29
Jan 2022
Saturday

‘പെപ്പെ’യുടെ സിനിമാ ലോകം,,

ആന്റണി പെപ്പെ/ അഖിൽ എസ് എസ്

അങ്കമാലി ഡയറീസ് എന്ന സിനിമയിലൂടെ മലയാള സിനിമ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ നടനാണ് ആൻറണി വർഗ്ഗീസ്. സിനിമയ്ക്ക് ശേഷം സ്വന്തം പേര് തന്നെ കഥാപാത്രത്തിൻറെ പേരായി മാറിയ താരം. ചിത്രത്തിലെ കഥാപാത്രമായ പെപ്പെയുടെ പേരിലാണ് ആൻറണി അറിയപ്പെടുന്നത്.

അങ്കമാലി സ്വദേശിയായ ആൻറണി കിടങ്ങൂർ സെൻറ് ജോസഫ്‌സ്‌ ഹൈസ്‌കൂൾ കിടങ്ങൂരിലെ പഠനശേഷം മഹാരാജാസ് കോളേജിൽ നിന്നായിരുന്നു ബിരുദം സ്വന്തമാക്കിയിരുന്നത്. പഠനകാലത്ത് ഹ്രസ്വചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള ആൻറണി ഓഡിഷനിലൂടെയാണ് ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്ത ‘അങ്കമാലി ഡയറീസ്’ സിനിമയിലേക്ക് എത്തിയത്.

അതിനു ശേഷം സ്വാതന്ത്യം അർദ്ധരാത്രിയിൽ, ജല്ലിക്കട്ട് തുടങ്ങിയ സിനിമകളിൽ അഭിനയിച്ച ആൻറണിയുടേതായി ഈ വർഷം നിരവധി സിനിമകളാണ് ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. ‘സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ’ എന്ന ഹിറ്റ്‌ ചിത്രത്തിനു ശേഷം ആൻറണി വർഗ്ഗീസും (പെപ്പെ) ടിനു പാപ്പച്ചനും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് അജഗജാന്തരം. പെപ്പെയുടെ ക്രിസ്മസ് പുതുവത്സര സിനിമ വിശേഷങ്ങൾ ട്വന്റി ഫോർ ന്യൂസിന്റെ പ്രേക്ഷകർക്കൊപ്പം പങ്കുവയ്ക്കുകയാണ് ആന്റണി പെപ്പെ.

അജഗജാന്തരം സ്ക്രിപ്റ്റ് സംവിധായകൻ ടിനു പാപ്പച്ചനിലേക്ക് എത്തിയത് ആന്റണി വഴി??

സിനിമയുടെ സ്ക്രിപ്റ്റ് അങ്കമാലി ഡയറീസ് മുതൽ എന്റെയൊപ്പം അഭിനയിച്ച കൂട്ടുകാരായ വിനീതും കിച്ചുവുമാണ്. അതിൽ കിച്ചുവിന്റെ റിയൽ ലൈഫിൽ നടന്ന സംഭവമാണ് ഇത്. ഇവനൊരു ആന പ്രേമിയാണ്. അങ്കമാലി ഡയറീസ് കഴിഞ്ഞ സമയത്താണ് അവൻ ഈയൊരു കഥ പറഞ്ഞത്. ആദ്യം ഈ കഥ ഒരു കോമഡി ജോണറിലേത് ആയിരുന്നു പിന്നീട് അതൊരു അടി മാസ് എലമെന്റ്സ് കൊണ്ടുവരികയായിരുന്നു. പിന്നീട് ആ കഥ വിട്ടു, ഞാൻ പിന്നെ കേട്ടത് ലിജോ ജോസ് പെല്ലിശ്ശേരി (ലിജോ ചേട്ടൻ) കഥ കേട്ടു ഓക്കേ ആയി എന്ന്. പിന്നീട് ഞങ്ങൾ അത് മറന്നു വീണ്ടും ഒരു ഈസ്റ്ററിന്റെ അന്ന് ഞങ്ങളൊരു കമ്പനി കൂടിയപ്പോൾ ഞാനായിരുന്നു പറഞ്ഞത് ഈ സിനിമ ചെയ്താലോ എന്ന്. പിന്നീട് ലിജോ ചേട്ടനോട് ചോദിച്ചിട്ട് അത് ടിനു പാപ്പച്ചനിലേക്ക് എത്തിക്കുകയായിരുന്നു. കഥ കേട്ട ശേഷം ഉടൻ തന്നെ ടിനു ചേട്ടൻ ചെയ്യാം എന്ന് പറയുകയായിരുന്നു.

