ഇനി എല്ലാത്തിനും കണക്കുവെയ്ക്കും; വരുന്നു ഭൂമിയ്ക്കും ഒരു “ബ്ലാക്ക് ബോക്സ്”…

ശാസ്ത്രത്തിന്റെ വളർച്ച ഞൊടിയിടയിലാണ്. നമുക്ക് വിദൂരമായി തോന്നിയിരുന്ന പല സാങ്കേതിക വിദ്യകളും ഇന്ന് നമുക്ക് ഒപ്പമുണ്ട്. എത്തിപ്പെടാൻ സാധിക്കില്ലെന്ന് കരുതിയ ഉയരങ്ങളിൽ പോലും ഇന്ന് മനുഷ്യ സാനിധ്യം നമ്മൾ അടയാളപെടുത്തി കഴിഞ്ഞു. ഇനി പരിചയപെടുത്താൻ പോകുന്നതും അങ്ങനെയൊരു നേട്ടത്തെ കുറിച്ചാണ്. ബ്ലാക് ബോക്സിനെ കുറിച്ച് കേട്ടിട്ടില്ലേ? വിമാനം, ഹെലികോപ്റ്റർ അപകടങ്ങൾ സംഭവിക്കുമ്പോൾ സാധാരണയായി വാർത്തകളിൽ നിറഞ്ഞു നിൽക്കുന്ന പേരാണ് ബ്ലാക് ബോക്സ് എന്നത്. എന്നാൽ ഇവിടെ പരിചയപ്പെടുത്തുന്നത് വിമാനത്തിന്റെയല്ല, ഭൂമിയുടെ ബ്ലാക്ക് ബോക്സിനെ കുറിച്ചാണ്. അതെ ഭൂമിക്കും വരുന്നു “ബ്ലാക്ക് ബോക്സ്”. ഇനി മുതൽ ഭൂമിയിലുണ്ടാകുന്ന മാറ്റങ്ങളും കാലാവസ്ഥ സംബന്ധിച്ച വിവരങ്ങളും അതിന് മനുഷ്യർ സ്വീകരിക്കുന്ന പ്രതിരോധ പ്രവർത്തനങ്ങളുമെല്ലാം ഈ ബ്ലാക്ക് ബോക്സിൽ രേഖപ്പെടുത്തി വയ്ക്കും.
എന്താണ് ബ്ലാക്ക് ബോക്സ് ?
ബ്ലാക്ക് ബോക്സിനെ നമുക്ക് പരിചയം വിമാനങ്ങളുമായി ബന്ധപ്പെട്ടാണ്. വിമാനങ്ങളിലെ വിവരങ്ങൾ രേഖപ്പെടുത്തുന്ന ഒരു ഫ്ലൈറ്റ് ഡാറ്റാ റെക്കോർഡർ ആണ് ബ്ലാക്ക് ബോക്സ്. വിമാനത്തിന്റെ യാത്രയെ സംബന്ധിക്കുന്ന വിവരങ്ങളാണ് ഇതിൽ സൂക്ഷിക്കുന്നത്. വിമാനത്തിന്റെ വേഗം, ഉയരം, പ്രവർത്തനം, സ്ഥാനം തുടങ്ങിയ എല്ലാ വിവരങ്ങളും ഇതിലുണ്ടാകും. വിമാന അപകടങ്ങളുടെ അന്വേഷണങ്ങൾക്കാണ് പ്രധാനമായും ബ്ലാക്ക് ബോക്‌സ് പരിശോധിക്കുന്നത്. കൂടാതെ മറ്റ് സുരക്ഷാ വസ്തുക്കളുടെ പരാജയം, എൻജിന്റെ പ്രവർത്തനം തുടങ്ങിയ കാര്യങ്ങൾ വിശകലനം ചെയ്യുന്നതിനും ഇതുപയോഗിക്കുന്നു. വിമാന അപകടങ്ങളെ കുറിച്ചുള്ള അന്വേഷണത്തിലെ ഇതിന്റെ പ്രാധാന്യം കാരണം ഈ ഉപകരണം ശക്തമായ ആഘാതങ്ങൾ, അഗ്നി തുടങ്ങിയവയെ അതിജീവിക്കാൻ പ്രാപ്തമാക്കുന്ന ശക്തമായ കവചത്തിലാണ് നിർമ്മിക്കുന്നത്.
