നീതു എത്തിയത് ഡോക്ടറെന്ന വ്യാജേന; മുൻപും ഇവിടെയൊക്കെ കണ്ടിട്ടുണ്ട്: പ്രതികരിച്ച് അമ്മ

കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്ന് കുഞ്ഞിനെ കടത്തിക്കൊണ്ടുപോയ സംഭവത്തിൽ പ്രതികരണവുമായി അമ്മ. മഞ്ഞ നിറം പരിശോധിച്ചിട്ട് തിരികെ നൽകാമെന്ന വ്യാജേനയാണ് കുഞ്ഞിനെ കൊണ്ടുപോയതെന്ന് അമ്മ പറഞ്ഞു. ഡോക്ടർ എന്ന വ്യാജേനയാണ് തന്നെ അവർ സമീപിച്ചതെന്നും അമ്മ പ്രതികരിച്ചു. (child abduction mother response)
“ഡോക്ടർമാരെപ്പോലെ വെള്ളക്കോട്ടൊക്കെ ഇട്ടിരുന്നു. മുൻപ് ഇവരെ കണ്ടിട്ടുണ്ട്. ആ ഒരു ഉറപ്പിലാണ് കുഞ്ഞിനെ കൊടുത്തത്. അവർ വന്ന് കുഞ്ഞിൻ്റെ കേസ് ഷീറ്റ് ചോദിച്ചു. കുഞ്ഞിൻ്റെ മഞ്ഞ നിറം നോക്കിയിട്ടില്ല, അതെന്താ നോക്കാത്തതെന്ന് അവർ ചോദിച്ചു. എന്നിട്ട് കുഞ്ഞിൻ്റെ കയ്യും കണ്ണുമൊക്കെ പരിശോധിച്ചു. കുഞ്ഞിനെ പരിശോധിച്ചിട്ട് തിരികെ തരാമെന്ന് പറഞ്ഞു. അവർ കുഞ്ഞിനെ കൊണ്ടുപോയി. മഞ്ഞനിറം നോക്കുന്നത് രണ്ടാം നിലയിലായിരുന്നു. പക്ഷേ, ഇവർ താഴേക്ക് പോയി. അപ്പോഴാണ് സംശയം തോന്നിയത്. ലിഫ്റ്റ് വഴി പോകാനാവുമെന്നാണ് കരുതിയത്. നഴ്സുമാരോട് ചോദിച്ചപ്പോൾ മറ്റാരെക്കൊണ്ടും കുഞ്ഞിനെ എടുപ്പിക്കില്ലെന്ന് പറഞ്ഞു. അപ്പോൾ സെക്യൂരിറ്റിക്കാരെ അറിയിച്ചു. കുഞ്ഞിനെ നീല ടർക്കിയിലാണ് പൊതിഞ്ഞുകൊടുത്തത്. തിരികെ ലഭിച്ചത് വയലറ്റ് ടർക്കിയിലായിരുന്നു. അത് കണ്ടപ്പോൾ കുഞ്ഞ് മാറിപ്പോയോ എന്ന് തോന്നിയിരുന്നു. പക്ഷേ, മുഖം കണ്ടപ്പോൾ മനസ്സിലായി.”- അമ്മ മാധ്യമങ്ങളോട് പ്രതികരിച്ചു.
Read Also : കുഞ്ഞിനെ തട്ടിയെടുത്തത് കാമുകനെ ബ്ലാക്ക് മെയിൽ ചെയ്യാൻ, പ്രതി നീതു; നിർണായക വിവരങ്ങൾ പുറത്ത്
കുഞ്ഞിനെ കടത്തിക്കൊണ്ടുപോയത് ബ്ലാക്ക്മെയിലിംഗിനെന്ന് പ്രതി നീതു അറിയിച്ചിരുന്നു. സുഹൃത്തിനെ ഭീഷണിപ്പെടുത്താനാണ് നവജാത ശിശുവിനെ തട്ടിയെടുത്തെന്ന് നീതു പറഞ്ഞു. ഇന്നലെ കസ്റ്റഡിയിലായ ഇബ്രാഹിം ബാദുഷ നീതുവിന്റെ കാമുകൻ ആണ്. ബാദുഷ വിവാഹ വാഗ്ദാനം നൽകി നീതുവിനെ വഞ്ചിച്ചു, മറ്റൊരു വിവാഹത്തിന് ശ്രമിച്ചു. തട്ടിയെടുത്ത കുഞ്ഞ് ഇബ്രാഹിന്റെ കുഞ്ഞാണെന്ന് വരുത്താൻ ആയിരുന്നു നീതുവിന്റെ ശ്രമമെന്ന് പൊലീസ് പറഞ്ഞു.
നീതുവിൽ നിന്ന് 30 ലക്ഷം രൂപയും സ്വർണ്ണവും ഇബ്രാഹിം വാങ്ങിയിരുന്നു. ഇത് തിരികെ വാങ്ങാൻ ആയിരുന്നു പദ്ധതി. ഇബ്രാഹിം ബാദുഷയുടെ സ്ഥാപനത്തിലായിരുന്നു നീതു ജോലിചെയ്തിരുന്നത്. പിന്നീട് ഇവർ രണ്ടുപേരും ചേർന്ന് മറ്റൊരു സ്ഥാപനം തുടങ്ങിയിരുന്നു.ഈ സമയത്താണ് കാമുകൻ പണം തട്ടിയത്.
പ്രതിയായ നീതു കുഞ്ഞിനെ ഒറ്റയ്ക്ക് തട്ടിയെടുത്തതാണെന്ന് കോട്ടയം എസ്.പി ഡി.ശിൽപ വ്യക്തമാക്കിയിരുന്നു.പിന്നിൽ മറ്റു റാക്കറ്റുകളോ ഒന്നും തന്നെയില്ല. തട്ടിക്കൊണ്ടു പോയ കുഞ്ഞുമായോ അവരുടെ കുടുംബാംഗങ്ങളുമായോ യുവതിക്ക് യാതൊരു ബന്ധവുമില്ലെന്നും എസ്.പി കൂട്ടിച്ചേർത്തു.പ്രതിയായ നീതുവിനെ പൊലീസ് ഇന്ന് ഏറ്റുമാനൂർ കോടതിയിൽ ഹാജരാക്കും.
Story Highlights : newborn child abduction mother response
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here