Advertisement

കർണാടക കോളജിൽ ശിരോവസ്ത്രത്തിന് വീണ്ടും വിലക്ക്; ഹിജാബ് ധരിച്ചെത്തിയ വിദ്യാർത്ഥിനികളെ പുറത്താക്കി

January 4, 2022
Google News 1 minute Read

കർണാടകയിലെ കോളജിൽ വീണ്ടും ശിരോവസ്ത്രത്തിനു വിലക്ക്. ചിക്കമഗളുരു സർക്കാർ കോളജിലാണ് ഹിജാബിനു വിലക്കേർപ്പെടുത്തിയത്. ക്യാമ്പസിൽ ഹിജാബണിഞ്ഞെത്തിയ അഞ്ച് വിദ്യാർത്ഥിനികളെ പ്രിൻസിപ്പൽ പുറത്താക്കി. കാവി ഷാൾ ധരിച്ച് ഏതാനും വിദ്യാർത്ഥികൾ കോളജിൽ എത്തുകയും മുസ്ലിം വിദ്യാർത്ഥിനികൾ ശിരോവസ്ത്രം അണിഞ്ഞാൽ തങ്ങൾ ഈ ഷാൾ അണിയുമെന്ന് അറിയിക്കുകയും ചെയ്തു. ഇതേ തുടർന്നായിരുന്നു നടപടി.

ക്യാമ്പസിൽ മറ്റെവിടെ വേണമെങ്കിലും ശിരോവസ്ത്രം അണിയാമെന്നും ക്ലാസിൽ കയറുമ്പോൾ ഹിജാബ് അഴിച്ചുവെക്കണം എന്നുമാണ് കോളജ് അധികൃതർ വിദ്യാർത്ഥിനികൾക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്. രണ്ട് വർഷങ്ങൾക്കിടെ രണ്ടാം തവണയാണ് ഹിജാബിനെതിരെ ഒരു സംഘം വിദ്യാർത്ഥികൾ രംഗത്തുവരുന്നത്. കഴിഞ്ഞ വർഷം, ഹിജാബ് ധരിക്കുന്ന വിദ്യാർത്ഥിനികൾക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കണമെന്ന് ഇവർ ആവശ്യപ്പെട്ടിരുന്നു. ശിരോവസ്ത്രം യൂണിഫോം കോഡിനു വിരുദ്ധമാണെന്നാണ് ഇവർ മുന്നോട്ടുവെക്കുന്ന വാദം.

ഏതാനും ദിവസങ്ങൾക്കു മുൻപ് ഉഡുപ്പി സർക്കാർ വനിതാ കോളജിലും ഹിജാബുമായി ബന്ധപ്പെട്ട് പ്രശ്നമുണ്ടായിരുന്നു. ഹിജാബ് ധരിച്ചെത്തിയ മുസ്ലിം വിദ്യാർത്ഥിനികളെ ക്ലാസിൽ കയറ്റാതെ പുറത്താക്കിയത് പ്രതിഷേധങ്ങൾക്കിടയായി. പിന്നീട് കളക്ടർ ഇടപെട്ട് ഇവർക്ക് ക്ലാസിൽ കയറാൻ അനുമതി നൽകി. മൂന്ന് ദിവസമാണ് വിദ്യാർത്ഥിനികൾക്ക് കോളജിൽ പ്രവേശനം നിഷേധിച്ചത്.

കോളജ് ക്യാമ്പസിനകത്ത് അറബിയും ഉറുദുവും ബ്യാരി ഭാഷയും സംസാരിക്കരുതെന്നും ഉഡുപ്പി കോളജ് പ്രിൻസിപ്പൽ ഉത്തരവിട്ടിരുന്നു. ഹിന്ദി, കന്നഡ, കൊങ്കിണി, തുളു ഭാഷകളിൽ മാത്രമേ കോളജ് വളപ്പിൽ സംസാരിക്കാൻ പാടുള്ളൂ എന്നായിരുന്നു ഉത്തരവ്. ഇതും വിവാദമായി. രണ്ട് വിഷയങ്ങളിലും കോളജ് അധികൃതരുമായി രക്ഷിതാക്കൾ ചർച്ച നടത്തിയെങ്കിലും തീരുമാനം ആയിട്ടില്ല.

Story Highlights : hijab banned karnataka college

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here