‘ഫോമിലേക്ക് തിരികെയെത്തിലല്ലോ; ലേലത്തിൽ നല്ല വില കിട്ടട്ടെ’; വാർണറെ തോണ്ടി സൺറൈസേഴ്സ്

ഓസീസ് താരം ഡേവിഡ് വാർണറെ വീണ്ടും ടീമിലെത്തിച്ചേക്കുമെന്ന സൂചനയുമായി ഐപിഎൽ ക്ലബ് സൺറൈസേഴ്സ്. കഴിഞ്ഞ സീസണിൽ ടീം ക്യാപ്റ്റനായിരുന്ന വാർണറെ മോശം ഫോമിനെ തുടർന്ന് ടീമിൽ നിന്ന് മാറ്റിനിർത്തിയ സൺറൈസേഴ്സിനെതിരെ രൂക്ഷ വിമർശനങ്ങൾ ഉയർന്നിരുന്നു. ഇനി സൺറൈസേഴ്സിലേക്കില്ല എന്ന് വാർണർ പരസ്യമായി പ്രതികരിക്കുകയും ചെയ്തു. എന്നാൽ, സൺറൈസേഴ്സിൻ്റെ പുതിയ ട്വീറ്റ് വാർണർ വീണ്ടും ടീമിലെത്തിയേക്കാമെന്നതിൻ്റെ സൂചനയാണെന്നാണ് വിലയിരുത്തൽ. (sunrisers hyderabad david warner)
മെഗാ ലേലത്തിൽ സൺറൈസേഴ്സ് താങ്കൾക്ക് വേണ്ടി ഉയർന്ന തുക മുടക്കിയാൽ എന്ത് ചെയ്യും’ എന്ന ഒരു ട്വിറ്റർ ഹാൻഡിലിൻ്റെ ചോദ്യത്തിന് ‘അത് സംശയമാണെ’ന്ന് വാർണർ മറുപടി നൽകിയിരുന്നു. ഈ ട്വീറ്റിനു മറുപടി ആയാണ് സൺറൈസേഴ്സ് രംഗത്തെത്തിയത്. ‘ആഷസ് ജയത്തിന് അഭിനന്ദനങ്ങൾ. താങ്കൾ ഫോമിലേക്ക് തിരികെയെത്തിയെന്ന് തോന്നുന്നല്ലോ. ലേലത്തിൽ നല്ല തുക ലഭിക്കട്ടെ എന്ന് ആശംസിക്കുന്നു’ എന്നായിരുന്നു ഹൈദരാബാദ് ഫ്രാഞ്ചൈസിയുടെ ട്വീറ്റ്.
Read Also : ലേലത്തിനു മുൻപ് പുതിയ ടീമുകൾ നോട്ടമിടുന്നത് ഡേവിഡ് വാർണറും സൂര്യകുമാർ യാദവും അടക്കമുള്ള താരങ്ങളെ
2014 മുതൽ സൺറൈസേഴ്സിൻ്റെ താരമായ വാർണർ കഴിഞ്ഞ 6 സീസണിലും ടീമിൻ്റെ ടോപ്പ് സ്കോറർ ആയിരുന്നു. നാല് സീസണുകളിൽ ടീമിനെ നയിച്ച താരം ഒരു തവണ കിരീടവും നേടിക്കൊടുത്തു. ഒരു സീസണിൽ ടീമിനെ ഫൈനൽ വരെയെത്തിക്കാനും താരത്തിനു സാധിച്ചു. ഈ സീസണിൽ ടീമിൻ്റെ ക്യാപ്റ്റൻ ആയിരുന്നെങ്കിലും ആദ്യ 6 മത്സരങ്ങളിൽ ഒന്ന് മാത്രം വിജയിക്കാൻ കഴിഞ്ഞതോടെ താരത്തെ മാറ്റി കെയിൻ വില്ല്യംസണെ ക്യാപ്റ്റനാക്കുകയായിരുന്നു. ഇതോടെ ടീമിൽ നിന്നും വാർണർ പുറത്തായി. രണ്ടാം പാദത്തിലെ ആദ്യ രണ്ട് മത്സരങ്ങളിൽ വാർണർ കളിച്ചെങ്കിലും മോശം ഫോം തുടർന്നതോടെ വീണ്ടും പുറത്ത്. സീസണിൽ 8 മത്സരങ്ങളിൽ നിന്ന് 195 റൺസ് മാത്രമേ വാർണറിന് നേടാനായുള്ളൂ.
വെറും 3 ജയവും 6 പോയിൻ്റുമായി പോയിൻ്റ് പട്ടികയിൽ അവസാന സ്ഥാനത്തായിരുന്നു സൺറൈസേഴ്സ്. ടീമിൻ്റെയും തൻ്റെയും മോശം പ്രകടനങ്ങൾക്ക് പിന്നാലെ വരുന്ന സീസണിൽ തന്നെ ഫ്രാഞ്ചൈസി നിലനിർത്തിയേക്കില്ലെന്ന് വാർണർ സൂചിപ്പിച്ചിരുന്നു. വരുന്ന സീസണിൽ പുതിയ ഏതെങ്കിലും ഫ്രാഞ്ചൈസിയെ നയിച്ചേക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Story Highlights : sunrisers hyderabad david warner
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here