ക്രൊയേഷ്യയിൽ പരുക്കേറ്റ് വലഞ്ഞ് ജിങ്കൻ; ഇന്ത്യയിലേക്ക് തിരികെയെത്തുന്നു എന്ന് റിപ്പോർട്ട്

കേരള ബ്ലാസ്റ്റേഴ്സിൻ്റെയും എടികെ മോഹൻബഗാൻ്റെയും മുൻ താരം സന്ദേശ് ജിങ്കൻ ഇന്ത്യൻ സൂപ്പർ ലീഗിലേക്ക് തിരികെ എത്തുന്നു എന്ന് റിപ്പോർട്ട്. 2021 ഓഗസ്റ്റിൽ ക്രൊയേഷ്യൻ ഒന്നാം നിര ക്ലബായ എച്ച്എൻകെ സിബെനിക്കുമായി കരാറൊപ്പിട്ട ജിങ്കൻ ഇതുവരെ ക്ലബിനായി അരങ്ങേറിയിട്ടില്ല. പരുക്കും ഫിറ്റ്നസ് പ്രശ്നങ്ങളുമാണ് ജിങ്കൻ്റെ അരങ്ങേറ്റം വൈകിക്കുന്നത്. അതുകൊണ്ട് തന്നെ താരം തിരികെ ഇന്ത്യയിലെത്താനുള്ള ശ്രമത്തിലാണെന്നാണ് സൂചന.
മുൻ ക്ലബ് എടികെ മോഹൻബഗാൻ തന്നെയാവും ജിങ്കനെ ടീമിലെത്തിക്കുക. സിബെനിക്കിൽ നിന്ന് വായ്പാടിസ്ഥാനത്തിലാവും ജിങ്കൻ്റെ വരവ്. ജനുവരി താരക്കൈമാറ്റ ജാലകത്തിൽ തന്നെ ജിങ്കൻ്റെ തിരിച്ചുവരവ് ഉണ്ടാവുമെന്നും സൂചനയുണ്ട്. അഞ്ച് മാസത്തെ കാലാവധിയിലാവും ജിങ്കൻ്റെ തിരിച്ചുവരവ്.
2020 ൽ ബ്ലാസ്റ്റേഴ്സിൽ നിന്ന് റെക്കോർഡ് തുകക്ക് എടികെ മോഹൻ ബഗാനിലെത്തിയ താരം കഴിഞ്ഞ വർഷമാണ് സിബെനിക്കിലേക്ക് ചേക്കേറിയത്. ഒരു വർഷത്തേക്കാണ് ജിങ്കനുമായി സിബെനിക്ക് കരാർ ഒപ്പിട്ടിരിക്കുന്നത്. ആവശ്യമെങ്കിൽ ഒരു വർഷത്തേക്ക് കൂടി കരാർ നീട്ടാനും സാധിക്കും.
Story Highlights : sandesh jhingan back to isl
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here