ശശി തരൂരിന്റേത് സർക്കാരിനെ സഹായിക്കാനുള്ള ഗൂഡതന്ത്രമെന്ന് മുല്ലപ്പള്ളി; സ്വതന്ത്ര അഭിപ്രായം പറയാമെന്ന് ചെന്നിത്തല

കെ റെയിലുമായി ബന്ധപ്പെട്ട വിഷയത്തിൽ ശശി തരൂർ എംപിയെ അനുകൂലിച്ചും എതിർത്തും കോൺഗ്രസ് നേതാക്കൾ. കെ റെയിൽ പദ്ധതി ജനോപകാരപ്രദമല്ലെന്ന് കൊച്ചു കുഞ്ഞിന് പോലും അറിയാമെന്നായിരുന്നു മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രതികരണം. സർക്കാരിനെ സഹായിക്കാനുള്ള ഗൂഢ തന്ത്രമാണ് ശശീ തരൂരിന്റേതെന്നും അത് പാർട്ടിയെ പ്രതിക്കൂട്ടിലാക്കിയെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. ശശി തരൂരിനെതിരെ ഹൈക്കമാന്റ് ഇടപെടണമെന്നും മുല്ലപ്പള്ളി വടകരയിൽ വ്യക്തമാക്കി. ( chennithala mullappally sasi tharoor )
കെ റെയിൽ വിഷയത്തിൽ പാർട്ടിക്കും മുന്നണിക്കും ഒരേ അഭിപ്രായമെന്ന് രമേശ് ചെന്നിത്തല പ്രതികരിച്ചു. ശശിതരൂർ മുഴുവൻ സമയ രാഷ്ട്രീയ പ്രവർത്തകനല്ലെന്നും, വിശ്വപൗരനെന്ന നിലയിൽ വികസന കാര്യങ്ങളിൽ സ്വതന്ത്ര അഭിപ്രായങ്ങൾ പറയുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
സിൽവർ ലൈനിനെതിരെയുള്ള നിവേദനത്തിൽ ശശി തരൂർ എം പി ഒപ്പിടാത്തത് പരിശോധിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ അറിയിച്ചു. ശശി തരൂരിന്റെ ഭാഗത്തുനിന്നുണ്ടായ നീക്കങ്ങൾ വിശദമായി അന്വേഷിച്ച ശേഷം ഉചിതമായ തീരുമാനം എടുക്കുമെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു. കെ റെയിലുമായി ബന്ധപ്പെട്ട നടപടികൾക്കെതിരെ സമരം ശക്തമാക്കും. പദ്ധതിക്ക് പിറകിൽ വൻ അഴിമതിയാണ്, അതുകൊണ്ടാണ് അനാവശ്യ വേഗം കാണിക്കുന്നത്. കെ റെയ്‌ലിനെതിരെ നാളെ സംസ്ഥാന വ്യാപകമായി സമരം നടത്തുമെന്ന് പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.
Story Highlights : chennithala mullappally sasi tharoor
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here