ബ്ലാക്ക് ബോക്സ് ആവശ്യകത
എന്തിനാണ് ഭൂമിക്ക് ബ്ലാക്ക് ബോക്സ് എന്ന് കരുതുന്നുണ്ടോ? ഭൂമിയുടെ നിലനിൽപിനെ ബാധിക്കുന്നതും സംഭവിക്കാനിരിക്കുന്ന പ്രകൃതി ദുരന്തങ്ങളെ കുറിച്ചും നിരവധി മുന്നറിയിപ്പുകൾ ഗവേഷകർ നൽകുന്നുണ്ട്. ഭൂമിയിൽ സംഭവിച്ച് കൊണ്ടിരിക്കുന്ന അപകടകരമാം മാറ്റങ്ങൾ വിരൽ ചൂണ്ടുന്നതും ഇതിലേക്ക് തന്നെയാണ്. ഭൂമിയെയും അതിനൊപ്പം മനുഷ്യരെയും സംരക്ഷിക്കാൻ സ്വയ രക്ഷയ്ക്കുള്ള വഴികൾ തേടുകയാണ് മനുഷ്യർ. ഇതിനുവേണ്ടി കൈക്കൊള്ളുന്ന കാലാവസ്ഥയുമായി ബന്ധപ്പെട്ടെടുക്കുന്ന എല്ലാ തീരുമാനങ്ങളും പ്രവർത്തികളും ഇനി എർത്ത് ബ്ലാക്ക് ബോക്സിൽ രേഖപ്പെടുത്തണം.
പ്രത്യേകതകൾ
ബാറ്ററി സ്റ്റോറേജിനും സോളാർ പാനലുകൾ ഘടിപ്പിക്കുന്നതിനും സൗകര്യമുള്ള ഒരു ബസ്സിനോളം വലുപ്പത്തിലുള്ള സാങ്കേതിക വിദ്യയാണ് ബ്ലാക്ക് ബോക്സ്. എത്ര വലിയ പ്രകൃതി ദുരന്തങ്ങൾ സംഭവിച്ചാൽ പോലും അതിനെ മറികടക്കാൻ സാധ്യമാകുന്ന തരത്തിലാണ് ഇതിന്റെ നിർമ്മാണം. കാലമെത്ര കഴിഞ്ഞാലും കാലാവസ്ഥയിലുണ്ടാകുന്ന ഓരോ മാറ്റങ്ങളും ഇതിൽ കൃത്യമായി ശേഖരിക്കും.
ഓസ്ട്രേലിയയിലെ ടാസ്മാനിയ എന്ന ദ്വീപിലെ ഒരു വിജനമായ പ്രദേശത്ത് ഭൂമിയുടെ ബ്ലാക്ക് ബോക്സ് സ്ഥാപിക്കാനാണ് ഇപ്പോള്‍ പദ്ധതിയിട്ടിരിക്കുന്നത്. 2022 ല്‍ പദ്ധതി പൂർത്തിയാക്കാനാണ് തീരുമാനം. ഭൂമിയ്ക്ക് ബ്ലാക്ക് ബോക്സ് സ്ഥാപിക്കുന്നതിലൂടെ നിലവിലുള്ള പ്രശ്നങ്ങളും ഒപ്പം വരുംകാല മനുഷ്യർക്ക് ഭൂമിയുടെ ആദ്യകാല അവസ്ഥ അറിയാനും വിശകലനം ചെയ്യാനും കഴിയും.
ഭൂമിയുടെ ആരോഗ്യത്തെക്കുറിച്ചുള്ള ഒരു സ്വതന്ത്ര കണക്കുപുസ്തകമായിരിക്കും ബ്ലാക്ക് ബോക്സ് എന്ന് ഈ പ്രൊജക്റ്റില്‍ ഉള്‍പ്പെടുന്ന ഗ്ലൂ സൊസൈറ്റിയുടെ ഡയറക്ടറായ ജൊനാഥന്‍ നീബോണ്‍ പറയുന്നു. സ്‌കോട്ലന്റിലെ ഗ്ലാസ്ഗോവില്‍ നടന്ന ലോക കാലാവസ്ഥാ ഉച്ചകോടിയോടെ ഈ ബ്ലാക്ക് ബോക്സിലേക്കുള്ള റെക്കോര്‍ഡിങ്ങുകളും സൂക്ഷിക്കാന്‍ തുടങ്ങിയിട്ടുണ്ട്. അതിനായുള്ള റെക്കോര്‍ഡിങ് അല്‍ഗോരിതം ഹാര്‍ഡ് ഡ്രൈവുകളില്‍ റെക്കോര്‍ഡ് ചെയ്തു തുടങ്ങി കഴിഞ്ഞു.