ചെയ്‌തതെല്ലാം വയലൻസിന് പ്രാധാന്യം നൽകുന്ന സിനിമകൾ

ചെയ്‌ത സിനിമകളിൽ അടിക്കാണ് പ്രാധാന്യം പക്ഷെ യഥാർത്ഥ ജീവിതത്തിൽ അടി വരുമ്പോൾ ഓടും. പണ്ട് മഹാരാജാസിൽ പഠിക്കുമ്പോൾ അടി എന്ന് കേൾക്കുമ്പോൾ ഓടുന്നയാളാണ് ഞാൻ. അങ്കമാലി ഡയറീസ് ആയാലും സ്വാതന്ത്ര്യം അർധരാത്രിയിലായാലും സംവിധായകർ എന്നെ വിളിച്ചതായിരുന്നു. ചെയ്ത എല്ലാ പടത്തിലും ഫിസിക്കൽ സ്‌ട്രെയിൻ വളരെ കൂടുതലായിരുന്നു. കൂടുതലും നാടൻ തല്ല്. പൂരപറമ്പ്, പള്ളിപെരുന്നാൾ തുടങ്ങിയ സ്ഥലങ്ങളിൽ സംഭവിക്കുന്ന നാടൻ തല്ലുകളായിരുന്നു അങ്കമാലി ഡയറീസിലും സ്വാതന്ത്ര്യം അർധരാത്രിയിലും. നല്ല സിനിമകളുടെ ഭാഗമാക്കുക എന്നതാണ് ആഗ്രഹം. ഇതല്ലാതെ ഒരുപാട് റോളുകൾ ചെയ്യണം റൊമാൻസ് കോമേഡിയും എല്ലാ റോളുകളും ചെയ്യാൻ താത്പര്യമാണ്.

തമിഴിൽ വിജയ് സിനിമ മിസ് ആയതിനെ പറ്റി

തമിഴിൽ വിജയ് പടത്തിൽ അത്യാവശ്യം വന്ന നല്ല ക്യാരക്റ്റർ മിസ് ആയി. വിജയ് യുടെ പടത്തിൽ ഏത് റോൾ കിട്ടിയാലും ചെയ്യാൻ ആയിരുന്നു ആഗ്രഹം പക്ഷെ വിളിച്ച സമയത്ത് അജഗജാന്തരം ഷൂട്ട് കഴിഞ്ഞില്ല. വിജയ് യുടെ മാസ്റ്റർ സിനിമയായിരുന്നു അത് എന്നാലും ഇനിയും വിളി പ്രതീക്ഷിക്കുന്നു.

