‘കോറോ ജംഷഡ്പൂരിലേക്കില്ല’; വെളിപ്പെടുത്തലുമായി പരിശീലകൻ

ഇന്ത്യൻ സൂപ്പർ ലീഗിലെ ഏറ്റവും മികച്ച വിദേശ താരങ്ങളിൽ ഒരാളായ ഫെറാൻ കോറോമിനസ് ഐഎസ്എലിലേക്ക് തിരികെയെത്തിയേക്കുമെന്ന് ചില അഭ്യൂഹങ്ങൾ ഉയർന്നിരുന്നു. എടികെ മോഹൻബഗാനോ ജംഷഡ്പൂർ എഫ്സിയോ താരത്തെ ടീമിലെത്തിച്ചേക്കുമെന്നായിരുന്നു അഭ്യൂഹങ്ങൾ. എന്നാൽ, താരം ജംഷഡ്പൂരിലെത്തില്ലെന്നാണ് പരിശീലകൻ ഓവൻ കോയൽ വെളിപ്പെടുത്തുന്നത്. കഴിഞ്ഞ ദിവസം ചെന്നൈയിൻ എഫ്സിക്കെതിരായ മത്സരത്തിനു ശേഷമാണ് കോയൽ മനസ്സുതുറന്നത്.
“ഈ അഭ്യൂഹങ്ങളൊന്നും സത്യമല്ല. കോറോ വളരെ മികച്ച കളിക്കാരനാണ്. വർഷങ്ങളായി ഞാൻ അദ്ദേഹത്തിന്റെ പ്രകടനത്തെ മതിപ്പോടെ കാണുന്നു. പക്ഷെ ഇപ്പോൾ പുറത്തുവരുന്ന ഈ കഥകളൊന്നും അടിസ്ഥാനവുമില്ലാത്തതാണ്. കോറോയോട് നേരിട്ടോ അല്ലെങ്കിൽ കോറോയുടെ കാര്യത്തിൽ മറ്റോരോടോ ഞങ്ങളിതുവരെ സംസാരിച്ചിട്ടില്ല. ആ കഥകൾ എവിടെനിന്ന് വന്നു എന്നെനിക്കറിയില്ല. പക്ഷേ, ഞങ്ങൾ പുതിയ താരങ്ങൾക്കായി ശ്രമിക്കുന്നുണ്ട്.”- കോയൽ പറഞ്ഞു.
എഫ്സി ഗോവയുടെ താരമായി മൂന്ന് സീസൺ കളിച്ച കോറോ ലീഗിൽ ഏറ്റവുമധികം ഗോൾ നേടിയ താരമാണ്. 57 മത്സരങ്ങളിൽ നിന്ന് 48 തവണയാണ് 38കാരനായ താരം എതിരാളികളുടെ ഗോൾ വല ചലിപ്പിച്ചത്. 2017 മുതൽ 2020 വരെയാണ് കോറോ ഗോവയിൽ കളിച്ചത്. 2020 സീസണു ശേഷം ഇന്ത്യ വിട്ട താരം നിലവിൽ സ്പെയിനിലെ അത്‌ലറ്റികോ ബലേറസുമായി കരാർ ഒപ്പിട്ടു.
Story Highlights : coro jamshedpur fc owen coyle
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here