27
Jan 2022
Thursday

2022ലെ ആദ്യ മത്സരത്തിനൊരുങ്ങി ബ്ലാസ്റ്റേഴ്സ്; എതിരാളികൾ എഫ്സി ഗോവ

kerala blasters goa isl

2022ലെ ആദ്യ മത്സരത്തിനായി ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങും. കരുത്തരായ എഫ്സി ഗോവയാണ് ബ്ലാസ്റ്റേഴ്സിൻ്റെ എതിരാളികൾ. ഗോവ തിലക് മൈതാനിൽ രാത്രി 7.30നാണ് മത്സരം. തുടർച്ചയായ 7 മത്സരങ്ങളിൽ പരാജയമറിയാതെ തകർപ്പൻ ഫോമിലാണ് ബ്ലാസ്റ്റേഴ്സ്. ഉദ്ഘാടന മത്സരത്തിൽ എടികെയോട് പരാജയപ്പെട്ടതിനു ശേഷം ബ്ലാസ്റ്റേഴ്സ് പിന്നീട് പരാജയമറിഞ്ഞിട്ടില്ല. ഐഎസ്എൽ ചരിത്രത്തിലെ തന്നെ ബ്ലാസ്റ്റേഴ്സിൻ്റെ ഏറ്റവും മികച്ച അൺബീറ്റൺ റൺ ആണിത്. (kerala blasters goa isl)

8 മത്സരങ്ങളിൽ 3 ജയം സഹിതം 13 പോയിൻ്റുള്ള ബ്ലാസ്റ്റേഴ്സ് പോയിൻ്റ് പട്ടികയിൽ അഞ്ചാമതാണ്. ഇന്നത്തെ മത്സരത്തിൽ വിജയിച്ചാൽ മുംബൈ സിറ്റിക്കൊപ്പം പോയിൻ്റ് ടേബിളിൽ ഒന്നാമതെത്താൻ ബ്ലാസ്റ്റേഴ്സിനു കഴിയും. ഗോവയാവട്ടെ, സീസണിൽ ആകെ രണ്ട് മത്സരങ്ങൾ മാത്രമേ വിജയിച്ചിട്ടുള്ളൂ.

Read Also : ബ്ലാസ്റ്റേഴ്സിന് ഇതും വശമുണ്ടോ?; ട്രെയിനിങ് ഗ്രൗണ്ടിൽ ക്രിക്കറ്റ് കളിച്ച് താരങ്ങൾ: വിഡിയോ

9ആം സ്ഥാനത്തുള്ള ഗോവയുടെ മോശം ഫോം മുതലെടുത്ത് കളി ജയിക്കുകയാവും ബ്ലാസ്റ്റേഴ്സിൻ്റെ ലക്ഷ്യം. സീസണിൽ ഗോവയുടെ പ്രകടനം അത്ര ആശാവഹമല്ലെങ്കിലും മികച്ച ടീം തന്നെയാണ് അവർക്കുള്ളത്. അതുകൊണ്ട് തന്നെ ബ്ലാസ്റ്റേഴ്സിൻ്റെ പോരാട്ടം എളുപ്പമാവില്ല. ഹൈ പ്രസിംഗ് ഗെയിം ശൈലിയുള്ള ബ്ലാസ്റ്റേഴ്സ് അതേ ശൈലിയുള്ള ടീമിനോട് ഏറ്റുമുട്ടുമ്പോൾ പതറുന്നുണ്ട്. ഡിഫൻസ് ഷേപ്പ് നഷ്ടപ്പെടുന്ന പ്രവണതയ്ക്ക് എത്രയും വേഗം പരിഹാരം കണ്ടെത്തുകയെന്നത് അത്യാവശ്യമാണ്.

ആൽവാരോ വാസ്കസ്, അഡ്രിയാൻ ലൂണ, പെരേര ഡിയാസ് എന്നീ വിദേശ താരങ്ങൾ ആക്രമണത്തിൻ്റെ ചുമതല വഹിക്കുന്നതാണ് സീസണിൽ ബ്ലാസ്റ്റേഴ്സിൻ്റെ കുതിപ്പിനു കാരണം. ഗോളടിക്കാനും അടിപ്പിക്കാനും അവർ മുന്നിട്ടിറങ്ങുന്നു. ഇവർക്കൊപ്പം സഹലിൻ്റെ ഫിനിഷിംഗും ബ്ലാസ്റ്റേഴ്സിനു ഗുണം ചെയ്യുന്നുണ്ട്. കൃത്യമായ പൊസിഷനിംഗ് ആണ് പലപ്പോഴും സഹലിന് ഗോളവസരം തുറന്നുനൽകിയത്. സീസണിൽ 4 ഗോളുകളുമായി ക്ലബിൻ്റെ ടോപ്പ് സ്കോററാണ് മലയാളി താരം.

ജീക്സണും പുയ്തിയയും മധ്യനിരയിൽ നന്നായി കളിക്കുന്നു. മധ്യനിരയിൽ ശ്രദ്ധ ചെലുത്തുന്നതിനൊപ്പം പ്രതിരോധത്തിലും അവർ കൃത്യമായ ഇടപെടൽ നടത്തുന്നുണ്ട്. പ്രതിരോധത്തിൽ ലെസ്കോവിച്ചിൻ്റെ സാന്നിധ്യം നിർണായകമാണ്. ഫിസിക്കൽ ഡ്യുവലുകളിലും ഏരിയൽ ബോളിലുമൊക്കെ ലെസ്കോവിച്ച് ആധിപത്യം പുലർത്തുന്നുണ്ട്. യുവതാരം ഹോർമിപോം, ജെസൽ, ഖബ്ര എന്നിവരും പ്രതിരോധത്തിൽ മികച്ചുനിൽക്കുന്നു. ക്രോസ്ബാറിനു കീഴിൽ ഗില്ലിൻ്റെ ചോരാത്ത കൈകളും ടീമിൻ്റെ പ്രകടനത്തിൽ നിർണായകമാവുന്നുണ്ട്.

Story Highlights : kerala blasters fc goa isl

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top