽ ജലനിരപ്പ് 142 അടിയായി. ഇതോടെ തമിഴ്‌നാട് ഒരു ഷട്ടര്‍ പത്ത് സെന്റിമീറ്റര്‍ ഉയര്‍ത്തി. ഡാമിലേക്കുള്ള നീരൊഴുക്ക് ശക്തമല്ല. 700 ഘനയടി വെള്ളമാണ് തമിഴ്നാട് കൊണ്ടുപോകുന്നത്. ഷട്ടർ 30 സെന്റിമീറ്റർ ഉയർത്തി 420 ഘനയടി വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്

സാമ്പത്തിക പ്രതിസന്ധി; സർക്കാർ സ്കൂളിൽ പാൽ ഒരു ദിവസം മാത്രം

സാമ്പത്തിക പ്രതിസന്ധി കാരണം സ്കൂൾ ഉച്ചഭക്ഷണ പദ്ധതി പുനഃക്രമീകരിച്ച് സർക്കാർ. സർക്കാർ സ്കൂളുകളിൽ കുട്ടികൾക്കായുള്ള പാൽ വിതരണം ഒരു ദിവസം മാത്രമാക്കി വെട്ടിക്കുറച്ചു. പാചക ചെലവ് വർധിച്ചത് പ്രതിസന്ധിയായെന്ന് സ്കൂൾ അധ്യാപകർ ചൂണ്ടിക്കാട്ടി.

സർവകലാശാല നിയമനം; മന്ത്രി ആർ ബിന്ദുവിനെതിരെ പ്രതിഷേധം കടുപ്പിച്ച് കോൺഗ്രസ്

കണ്ണൂർ സർവകലാശാല വൈസ് ചാൻസിലർ നിയമനത്തിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവിനെതിരെ പ്രതിഷേധം കടുപ്പിച്ച് കോൺഗ്രസ്. നിയമനങ്ങൾ റദ്ദാക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.

സമവായത്തിന് സർക്കാർ, ചർച്ച നിർണായകം, പിജി ഡോക്ടർമാരുമായി സർക്കാർ ഇന്ന് ചർച്ച നടത്തും

സമരം തുടരുന്ന പിജി ഡോക്ടർമാരുമായി ആരോഗ്യമന്ത്രി വീണാ ജോർജ് ഇന്ന് ചർച്ച നടത്തും. രാവിലെ 10.30 ശേഷമാകും കൂടിക്കാഴ്ച. പിജി ഡോക്ടർമാർക്ക് തന്നെ എപ്പോൾ വേണമെങ്കിലും വന്ന് കാണാമെന്ന് ആരോഗ്യമന്ത്രി ഇന്നലെ വ്യക്തമാക്കിയിരുന്നു എന്നാൽ കൂടിക്കാഴ്ചയ്ക്ക് ചർച്ചയുടെ ഭാഷ്യം നൽകേണ്ടതില്ലെന്നാണ് ആരോഗ്യവകുപ്പിന്റെ നിലപാട്.

Story Highlights : Todays Headlines

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top