ചവറ് കമ്പി കൊണ്ട് മുഖ കവചം; പൊട്ടിയ ചിൻ സ്ട്രാപ്പ്; പൊലീസ് ഹെൽമെറ്റിന്റെ ശോചനീയാവസ്ഥ തുറന്നുകാട്ടി ഫേസ്ബുക്ക് പോസ്റ്റ്

സമരം, മാർച്ച്, പ്രക്ഷോഭങ്ങൾ…ഇവയിലുണ്ടാകുന്ന കല്ലേറും സംഘർഷങ്ങളും… ഒരു കൈയിൽ ലാത്തിയും, മറു കൈയിൽ ഷീൽഡുമേന്തി താഴെ നിരയിലുള്ള പൊലീസുകാരാകും മിക്കപ്പോഴും മുൻനിരയിൽ നിന്ന് ഇവയെ എല്ലാം നേരിടുന്നത്. പൊലീസുകാരുടെ ജീവന് പുല്ലുവില കൽപ്പിച്ച് മോശം ഗുണനിലവാരമുള്ള ഹെൽമെറ്റുകൾ വിതരണം ചെയ്ത നടപടി തുറന്നുകാട്ടുകയാണ് ഉമേഷ് വള്ളിക്കുന്ന് എന്ന പൊലീസ് ഉദ്യോഗസ്ഥൻ. ( umesh vallikkunnu about police helmet )
ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ഉമേഷ് വള്ളിക്കുന്നിന്റെ പ്രതികരണം. പൊലീസുകാർക്ക് വിതരണം ചെയ്ത ഹെൽമിറ്റിന്റെ മുഖ കവചം ചവറ് കമ്പികൊണ്ടാണ് നിർമിച്ചിരിക്കുന്നതെന്ന് ഉമേഷ് പറയുന്നു. ഒരു കല്ലെങ്ങാനും വന്നു വീണാൽ കമ്പി പൊട്ടി മുഖത്ത് കുത്തിക്കേറുമെന്ന് ഉറപ്പാണെന്നും ഉമേഷ് കുറിക്കുന്നു. ഹെൽമെറ്റ് തലയിൽ ഉറപ്പിക്കാനുള്ള ചിൻ സ്ട്രാപ്പും ആദ്യ ദിവസം തന്നെ പൊട്ടി കൈയിൽ വന്നു.
Read Also : തമിഴ്‌നാട്ടിൽ കൊലക്കേസ് പ്രതികളെ പൊലീസ് വെടിവച്ചുകൊന്നു
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം കാണാം :
ഇന്നലെ L&O ഡ്യൂട്ടിക്ക് കോഴിക്കോട് DHQ ആസ്ഥാനത്ത് നിന്ന് ഷീൽഡും ലാത്തിയും ഹെൽമെറ്റുമൊക്കെയായി ഉച്ചയ്ക്ക് പുറപ്പെട്ടു. കിട്ടിയത് പുതു പുത്തൻ ഹെൽമറ്റായിരുന്നു. വൈകുന്നേരം ഡ്യൂട്ടി തുടങ്ങിയപ്പോൾ തലയിൽ വച്ചപ്പോഴാണ് പണി കിട്ടിയതറിഞ്ഞത്. വിചിത്രമായ നിർമ്മിതി കാരണം മുന്നോട്ടു തൂക്കം കൂടുതലാണ്. കുറച്ചു നേരമല്ലേ, സഹിക്കാം എന്ന് കരുതി ചിൻസ്ട്രാപ്പ് ഇട്ടപ്പോൾ അത് കയ്യിൽ പോരുന്നു! അതോടെ സംഗതി തലയിൽ നിൽക്കാതായി. കയ്യിലെടുത്ത് വിശദമായി നോക്കിയപ്പോഴാണ് കനം കുറഞ്ഞ ചവറ് കമ്പികൊണ്ടാണ് മുഖ കവചം ഒപ്പിച്ചിട്ടുള്ളത്! ഒരു കല്ലെങ്ങാനും വന്നു വീണാൽ കമ്പി പൊട്ടി മുഖത്ത് കുത്തിക്കേറുമെന്ന് ഉറപ്പ്. പുതു പുത്തൻ സാധനമാണെങ്കിലും തുരുമ്പ് പിടിച്ചിരിക്കുന്നു പലയിടത്തും!
ഇതേ ടൈപ്പ് പുത്തൻ ഹെൽമെറ്റ് കിട്ടിയ സുഹൃത്തിനടുത്തു പോയി നോക്കി. പുള്ളിയും ഒരു കയ്യിൽ ഹെൽമെറ്റും മറുകയ്യിൽ ചിൻസ്ട്രാപ്പും പിടിച്ച് നിൽക്കുകയാൺ
പോലീസിലെ 18 കൊല്ലത്തെ സർവ്വീസിനിടയിലോ പുറത്തോ ഇതുപോലൊരു ലൊടുക്ക ഹെൽമെറ്റ് കണ്ടിട്ടില്ല. ISI മാർക്ക് പോയിട്ട് ഏതു കമ്പനിയുടേതാണെന്ന് വരെ പിടിയില്ല!
തൽക്കാലം ഡിപ്പാർട്ട്‌മെന്റ് ഹെൽമെറ്റ് അടുത്തുള്ള കടയിലേൽപ്പിച്ച്, അവരുടെ ബൈക്കിന്റെ ഹെൽമെറ്റ് കടം വാങ്ങി ഡ്യൂട്ടിയെടുത്തു.
എന്തായാലും ഡിപ്പാർട്ട്‌മെന്റിലെ താഴേക്കിടയിലുള്ളവരുടെ തല പണയം വെച്ച് പുട്ടടിക്കാൻ ഉളുപ്പില്ലാത്ത ആസ്ഥാന പർച്ചേസ് ടീമിലെ മേലാളന്മാർക്ക് നല്ല നമസ്‌കാരം. വാഴ്ക വളമുടൻ.
Story Highlights : umesh vallikkunnu about police helmet
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here