Advertisement

ആദ്യ ജില്ലാതല ഹൃദയ ശസ്ത്രക്രിയ; എറണാകുളം ജനറല്‍ ആശുപത്രി ആരോഗ്യ മന്ത്രി സന്ദര്‍ശിച്ചു

December 17, 2021
1 minute Read

ഇന്ത്യയില്‍ ആദ്യമായി ജില്ലാതല സര്‍ക്കാര്‍ ആശുപത്രിയില്‍ ഹൃദയ ശസ്ത്രക്രിയ നടക്കുന്ന എറണാകുളം ജനറല്‍ ആശുപത്രി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് സന്ദര്‍ശിച്ചു. ഹൃദയ ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കുന്ന ഡോക്ടര്‍മാരേയും മറ്റെല്ലാ ജീവനക്കാരേയും മന്ത്രി അഭിനന്ദിച്ചു.

രാജ്യത്ത് മെഡിക്കല്‍ കോളജുകളില്‍ മാത്രമുള്ള ഹൃദയ ശസ്ത്രക്രിയാ സൗകര്യമാണ് ജില്ലാതല ആശുപത്രിയിലും യാഥാര്‍ത്ഥ്യമാക്കിയിരിക്കുന്നത്. മെഡിക്കല്‍ കോളജുകള്‍ക്ക് പുറമെ സംസ്ഥാനത്തെ ജില്ലാ, ജനറല്‍ ആശുപത്രികള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഈ ആശുപത്രികളില്‍ സ്പെഷ്യാലിറ്റി സൗകര്യങ്ങളും സൂപ്പര്‍ സ്പെഷ്യാലിറ്റി സൗകര്യങ്ങളും ഒരുക്കി വരികയാണ്. ഇതിലൂടെ സാധാരണക്കാര്‍ക്കും അത്യാധുനിക ചികിത്സ തൊട്ടടുത്ത് ലഭ്യമാകും. ഇതിന്റെ തുടര്‍ച്ചയായാണ് എറണാകുളം ജനറല്‍ ആശുപത്രിയില്‍ കാര്‍ഡിയാക് വിഭാഗം ശക്തിപ്പെടുത്തിയതും മറ്റ് സൂപ്പര്‍ സ്പെഷ്യാലിറ്റി സംവിധാനങ്ങളൊരുക്കിയതും.

കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിര്‍മ്മാണം പൂര്‍ത്തിയായ സൂപ്പര്‍ സ്പെഷ്യല്‍റ്റി ബ്ലോക്കിലാണ് കാര്‍ഡിയോ തൊറാസിക് സര്‍ജറി വിഭാഗം പ്രവര്‍ത്തനം ആരംഭിച്ചത്. ഇപ്പോള്‍ സര്‍ജറി നടക്കുന്ന ഓപ്പറേഷന്‍ തീയറ്ററും ആവശ്യമായ ഉപകരണങ്ങളും ഉള്‍പ്പെടയുള്ളവ ഈ സര്‍ക്കാരിന്റെ കാലത്താണ് സജ്ജമാക്കിയത്. ഇതിനായി കാര്‍ഡിയാക് തൊറാസിക് സര്‍ജന്‍മാരെ ആശുപത്രിയില്‍ പ്രത്യേകമായി നിയമിച്ചു. ആന്‍ജിയോഗ്രാം, ആന്‍ജിയോപ്ലാസ്റ്റി എന്നിവയ്ക്ക് പുറമേയാണ് ബൈപ്പാസ് ശസ്ത്രക്രിയയും എറണാകുളം ജനറല്‍ ആശുപത്രിയില്‍ ആരംഭിച്ചത്. ഹൃദ്രോഗ ശസ്ത്രക്രിയ പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ ബൈപാസ് ശസ്ത്രക്രിയ കൂടാതെ വാല്‍വ് മാറ്റിവെക്കല്‍, ജന്മനായുള്ള ഹൃദയ തകരാറുകള്‍, ശ്വാസകോശ രോഗങ്ങള്‍ മുതലായവ പരിഹരിക്കുന്നതിന് ജനറല്‍ ആശുപത്രി സജ്ജമാകും.

കോട്ടയം മെഡിക്കല്‍ കോളജ് ഹൃദ്രോഗ ശസ്ത്രക്രിയ വിഭാഗം മേധാവി ഡോ. ടി.കെ. ജയകുമാറാണ് ആദ്യത്തെ ബൈപാസ് സര്‍ജറിക്ക് നേതൃത്വം നല്‍കുന്നത്.

Story Highlights : first-district-level-heart-surgery

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top