പ്രധാനമന്ത്രിയുടെ യാത്രക്കിടെയുണ്ടായ സുരക്ഷാ വീഴ്ച; പ്രത്യേക സമിതിയെ നിയോഗിച്ച് സുപ്രിംകോടതി

പ്രധാനമന്ത്രിയുടെ പഞ്ചാബ് യാത്രക്കിടെയുണ്ടായ സുരക്ഷാ വീഴ്ച പരിശോധിക്കാന്‍ പ്രത്യേക സമിതി രൂപീകരിച്ച് സുപ്രിംകോടതി. റിട്ട. സുപ്രിംകോടതി ജഡ്ജിയുടെ നേതൃത്വത്തിലാകും സമിതി. എന്‍ഐഎ ഡയറക്ടര്‍ ജനറലും പഞ്ചാബ് അഡീഷണല്‍ ഡിജിപിയും സമിതിയിലുണ്ടാകും.
വിഷയത്തില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ അന്വേഷണം നിര്‍ത്തിവയ്ക്കാന്‍ കോടതി നിര്‍ദേശിച്ചു. ഏകോപനമുള്ള ഒരന്വേഷണം വേണമെന്ന് കോടതി ആവശ്യപ്പെട്ടു. സമിതി രൂപീകരിച്ചുകൊണ്ടുള്ള ഉത്തരവ് ഉടനുണ്ടാകും.
കേസന്വേഷണത്തില്‍ പരസ്പരം പഴിചാരുന്ന സമീപനങ്ങളാണ് കേന്ദ്രവും പഞ്ചാബ് സര്‍ക്കാരും സ്വീകരിച്ചത്. സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് അപൂര്‍ണമെന്ന് കേന്ദ്രം കുറ്റപ്പെടുത്തി. അടിസ്ഥാന വസ്തുതകള്‍ പോലും റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നില്ല. ഉദ്യോഗസ്ഥരെ വെള്ളപൂശാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും കേന്ദ്രം ആരോപിച്ചിരുന്നു.
പഞ്ചാബിലെ ഫിറോസ്പൂര്‍ സന്ദര്‍ശന വേളയിലാണ് പ്രധാനമന്ത്രിയുടെ വാഹനവ്യൂഹനത്തിന് വലിയ സുരക്ഷാ വീഴ്ചയുണ്ടായത്. ഫിറോസ്പൂരിലെ റാലിയില്‍ പങ്കെടുക്കാനായി പ്രധാനമന്ത്രി ബട്ടിണ്ട വിമാനത്താവളത്തിലാണ് ആദ്യമെത്തിയത്. ദേശീയ രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പചക്രം അര്‍പ്പിക്കലായിരുന്നു നിശ്ചയിച്ചിരുന്ന ആദ്യ പദ്ധതി. എന്നാല്‍ മോശം കാലാവസ്ഥയെ തുടര്‍ന്ന് ഏറെ നേരം കാത്തിരുന്ന ശേഷം യാത്ര റോഡ് മാര്‍ഗമാക്കുകയായിരുന്നു.
Read Also : 4 സുപ്രീം കോടതി ജഡ്ജിമാർക്ക് കൊവിഡ്, 100-ലധികം ജീവനക്കാരും പോസിറ്റീവ്
രക്തസാക്ഷി മണ്ഡപത്തിന് 30 കിലോമീറ്റര്‍ അകലെ വെച്ച് പ്രതിഷേധക്കാര്‍ വാഹനവ്യൂഹത്തിന് മുന്നിലെ വാഹനം തടഞ്ഞു. തുടര്‍ന്ന് പ്രധാമന്ത്രി 20 മിനിറ്റോളം ഓവര്‍ബ്രിഡ്ജില്‍ കുടുങ്ങി. സുരക്ഷാ വീഴ്ചയുണ്ടായതോടെ പരിപാടികള്‍ നിര്‍ത്തലാക്കി ബട്ടിണ്ട വിമാനത്താവളത്തിലേക്ക് തിരിച്ച പ്രധാനമന്ത്രി സംസ്ഥാന സര്‍ക്കാരിനെതിരെ പരിഹാസമുയര്‍ത്തിയാണ് മടങ്ങിയത്
Story Highlights : supreme court
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here