Advertisement

പാക് ബന്ധം; 20 യൂട്യൂബ് ചാനലുകള്‍ നിരോധിക്കാന്‍ ഉത്തരവിട്ട് കേന്ദ്രസര്‍ക്കാര്‍

December 21, 2021
Google News 1 minute Read
youtube channels

20 യൂട്യൂബ് ചാനലുകളും രണ്ട് വെബ്‌സൈറ്റുകളും നിര്‍ത്തലാക്കാന്‍ ഉത്തരവിട്ട് കേന്ദ്രസര്‍ക്കാര്‍. ഇന്റലിജന്‍സ് ഏജന്‍സികളുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ നടപടി. പാകിസ്താനുമായി ബന്ധമുള്ളവയാണ് നിരോധിക്കുന്നതെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.

ഈ ചാനലുകള്‍ ഇന്റര്‍നെറ്റില്‍ രാജ്യ വിരുദ്ധ പ്രചാരണങ്ങളും വ്യാജ വാര്‍ത്തകളും പ്രചരിപ്പിച്ചതിനാണ് ഇത്തരത്തിലൊരു നീക്കമെന്ന് കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം അറിയിച്ചു. ചാനലുകള്‍ പോസ്റ്റ് ചെയ്യുന്ന ഉള്ളടക്കത്തിന്റെ ഭൂരിഭാഗവും സെന്‍സിറ്റിവും വസ്തുതാ വിരുദ്ധവുമാണെന്നും കേന്ദ്രസര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.

കശ്മീര്‍, ഇന്ത്യന്‍ സൈന്യം, രാമക്ഷേത്രം, ന്യൂനപക്ഷ സമുദായങ്ങള്‍, അന്തരിച്ച സിഡിഎസ് ജനറല്‍ ബിപിന്‍ റാവത്ത് എന്നിവ ഉള്‍പ്പെട്ട കണ്ടന്റുകള്‍ പ്രസ്തുത ചാനലുകള്‍ തെറ്റായി പോസ്റ്റ് ചെയ്യാറുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി. ‘കര്‍ഷകരുടെ പ്രതിഷേധം, പൗരത്വ ഭേദഗതിനിയമവുമായി ബന്ധപ്പെട്ട ഉള്ളടക്കം എന്നിവ പോസ്റ്റ് ചെയ്തുകൊണ്ട് കേന്ദ്ര സര്‍ക്കാരിനെതിരെ മതന്യൂനപക്ഷങ്ങളെ ഇളക്കിവിടാന്‍ ചില ചാനലുകള്‍ ശ്രമിച്ചു’, എന്നും കേന്ദ്രസര്‍ക്കാര്‍ പറയുന്നു.

ദ പഞ്ച് ലൈന്‍, ഇന്റര്‍നാഷണല്‍ വെബ് ന്യൂസ്, 48 ന്യൂസ്, ഫിക്ഷണല്‍, ഹിസ്റ്റോറിക്കല്‍ ഫാക്ട്‌സ്, പഞ്ചാബ് വൈറല്‍, നയാ പാക്കിസ്താന്‍ ഗ്ലോബല്‍, കവര്‍ സ്റ്റോറി, ന്യൂസ് 24, ഖല്‍സ ടിവി, ദി നേക്കഡ് ട്രൂത്ത് ഉള്‍പ്പെടെയുള്ള ചാനലുകള്‍ക്കാണ് നിരോധനം ഏര്‍പ്പെടുത്തിയത്. കാശ്മീര്‍ ഗ്ലോബല്‍, കാശ്മീര്‍ വാച്ച് എന്നിവയാണ് നിരോധിച്ച വെബ്‌സൈറ്റുകള്‍.

Read Also : വിവാഹ പ്രായം ഉയർത്തുന്നത് ഉൾപ്പെടെയുള്ള നാല് ബില്ലുകൾ സബ്ജക്ട് കമ്മിറ്റിക്ക്; പാർലമെന്റ് ഇന്ന് പിരിഞ്ഞേക്കും

നിരോധനം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള വിശദീകരണ കുറിപ്പില്‍ യൂട്യൂബ് ചാനലുകള്‍ പ്രസിദ്ധീകരിച്ച വ്യാജ വാര്‍ത്തകളുടെ സ്‌ക്രീന്‍ ഷോട്ടുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. നിരോധിച്ച യൂട്യൂബ് ചാനലുകളുടെ പട്ടികയില്‍ ‘നയാ പാക്കിസ്താന്‍’ ഗ്രൂപ്പിന്റെ ചാനലുകളും ഉള്‍പ്പെടുന്നു. 55 കോടിയിലധികം ആളുകളാണ് അവരുടെ വിഡിയോകള്‍ കണ്ടത്. നയാ പാകിസ്താന്‍ ഗ്രൂപ്പിന്റെ ചില ചാനലുകളിലെ അവതാരകര്‍ പാക് ന്യൂസ് ചാനലുകളില്‍ നിന്നുള്ളവരാണ്. അഞ്ച് സംസ്ഥാനങ്ങളില്‍ വരാനിരിക്കുന്ന തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് തെറ്റായ പ്രചാരണങ്ങള്‍ ഈ ചാനലുകള്‍ വഴി നടത്താനും സാധ്യതയുള്ളതിനെ തുടര്‍ന്നാണ് കേന്ദ്രസര്‍ക്കാരിന്റെ നടപടി.

Story Highlights : youtube channels

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here