Advertisement

മുൻ എംഎൽഎ കെ.കെ രാമചന്ദ്രൻ നായരുടെ മകന്‍റെ നിയമനം റദ്ദാക്കിയ ഹൈക്കോടതി നടപടി; സർക്കാർ സുപ്രിംകോടതിയിൽ

December 18, 2021
Google News 2 minutes Read

മുൻ എം എൽ എ കെ.കെ രാമചന്ദ്രൻ നായരുടെ മകന്റെ ആശ്രിത നിയമനം റദ്ദാക്കിയതിനെതിരെ സർക്കാർ. നിയമനം റദ്ദാക്കിയ ഹൈക്കോടതി നടപടിക്കെതിരെ സംസ്ഥാന സർക്കാർ സുപ്രിംകോടതിയെ സമീപിച്ചു. ഹൈക്കോടതി നടപടി റദ്ദാക്കണമെന്നാണ് ആവശ്യം. കെ.കെ. രാമചന്ദ്രൻ നായരുടെ മകൻ ആർ പ്രശാന്തിന്റെ നിയമനമാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബഞ്ച് റദ്ദാക്കിയത്. പാലക്കാട് സ്വദേശി അശോക് കുമാറിന്റെ ഹർജി അനുവദിച്ചുകൊണ്ടായിരുന്നു ഉത്തരവ്. പൊതുമരാമത്ത് വകുപ്പിൽ പ്രത്യേക തസ്തിക സൃഷ്ടിച്ചായിരുന്നു പ്രശാന്തിന്റെ നിയമനം.

ഒന്നാം പിണറായി സർക്കാരിന്റെ അവസാനകാലത്ത് വലിയതോതിൽ വിവാദം സൃഷ്ടിച്ച സംഭവമായിരുന്നു കെ.കെ. രാമചന്ദ്രൻ നായരുടെ മകന്റെ ആശ്രിത നിയമനം. അന്തരിച്ച മുൻ ചെങ്ങന്നൂർ എം.എൽ.എ ആയ കെ.കെ. രാമചന്ദ്രൻ നായരുടെ മകന് ആശ്രിതനിയമനം എന്ന നിലയ്ക്ക് ജോലി നൽകുന്നു എന്നായിരുന്നു അന്ന് സർക്കാർ പറഞ്ഞത്. ഇത് ചോദ്യം ചെയ്താണ് ഹൈക്കോടതിയിൽ ഹർജി വന്നത്. എംഎൽഎ എന്നത് ജനപ്രതിനിധിയാണ്, സർക്കാർ ഉദ്യോ​ഗസ്ഥനല്ല എന്നും സർക്കാർ ഉദ്യോ​ഗസ്ഥരുടെ ആശ്രിതർക്ക് മാത്രമേ ആശ്രിത നിയമനത്തിന് അർഹതയുള്ളു എന്നുമാണ് ഹർജിയിൽ പറഞ്ഞിരുന്നത്. പ്രശാന്തിന്റെ നിയമനം ചട്ടവിരുദ്ധവും നിയമലംഘനവുമാണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി.

Read Also : എംഎൽഎ മാരുടെ മക്കൾക്കോ ബന്ധുക്കൾക്കോ ആശ്രിത നിയമനം പാടില്ല: വിമർശനവുമായി ഹൈക്കോടതി

അതേസമയം പ്രശാന്തിന് ആവശ്യമായ യോ​ഗ്യതയുണ്ട് എന്ന് പറഞ്ഞാണ് സർക്കാർ ഇതിനെ പ്രതിരോധിക്കാൻ ശ്രമിച്ചത്. പൊതുമരാമത്ത് വകുപ്പിൽ അസിസ്റ്റന്റ് എൻജിനീയർ റാങ്കിലാണ് നിയമനം. അതിനുള്ള വിദ്യാഭ്യാസ യോ​ഗ്യതയുണ്ടെന്നും സർക്കാർ പറഞ്ഞു. 2018ലെ മന്ത്രിസഭാ യോ​ഗമാണ് പ്രശാന്തിന്റെ നിയമനം സംബന്ധിച്ച തീരുമാനമെടുത്തതെന്നും പൊതുഭരണസെക്രട്ടറി കോടതിയെ അറിയിച്ചിരുന്നു. നിയമനം ഹർജിക്കാരനെ ഒരു തരത്തിലും ബാധിക്കുന്നതല്ല എന്നും സർക്കാർ കോടതിയിൽ വാദിച്ചിരുന്നു.

Story Highlights : Former mla kk ramachandran nairs sons dependent appointment-Supreme court

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here