മുസ്ലിങ്ങളെ കൂട്ടക്കൊല നടത്തണമെന്ന ആഹ്വാനം; പ്രതിഷേധങ്ങൾക്കൊടുവിൽ കേസെടുത്ത് പൊലീസ്

ഹരിദ്വാറിലെ ഹിന്ദു മതസമ്മേളനത്തിലെ വിവാദ പ്രസംഗങ്ങളിൽ കേസെടുത്ത് പൊലീസ്. മുസ്ലിങ്ങളെ കൂട്ടക്കൊല നടത്തണമെന്ന പ്രസംഗങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിട്ടും പൊലീസ് കേസെടുത്തിരുന്നില്ല. പിന്നീട് പ്രസംഗങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധങ്ങൾ ഉണ്ടാവുകയും എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ പൊലീസ് നിർബന്ധിതരാവുകയുമായിരുന്നു. ഡിസംബർ 17 മുതൽ 20 വരെയാണ് പരിപാടി നടന്നത്.
എഫ്ഐആറിൽ ഒരേയൊരാളുടെ പേര് മാത്രമേ ഉള്ളൂ. അടുത്തിടെ ഇസ്ലാം മതം വിട്ട് ഹിന്ദു മതത്തിലേക്ക് എത്തിയ ഒരാളാണ് ഇത്. പരാതി ലഭിച്ചിട്ടില്ലാത്തതിനാൽ കേസെടുക്കാനാവില്ലെന്നാണ് പൊലീസ് ആദ്യം അറിയിച്ചിരുന്നത്. പിന്നീട് തൃണമൂൽ കോൺഗ്രസ് നേതാവും ആക്ടിവിസ്റ്റുമായ സാകേത് ഗോഖലെയുടെ പരാതിയിന്മേൽ കേസ് രജിസ്റ്റർ ചെയ്തു. യുപി ഷിയ വഖഫ് ബോർഡിൻ്റെ മുൻ ചെയർമാൻ വസീം റിസ്‌വി, അഥവാ ജിതേന്ദർ നാരായൺ എന്നയാൾ മാത്രമാണ് പ്രതിപ്പട്ടികയിലുള്ളത്. ഉത്തരാഖണ്ഡ് പൊലീസ് ഇക്കാര്യം ട്വീറ്റ് ചെയ്തിട്ടുണ്ട്.
അതേസമയം, പ്രസംഗത്തിൽ ഖേദപ്രകടനം നടത്തില്ലെന്നും പൊലീസിനെ പേടിയില്ലെന്നും ഹിന്ദു രക്ഷാ സേനാംഗം പ്രബോധാനന്ദ് ഗിരി പറഞ്ഞതായി എൻഡിടിവി റിപ്പോർട്ട് ചെയ്തു. മ്യാന്മറിലെ പോലെ രാഷ്ട്രീയക്കാരും പൊലീസും സൈന്യവും ഓരോ ഹിന്ദുവും ആയുധമെടുത്ത് അവരെ തീർത്തുകളയണമെന്നാണ് പ്രബോധാനന്ദ് ഗിരി പ്രസംഗിച്ചത്. ഗാന്ധിയുടെ ചിത്രത്തിൽ വെടിയുതിർത്ത് പ്രതിഷേധിച്ചതിന് അറസ്റ്റിലായ ഹിന്ദു മഹാസഭ നേതാവ് പൂജ ശകുൻ പാണ്ഡെയും സമ്മേളനത്തിൽ വിവാദ പ്രസംഗം നടത്തി. അവരെ തീർക്കണമെങ്കിൽ കൊല്ലുക. 20 ലക്ഷം ആളുകളെ കൊല്ലാൻ കഴിയുന്ന 100 സൈനികരെ നമുക്ക് വേണം എന്നായിരുന്നു പൂജ ശകുൻ പാണ്ഡെയുടെ പ്രഭാഷണം. ഇന്ത്യൻ ഭരണഘടന തെറ്റാണെന്നും ഇന്ത്യക്കാർ ഗോഡ്സെയെയാണ് ആരാധിക്കേണ്ടതെന്നും അവർ പറഞ്ഞതായി എൻഡിടിവി പറഞ്ഞു.
Story Highlights : Haridwar Hate Speeches Case Filed
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here