എർത്ത് ബ്ലാക്ക് ബോക്സിന്റെ പ്രവർത്തനം
ടാസ്മാനിയ സര്‍വ്വകലാശാലയിലെ ഒരു കൂട്ടം ഗവേഷകരാണ് ഭൂമിയുടെ ബ്ലാക്ക് ബോക്‌സിന് പിന്നിൽ പ്രവർത്തിക്കുന്നത്. ഗവേഷകർ പറയുന്നതിനനുസരിച്ച്, ഭൂമിയുടെ കാലാവസ്ഥ വിപത്തിനെതിരെ മനുഷ്യൻ നടത്തുന്ന ഓരോ പ്രവർത്തനവും ഇതിൽ രേഖപ്പെടുത്തും. ഇതിനായി അനേകം ഡാറ്റാ സെറ്റുകളിൽ കാലാവസ്ഥ വിവരങ്ങൾ ശേഖരിച്ച്, തിട്ടപ്പെടുത്തി ഭാവിയിലേക്ക് വേണ്ടി സൂക്ഷിച്ച് വെയ്ക്കാനുള്ള സൗകര്യവും ഇതിനകത്തുണ്ട്. കാലാവസ്ഥ സംബന്ധിച്ച വിവരങ്ങൾ മാത്രമല്ല, കരയിലെയും കടലിലെയും താപനിലയിലുണ്ടാകുന്ന മാറ്റങ്ങള്‍, കഴിഞ്ഞുപോയതും നിലവിലുള്ളതും വരാനിരിക്കുന്നതും ഉള്‍പ്പെടെ, സമുദ്രത്തിലെ അമ്ലീകരണം, മനുഷ്യ ജനസംഖ്യ, അന്തരീക്ഷത്തിലെ ഹരിതഗൃഹ വാതകങ്ങളുടെ അളവ്, ഊര്‍ജ ഉപയോഗം, നയരൂപീകരണങ്ങളും മാറ്റങ്ങളും എന്നു തുടങ്ങി എല്ലാം ഈ ബ്ലാക്ക് ബോക്സില്‍ റെക്കോര്‍ഡ് ചെയ്യപ്പെടും.
ബ്ലാക്ക് ബോക്സിനകത്തുള്ള സ്റ്റോറേജ് ഡ്രൈവുകളിൽ നിന്ന് ഇന്റർനെറ്റ് ഉപയോഗിച്ച് വിവരങ്ങൾ ഡൗൺലോഡ് ചെയ്യാം. വരുന്ന അഞ്ച് ദശകങ്ങളിലേക്കുള്ള ഡാറ്റ ശേഖരണം സാധ്യമാക്കുന്ന രീതിയിലാണ് ആദ്യഘട്ട പ്രവർത്തനം നടക്കുന്നത്. എന്നാൽ വരും കാലം കൂടുതൽ ഡാറ്റ സൂക്ഷിക്കാന്‍ കഴിയുന്ന തരത്തില്‍ ബ്ലാക്ക് ബോക്സിന്റെ സ്റ്റോറേജ് വര്‍ദ്ധിപ്പിക്കാന്‍ ആകുമോ എന്നതിൽ ഗവേഷണം നടത്തിവരുകയാണ്. ബ്ലാക്ക് ബോക്സിന്റെ പ്രവർത്തനം ആക്ടിവേറ്റ് ചെയ്ത് കഴിഞ്ഞാൽ ഒരു ഓൺലൈൻ മാധ്യമത്തിലൂടെ ഇതിൽ നിന്ന് വരുന്ന വിവരങ്ങൾ ലഭ്യമാക്കുന്ന തരത്തിലാണ് ഗവേഷകർ പദ്ധതിയിടുന്നത്.
Story Highlights : Earth’s Getting A ‘Black Box’ To Record Planet’s Death By Climate Change
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here