ചെമ്പൻ വിനോദുമായുള്ള സൗഹൃദം, ലിജോ ജോസ് പെല്ലിശ്ശേരി എന്ന ആശാനേ പറ്റി

ചെമ്പൻ ചേട്ടൻ എന്റെ സ്വന്തം നാട്ടുകാരനാണ്. കഥകൾ ഞങ്ങൾ തമ്മിൽ സംസാരിക്കാറുണ്ട്. ഒരു മെന്റർ എന്ന നിലയിൽ അഭിപ്രായങ്ങൾ ചോദിക്കാറുണ്ട്. ആദ്യ സിനിമയായ അങ്കമാലി ഡയറീസിൽ എന്നെ ഓഡിഷൻ ചെയ്‌ത്‌ വിളിച്ചയാളാണ് ചെമ്പൻ ചേട്ടൻ. ലിജോ ചേട്ടൻ എന്റെ ഗുരുവാണ് എനിക്ക് ലൈഫ് തന്ന ഒരു ആളാണ്. കഥകൾ കേട്ടിട്ട് നിന്നെക്കൊണ്ട് ചെയ്യാൻ പറ്റുമോ എവിടെയെങ്കിലും നിന്റെ ജീവിതവുമായി കണക്ഷൻ ഉണ്ടോ, പെർഫോം ചെയ്യാനുള്ള സ്പേസ് ഉണ്ടോ, എങ്കിൽ ആ കഥ തെരഞ്ഞെടുക്കുക എന്ന് പറഞ്ഞിട്ടുണ്ട്.

അടുത്തിടെയാണ് വിവാഹിതനായത്; വിവാഹ ജീവിതത്തെ പറ്റി

അടുത്തിടെയാണ് വിവാഹിതനായത്. അനീഷയാണ് ഭാര്യ. ഭാര്യ ബാംഗ്ലൂർ ആണ് പഠിച്ചതും ജോലിചെയ്യുന്നതും അവിടെയാണ്. ആ സമയത്ത് എട്ടോ ഒൻപതോ പ്രാവശ്യം കാണാൻ പോയിട്ടുണ്ട്. അത് വീട്ടിൽ ഒരു രണ്ടുപ്രാവശ്യം പിടിച്ചിട്ടുണ്ട്. അമ്മ വിളിക്കുമ്പോൾ ഫോണിൽ കന്നഡ പറയും അപ്പോൾ അമ്മയ്ക്ക് ഊഹിക്കാമല്ലോ ഞാൻ അവിടെ തന്നെ പോയിരിക്കുകയാണ് എന്ന്, സിനിമയുടെ ചർച്ചകൾക്ക് വേണ്ടി പോകുന്നു എന്ന് പറഞ്ഞു പോകും പക്ഷെ അമ്മ വിളിക്കുമ്പോൾ തന്നെ മനസിലാകും അവിടെ ആണ് എന്നുള്ളത്. പിന്നെ മറ്റൊരു പ്രാവശ്യം ബസിന്റെ ടിക്കറ്റ് അമ്മ കണ്ടുപിടിച്ചു.

ക്രിസ്‌മസ്‌ പുതുവത്സര വിശേഷങ്ങൾ

2019 ലെ ക്രിസ്മസ് ഞാൻ അജഗജാന്തരം ലൊക്കേഷനിൽ ആയിരുന്നു. അത് കഴിഞ്ഞു രണ്ട് വർഷത്തോളം കൊറോണ കൊണ്ടുപോയി പള്ളികളിൽ ആഘോഷങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല ഈ വർഷമാണ് എല്ലാം ഒന്ന് മാറിത്തുടങ്ങിയത്. ഈ വർഷം എല്ലാ അങ്കമാലി പള്ളികളിൽ പോയി ആഘോഷിച്ചു. ഭാര്യ അയർലന്റിലാണ് അതൊരു മിസ്സിങ്ങാണ് എന്നാലും ക്രിസ്‌മസ്‌ ആഘോഷം മുടങ്ങാറില്ല. ഇക്കൊല്ലം സിനിമ ഇറങ്ങി അതിന്റെ ആഘോഷത്തിലുമാണ്.

ലോകമെമ്പാടുമുള്ള എല്ലാ പ്രേക്ഷകർക്കും എന്റെയും കുടുംബത്തിന്റെയും ഹൃദയം നിറഞ്ഞ ക്രിസ്‌മസ്‌ ന്യൂ ഇയർ ആശംസകൾ….ആന്റണി പെപ്പെ ….

Story Highlights : Interview with Antony Varghese Pepe

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top