ട്രെയിനിൽ യുവാവിനെ പൊലീസ് മർദിച്ച സംഭവം; എഎസ്ഐക്കെതിരെ അച്ചടക്ക നടപടി

ട്രെയിനിൽ യുവാവിനെ പൊലീസ് മർദിച്ച സംഭവത്തിൽ എഎസ്ഐക്കെതിരെ അച്ചടക്ക നടപടി. എഎസ്ഐ എംസി പ്രമോദിനെ റെയിൽവേയിൽ നിന്ന് മാറ്റും. ഇയാൾക്കെതിരെ റെയിൽവേ എസ്പി അന്വേഷണത്തിന് ഉത്തരവിട്ടു. ഇന്നലെയാണ് ട്രെയിനിൽ ടിക്കറ്റ് ഇല്ലാതെ യാത്ര ചെയ്തെന്ന പേരിൽ യുവാവിനെ പൊലീസ് ക്രൂരമായി മർദ്ദിച്ചത്.
സംഭവത്തിൽ മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തിരുന്നു. ഒരാഴ്ചയ്ക്കകം റിപ്പോർട്ട് നൽകാൻ കണ്ണൂർ സിറ്റി പൊലീസ് കമ്മിഷണർക്ക് നിർദേശം നൽകി. കണ്ണൂർ ക്രൈംബ്രാഞ്ച് എസിപിക്കാണ് കേസിന്റെ അന്വേഷണ ചുമതല. റെയിൽവേ പൊലീസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
സംഭവത്തിൽ പാലക്കാട് ഡിവിഷണൽ മാനേജർക്ക് ടിടിഇ കുഞ്ഞഹമ്മദ് റിപ്പോർട്ട് കൈമാറി. പൊലീസ് ഇടപെട്ടത് യാത്രക്കാരായ സ്ത്രീകളുടെ പരാതിയെ തുടർന്നെന്ന് റിപ്പോർട്ടിൽ പറയുന്നു. യാത്രക്കാരൻ മദ്യപിച്ചിരുന്നെന്നും ട്രെയിനിൽ പ്രശ്നങ്ങളുണ്ടാക്കിയെന്നും ചൂണ്ടിക്കാട്ടി ഒരു സ്ത്രീ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. യാത്രക്കാരൻ മദ്യപിച്ചെന്ന് പൊലീസും ആരോപിച്ചു.
സ്ലീപ്പർ ടിക്കറ്റില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് മാവേലി എക്സ്പ്രസിൽ വെച്ച് യാത്രക്കാരെ ബൂട്ടിട്ട് പൊലീസ് ചവിട്ടിയത്. ഇന്നലെയായിരുന്നു സംഭവം. മർദന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ പൊലീസ് അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. മർദനത്തിനിടെ ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ വാതിൽക്കലേക്ക് യാത്രക്കാരനെ ചവിട്ടി മാറ്റുന്നതും ദൃശ്യങ്ങളിൽ കാണാം. ദൃശ്യങ്ങൾ പുറത്തായതോടെ മോശമായി പെരുമാറിയിട്ടില്ലെന്ന വിശദീകരണവുമായി എഎസ്ഐ പ്രമോദ് രംഗത്തെത്തി.
Story Highlights : police brutality train update
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here