കൃഷ്ണപ്രിയയെ കൊല്ലുമെന്ന് ഭീഷണി, ഇഷ്ടമുള്ള വസ്ത്രം ധരിക്കാൻ പാടില്ല; വെളിപ്പെടുത്തലുമായി അയൽവാസി

കോഴിക്കോട് തിക്കോടിയിൽ യുവതിയെ തീകൊളുത്തി കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തലുമായി അയൽവാസി ബിജു കളത്തിൽ . കൃഷ്ണപ്രിയയെ കൊല്ലുമെന്ന് നന്ദകുമാർ ഭീഷണിപ്പെടുത്തിയിരുന്നതായി അയൽവാസി പറഞ്ഞു. കൃഷ്ണപ്രിയയെ ഇഷ്ടമുള്ള വസ്ത്രം ധരിക്കാൻ നന്ദ കുമാർ അനുവദിച്ചിരുന്നില്ല. ജോലിക്ക് പോകുന്നത് തടയാൻ ശ്രമിച്ചിരുന്നുവെന്നും കൃഷ്ണപ്രിയ നന്ദ കുമാറിൽ നിന്ന് അകലം പാലിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. മൂന്ന് വർഷം മുൻപാണ് ഇരുവരും തമ്മിലുള്ള പരിചയം തുടങ്ങുന്നതെന്നും ബിജു കളത്തിൽ വ്യക്തമാക്കി.
അതേസമയം യുവതിയെ പെട്രോൾ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച നന്ദു എന്ന നന്ദകുമാർ (31) മരിച്ചു. തിക്കോടി പള്ളിത്താഴം സ്വദേശി മോഹനന്റെ മകനാണ്. 99 ശതമാനം പൊള്ളലേറ്റ നന്ദു കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് പുലർച്ചെയാണ് മരണം സംഭവിച്ചത്.
Read Also : യുവതിയെ തീകൊളുത്തി കൊലപ്പെടുത്തിയ യുവാവും മരിച്ചു
ഇന്നലെയാണ് തിക്കോടി പഞ്ചായത്തിലെ താത്കാലിക ജീവനക്കാരിയായിരുന്ന കൃഷ്ണപ്രിയയെ നന്ദകുമാർ തീകൊളുത്തി കൊലപ്പെടുത്തിയത്. ഇതിന് ശേഷം നന്ദകുമാറും ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. കൃഷ്ണപ്രിയയെ നന്ദു ഏറെ നാളുകളായി ശല്യം ചെയ്തിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. ഇന്നലെ രാവിലെ തിക്കോടി പഞ്ചായത്ത് ഓഫിസിന് മുന്നിലായിരുന്നു സംഭവം. കൃഷ്ണപ്രിയ പഞ്ചായത്ത് ഓഫിസിലേക്ക് ജോലിക്ക് കയറാനൊരുങ്ങുമ്പോഴാണ് നന്ദു തടഞ്ഞു നിര്‍ത്തി പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയത്. നിലവിളി കേട്ടെത്തിയ ജീവനക്കാരും നാട്ടുകാരും ചേര്‍ന്ന് തീ അണയ്ക്കുകയായിരുന്നു.
Story Highlights : krishnapriya murder- kozhikode
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here